ഹോ… എന്തൊരടി… ! ഹാര്‍ദിക് പാണ്ഡ്യയുടെ പന്തുകൊണ്ട് യുവാവിന്റെ മുഖം തകര്‍ന്നു

ടോസിത് അഗര്‍വാളിന് സ്റ്റേഡിയത്തില്‍ ചികിത്സ നല്‍കുന്നു, പാണ്ഡ്യയുടെ ബാറ്റിംഗ്

ബംഗളുരു: ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയുടെ ‘അടി’കൊണ്ട് ഗാലറിയില്‍ ഇരുന്ന യുവാവിന്റെ മുഖം തകര്‍ന്നു. ഓസ്‌ട്രേലിയയ്‌ക്കെതിരെ ബംഗളുരു ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന നാലാം ഏകദിനത്തിലാണ് സംഭവം.

ഇന്ത്യയുടെ യുവ ഓള്‍റൗണ്ടര്‍ പാണ്ഡ്യ പറത്തിയ സിക്‌സറാണ് അപകടമുണ്ടാക്കിയത്. സ്‌റ്റേഡിയത്തിന്റെ ഒന്നാം പവലിയനില്‍ ഇരുന്ന് മത്സരം കാണുകയായിരുന്ന ടോസിത് അഗര്‍വാള്‍ എന്ന 24 വയസുകാരനാണ് പരുക്കേറ്റത്. പന്തുകൊണ്ട് യുവാവിന്റെ ചുണ്ടും പല്ലുകളും തകര്‍ന്നു. സ്റ്റീല്‍ അlaറിറ്റി ജീവനക്കാരനായ അഗര്‍വാള്‍ കോംപ്ലിമെന്ററി പാസ് നേടിയാണ് മത്സരം കാണാന്‍ എത്തിയത്. ഒന്നാം പവലിയനില്‍ ഇരുന്ന് ഇന്ത്യന്‍ ഓള്‍റൗണ്ടറുടെ ഇന്നിംഗ്‌സ് ആസ്വദിക്കുന്നതിനിടെയാണ് പന്ത്  അഗര്‍വാളിന് നേര്‍ക്ക് പാഞ്ഞു വന്നത്. പന്ത് വരുന്നത് കണ്ട് ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചെങ്കിലും ദിശമനസിലാക്കാന്‍ വൈകിയതിനാല്‍ പന്ത് മുഖത്ത് തന്നെ പതിക്കുകയായിരുന്നു. യുവാവ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഈ വര്‍ഷം ഫെബ്രുവരിയില്‍ ഇംഗ്ലണ്ടിനെതിരായ ട്വന്റി20 മത്സരത്തിനിടെ സുരേഷ് റെയ്‌നയുടെ സിക്‌സര്‍ ദേഹത്ത് പതിച്ച് സതീഷ് എന്ന ആറ് വയസുകാരനായ കുട്ടിക്ക് പരുക്കേറ്റിരുന്നു. ഈ അപകടത്തിന് സമാനമായ സംഭവമാണ് ബംഗളുരുവിലും ഉണ്ടായത്.

ഓസ്‌ട്രേലിയയ്‌ക്കെതിരായ നാലാം ഏകദിനത്തില്‍ ഹാര്‍ദ്ദിക് പാണ്ഡ്യ 41 റണ്‍സ് നേടി മോശമല്ലാത്ത പ്രകടനം നടത്തിയെങ്കിലും ഇന്ത്യ മത്സരത്തില്‍ പരാജയപ്പെട്ടിരുന്നു. തുടര്‍ച്ചയായി ഒന്‍പത് ഏകദിന മത്സരങ്ങള്‍ വിജയിച്ച് മിന്നുന്ന പ്രകടനം കാഴ്ച്ചവച്ച ടീം ഇന്ത്യയ്ക്ക് പത്താം മത്സരത്തില്‍ കാലിടറുകയായിരുന്നു. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഓസീസ് ഉയര്‍ത്തിയ 335 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യയ്ക്ക് നിശ്ചിത 50 ഓവറില്‍ 313 റണ്‍സ് മാത്രമെടുത്ത് മടങ്ങേണ്ടിവന്നു. ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ മൂന്ന് മത്സരങ്ങള്‍ വിജയിച്ച് അഞ്ച് മത്സരങ്ങളുടെ പരമ്പര ഇന്ത്യ നേരത്തെ സ്വന്തമാക്കിയിരുന്നു.

അജിങ്ക്യ രഹാനെ (53) രോഹിത് ശര്‍മ (65) കേദാര്‍ ജാദവ് (67) എന്നിവര്‍ അര്‍ദ്ധസെഞ്ച്വറി നേടുകയും ഹാര്‍ദ്ദിക് പാണ്ഡ്യയെ കൂടാതെ മനീഷ് പാണ്ഡെ 33 റണ്‍സും അതിവേഗം അടിച്ചെടുത്തെങ്കിലും അതൊന്നും ഓസീസ് സ്‌കോറിന് വെല്ലുവിളിയുയര്‍ത്താന്‍ കെല്‍പ്പുള്ള ഇന്നിംഗ്‌സുകളായി മാറിയില്ല. ഇതാണ് ഇന്ത്യന്‍ പരാജയത്തിന് വഴി തെളിച്ചത്. രോഹിത് ശര്‍മ്മയും അജിങ്ക്യ രഹാനെയുംചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കായെങ്കിലും ഇവര്‍ക്കുശേഷം വന്ന ബാറ്റ്‌സ്മാന്‍മാര്‍ക്ക് സ്‌കോറിംഗ് വേഗം കൂട്ടാന്‍ സാധിച്ചില്ല. വിരാട് കോലിക്കും മഹേന്ദ്ര ധോണിക്കും മികച്ചൊരു ഇന്നിംഗ്‌സ് കെട്ടിപ്പടുക്കാന്‍ സാധിക്കാതിരുന്നതും ഇന്ത്യന്‍ തകര്‍ച്ചയ്ക്ക് വഴിവച്ചു.

DONT MISS
Top