ശക്തമായ ടീം ആകാന്‍ വിദേശത്തും സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവയ്ക്കണമെന്ന് കോഹ്‌ലി

വിരാട് കോഹ്ലി

ബംഗളുരു: ഹോം മത്സരങ്ങളിലെ സ്ഥിരതയാര്‍ന്ന പ്രകടനം വിദേശ മണ്ണിലും ആവര്‍ത്തിക്കാന്‍ കഴിഞ്ഞെങ്കില്‍ മാത്രമേ ഇപ്പോഴത്തെ ടീം ഏകദിനത്തില്‍ ശക്തരാണെന്ന് പറയാന്‍ സാധിക്കുകയുള്ളൂവെന്ന് ഇന്ത്യന്‍ നായകന്‍ വിരാട്‌ കോഹ്‌ലി.  ഇപ്പോഴത്തെ ഇന്ത്യന്‍ ടീം എക്കാലത്തെയും മികച്ച ഏകദിന ടീമുകളില്‍ ഒന്നാണെന്ന് ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍ പറഞ്ഞതിന് പിന്നാലെയാണ് ഇന്ത്യന്‍ നായകന്റെ പ്രതികരണം.

”ഗവാസ്‌കറുടെ ഭാഗത്തുനിന്നുണ്ടായ പ്രതികരണത്തില്‍ സന്തോഷമുണ്ട്, കാരണം കഴിഞ്ഞ കുറെ വര്‍ഷങ്ങളായി നിരവധി ടീമിനെ കണ്ട വ്യക്തിയാണദ്ദേഹം” കോഹ്‌ലി പറഞ്ഞു. ”യാത്ര ദൈര്‍ഘ്യമേറിയതാണ്, കാരണം ടീം ചെറുപ്പമാണ്. ഇപ്പോള്‍ ഞങ്ങള്‍ കളിക്കുന്നത് ഇന്ത്യന്‍ മണ്ണിലാണ്. എന്നാല്‍ വിദേശത്തും ഈ മികവ് നിലനിര്‍ത്താനായാല്‍ മാത്രമേ ഞങ്ങളുടെ പ്രയത്‌നത്തിന് ഫലം കാണു,” കോഹ്‌ലി കൂട്ടിച്ചേര്‍ത്തു.

”അതുചെയ്യണ്ടായിരുന്നുവെന്ന് പിന്നീട് ഇരുന്ന് ചിന്തിക്കുന്ന ഒരാളല്ല ഞാന്‍. നിങ്ങള്‍ ശ്രമിക്കുക, അതുമായി മുന്നോട്ട് പോകുക. അഥവാ അത് ഫലം കണ്ടില്ലെങ്കില്‍ മറ്റൊരു വഴി കണ്ടുപിടിക്കുക. യഥാര്‍ഥത്തില്‍ ഞാനും എന്റെ ടീമും ആലോചിക്കുന്നത് ഇതാണ്,” കഴിഞ്ഞ മത്സരത്തില്‍ പേസര്‍മാരായ ഭുവനേശ്വര്‍ കുമാറിനും ജസ്പ്രീത് ബുംറയ്ക്കും പകരം ഉമേഷ് കുമാറിനെയും മുഹമ്മദ് ഷമ്മിയെയും ഉള്‍പ്പെടുത്തിയത് വിവരീത ഫലം ചെയ്തു എന്ന ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

തുടര്‍ച്ചയായി 10 മത്സരങ്ങള്‍ വിജയിക്കുന്ന ടീമെന്ന സ്വപ്‌നത്തിലേക്ക് നടന്ന ഇന്ത്യക്ക് ഓസ്‌ട്രേലിയക്കെതിരെയേറ്റ  ബംഗളുരു ഏകദിനത്തിലെ പരാജയമാണ് തിരിച്ചടിയായത്. അഞ്ച് മത്സരങ്ങളുടെ പരമ്പര നേരത്തെ ഇന്ത്യ സ്വന്തമാക്കിയിരുന്നു. പരമ്പരയിലെ അവസാന മത്സരം ഞായറാഴ്ച നാഗ്പൂരില്‍ നടക്കും.

DONT MISS
Top