മകന്റെ കല്ലറയില്‍ പുഷ്പങ്ങള്‍ അര്‍പ്പിച്ച് പ്രാര്‍ത്ഥിച്ചത് 42 വര്‍ഷം; കല്ലറ തുറന്ന് പരിശോധിച്ചപ്പോള്‍ മകന്റെ മൃതദേഹം അതില്‍ അടക്കം ചെയ്തിട്ടില്ല

ഗാരിയുടെ കല്ലറ

വാഷിംഗ്ടണ്‍ : 42 വര്‍ഷമായി ലുദിയ റീഡ് ജനിച്ച് കുറച്ചു ദിവസംകൊണ്ട് മരിച്ചുപോയ തന്റെ മകന്റെ കല്ലറയില്‍ എത്തി മുടങ്ങാതെ പുഷ്പങ്ങള്‍ അര്‍പ്പിക്കാറുണ്ട്. 1975 ജൂലൈ 3 നാണ് ഇവരുടെ മകനായ ഗാരി റോബര്‍ട്ട് പാറ്റണ്‍ മരിച്ചത്. ജനിച്ച് ഒരാഴ്ചക്കാലം മാത്രമായിരുന്നു ഈ കുട്ടി ജീവിച്ചത്. തന്റെ മകനെ ഒന്ന് മതിയാവോളം കാണാനോ ഒന്ന് ലാളിക്കാനോ അവര്‍ക്ക് സാധിച്ചില്ല. അതിനു മുന്‍പെ തന്നെ അവരുടെ മകന്‍ മരിച്ചിരുന്നു.

എന്നാല്‍ മകന്‍ മരിച്ച നാള്‍ തൊട്ടേ മരണത്തില്‍ പല ദുരൂഹതകളും റീഡിന് തോന്നിയിരുന്നു. വര്‍ഷങ്ങള്‍ നീണ്ടുനിന്ന തന്റെ സംശയങ്ങള്‍ക്ക് അറുതിവരുത്താനായിരുന്നു റീഡ് തന്റെ മകന്റെ കല്ലറ തുറന്ന് പരിശോധിക്കാനുളള അനുമതി നേടിയത്. എന്നാല്‍ കല്ലറ തുറന്ന് പരിശോധിച്ച ഫോറന്‍സിക് വിദഗ്ദര്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളായിരുന്നു ഇവരോട് പറഞ്ഞത്. കുട്ടിയുടെ വസ്ത്രങ്ങളുടെയും ശവപ്പെട്ടിയുടെയും, കുരിശിന്റെയും അവശിഷ്ടങ്ങള്‍ അതില്‍ ഉണ്ട്. എന്നാല്‍ മനുഷ്യ ശരീരത്തിന്റെ യാതൊരു വിധ അംശവും ഇതില്‍ ഇല്ലെന്നായിരുന്നു ഇവരുടെ കണ്ടെത്തല്‍.

റീഡിന് 26 വയസ്സുള്ളപ്പോഴായിരുന്നു ഗാരിക്ക് ജന്മം നല്‍കിയത്. 34  ആഴ്ച്ച പ്രായമാണ് അപ്പോള്‍ കുട്ടിക്ക് ഉണ്ടായത്. റീഡിന് ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടായതുകൊണ്ടാണ് അന്ന് തന്നെ പ്രസവം നടത്തിയത്. ഓപ്പറേഷനിലൂടെ പുറത്തെടുത്ത കുട്ടിയെ ചികിത്സക്കായി അമ്മയുടെ അരകില്‍ നിന്നും മാറ്റിയിരുന്നു. എങ്കിലും എപ്പോഴും മകനെ സന്ദര്‍ശിക്കാനുള്ള സൗകര്യം ഡോക്ടര്‍മാര്‍ നല്‍കിയിരുന്നു.

കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ കുട്ടിക്ക് അസുഖം കൂടുതലാണെന്നും മസ്തിഷ്‌ക മരണം സംഭവിക്കാന്‍ സാധ്യത ഉണ്ടെന്നും പറഞ്ഞു. അപ്പോള്‍ തന്നെ ആകെ തകര്‍ന്നു പോയതായി റീഡ് പറഞ്ഞു. പിന്നീട് അശുപത്രി അധികൃതര്‍ കുട്ടി മരിച്ചെന്ന വിവരമാണ് റീഡിനോട് പറഞ്ഞത്. കുട്ടിയെ പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനുള്ള അനുമതി റീഡിനോട് ചോദിച്ചിരുന്നു. എന്നാല്‍ അവര്‍ അതിന് സമ്മതിച്ചില്ല.

തന്റെ കുട്ടിക്ക് അന്ത്യയാത്രയ്ക്ക് പുതപ്പിക്കാനുള്ള തുണിയുമായാണ് റീഡി ശ്മശാനത്തില്‍ എത്തിയത്. അപ്പോഴാണ് മൃതദേഹം ആദ്യമായി ഇവര്‍ കണ്ടത്. എന്നാല്‍ സ്വര്‍ണ്ണ നിറത്തിലുള്ള തലമുടിയും, നല്ല വലിപ്പവുമുള്ള കുട്ടിയുമാണ് ശവപ്പെട്ടിയില്‍ ഉണ്ടായത്. അതല്ല തന്റെ മകന്‍ എന്ന് പറഞ്ഞ് റീഡി അപ്പോള്‍ തന്നെ ബഹളം വെച്ചിരുന്നു. എന്നാല്‍ മകന്‍ മരിച്ച വിഷമത്തില്‍ അങ്ങനെ തോന്നിയതാണെന്ന് പറഞ്ഞ് ആശ്വസിപ്പിക്കുകയാണ് എല്ലാവരും ചെയ്തത്.

മകന് എന്തു സംഭവിച്ചു എന്നറിയാത്ത അവസ്ഥയിലാണ് റീഡി ഇപ്പോള്‍. 42 വര്‍ഷങ്ങക്കു മുന്‍പ് ഉണ്ടായ ഇവരുടെ സംശയത്തിന് ഇപ്പോഴും ഉത്തരം ലഭിച്ചിട്ടില്ല. എവിടെ എങ്കിലും തന്റെ മകന്‍ ജീവിച്ചിരിക്കുന്നുണ്ടാകും എന്ന പ്രതീക്ഷയിലാണ് ഇവര്‍ ഇപ്പോള്‍ ഉള്ളത്.

DONT MISS
Top