പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇന്ന് സിയാച്ചിന്‍ സന്ദര്‍ശിക്കും

നിര്‍മ്മല സീതാരാമന്‍

ദില്ലി: പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇന്ന് സിയാച്ചിന്‍ സന്ദര്‍ശിക്കും. രണ്ട് ദിവസത്തെ കശ്മീര്‍ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് സിയാച്ചിനില്‍ എത്തുന്നത്. ഇന്നലെ കശ്മീരിലെത്തിയ മന്ത്രി സുരക്ഷാ സംവിധാനങ്ങള്‍ വിലയിരുത്തി. പ്രതിരോധമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള മന്ത്രിയുടെ ആദ്യ കശ്മീര്‍ സന്ദര്‍ശനമാണിത്. മന്ത്രിയുടെ സന്ദര്‍ശനത്തില്‍ കരസേന മേധാവി ബിപിന്‍ റാവത്ത് അനുഗമിക്കുന്നുണ്ട്.

കശ്മീര്‍ താഴ്‌വരയിലെ നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള സൈനിക പോസ്റ്റുകളില്‍ മന്ത്രി ഇന്നലെ സന്ദര്‍ശനം നടത്തി. കൂടാതെ ഇന്ത്യയും ചൈനയും തമ്മില്‍ അതിര്‍ത്തി പങ്കിടുന്ന നിയന്ത്രണരേഖയും മന്ത്രി സന്ദര്‍ശിച്ചു. മന്ത്രിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് പ്രദേശത്ത് വന്‍ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

പാകിസ്താന്‍ തുടര്‍ച്ചയായി അതിര്‍ത്തി ലംഘിച്ച് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ സന്ദര്‍ശനം. മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുന്ന പ്രതിരോധമന്ത്രി സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ചും ആരായും.

പാക് അധിനിവേശ കശ്മീരില്‍ കടന്ന് ഇന്ത്യ മിന്നലാക്രമണം നടത്തിയതിന്റെ ഒന്നാം വാര്‍ഷിക ദിനമായിരുന്നു ഇന്നലെ. സെപ്റ്റംബര്‍ 28ന് രാത്രിയില്‍ ആരംഭിച്ച് അടുത്ത ദിവസം പുലര്‍ച്ചെ വരെ നീണ്ട മിന്നലാക്രമണം ഇന്ത്യന്‍ സൈനിക ചരിത്രത്തിലെ മിന്നുന്ന അധ്യായമാണ്.

DONT MISS
Top