സെലിബ്രിറ്റി ഫുട്‌ബോള്‍ മത്സരത്തില്‍ മുഖ്യമന്ത്രിയുടെ ടീമിനെ പരാജയപ്പെടുത്തി സ്പീക്കറുടെ ടീം: ആവേശത്തോടെ കാണികള്‍

തിരുവനന്തപുരം: ഫിഫ അണ്ടര്‍ 17 ലോകകപ്പ് ആഘോഷ പരിപാടികളുടെ ഭാഗമായി ചന്ദ്രശേഖരന്‍നായര്‍ സ്‌റ്റേഡിയത്തില്‍ സെലിബ്രേറ്റി ഫുട്‌ബോള്‍ മത്സരം നടന്നു. മുഖ്യമന്ത്രിയുടെ ടീമും, സ്പീക്കറുടെ ടീമും തമ്മിലാണ് മത്സരം നടന്നത്. ആവേശം നിറഞ്ഞ മത്സരത്തിനൊടുവില്‍ പെനല്‍റ്റി ഷൂട്ടൗട്ടിലൂടെ മുഖ്യമന്ത്രിയുടെ ടീമിനെ  സ്പീക്കറുടെ ടീം  പരാജയപ്പെടുത്തി.

സഭയില്‍ ഭരണപക്ഷവും, പ്രതിപക്ഷവും നടത്തുന്ന അതേ വീറും വാശിയും നിറഞ്ഞ പോരാട്ടമായിരുന്നു തിരുവനന്തപുരം ചന്ദ്രശേഖരന്‍നായര്‍ സ്‌റ്റേഡിയത്തില്‍ നടന്നത്. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ആദ്യ കിക്കോഫ് നടത്തി മത്സരത്തിന് തുടക്കം കുറിച്ചു. മഞ്ഞയും നീലയും ജേഴ്‌സി അണിഞ്ഞ് മുഖ്യമന്ത്രിയുടെ ടീമിനെ   പാലക്കാട് മെമ്പര്‍ ഷാഫി പറമ്പില്‍ നയിച്ചപ്പോള്‍, വെള്ളയും നീലയും ജേഴ്‌സി അണിഞ്ഞ് സ്പീക്കര്‍ ടീമിനെ കല്ലാശേരി മെമ്പര്‍ ടി വി രാജേഷാണ് നയിച്ചത്.

അഞ്ചു മന്ത്രിമാര്‍ കളത്തിലിറങ്ങി. ആദ്യ പകുതിയില്‍ മുഖ്യമന്ത്രിയുടെ ടീമിന്  വേണ്ടി മന്ത്രി കെ ടി ജലീല്‍ ബൂട്ടണിഞ്ഞു. സ്പീക്കറുടെ ടീമിന് വേണ്ടി കെ രാജുവും ഇറങ്ങി. എന്നാല്‍ ആദ്യ പകുതി തീരും മുമ്പെതന്നെ വനം മന്ത്രി കെ രാജു കളംവിട്ടു. പകരം ഇറങ്ങിയത് ഇ ചന്ദ്രശേഖരന്‍.

ഗോള്‍ രഹിതമായിരുന്നു ആദ്യ പകുതി. രണ്ടാം പകുതിയില്‍ മുഖ്യമന്ത്രിയുടെ ടീമിന് വേണ്ടി മന്ത്രി എംഎം മണി ബൂട്ടണിഞ്ഞു. പിന്നാലെ സഭയിലെ അതേ പ്രസരിപ്പോടെ മന്ത്രി വിഎസ് സുനില്‍കുമാര്‍ സ്പീക്കറുടെ ടീമിന് വേണ്ടിയും കളത്തിലിറങ്ങി. എന്നാല്‍ പൊതുപ്രവര്‍ത്തനം പോലെ അത്ര എളുപ്പമല്ല കാല്‍പന്ത് കളിയെന്ന് ചില മെമ്പര്‍മാര്‍ മനസ്സിലാക്കി. സമനിലയിലൂടെ പിരിഞ്ഞ മത്സരത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ സ്പീക്കറുടെ ടീം മുഖ്യമന്ത്രിയുടെ ടീമിനെ 3-1ന് തോല്‍പ്പിച്ചു.

DONT MISS
Top