മോദിയുടെ സാമ്പത്തിക പരിഷ്‌കാരങ്ങളെ വിമര്‍ശിച്ച രാഹുല്‍ ഗാന്ധിയുടെ ‘ചിറകൊടിഞ്ഞ വിമാനം’ ട്വീറ്റ് തരംഗമായി

രാഹുല്‍ ഗാന്ധി

ദില്ലി: നരേന്ദ്ര മോദി സര്‍ക്കാര്‍ ‘ചിറകൊടിഞ്ഞ വിമാനം’ എന്ന് പരിഹസിച്ചുകൊണ്ടുള്ള കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ് തരംഗമാകുന്നു. വാജ്‌പേയി സര്‍ക്കാരിലെ ധനമന്ത്രിയും ബിജെപി നേതാവുമായ യശ്വന്ത് സിന്‍ഹ രാജ്യത്തെ സാമ്പത്തിക തകര്‍ച്ചയുടെ പേരില്‍ മോദി സര്‍ക്കാരിനെയും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെയും വിമര്‍ശിച്ചതിന് പിന്നാലെയായായിരുന്നു സിന്‍ഹയുടെ ട്വീറ്റ് ചൂണ്ടിക്കാട്ടി രാഹുല്‍ ഗാന്ധിയുടെ ഏറെ ശ്രദ്ധേയമായ ട്വീറ്റ് വന്നത്.

‘ലേഡീസ് ആന്റ് ജന്റില്‍മാന്‍ ഇത് നിങ്ങളുടെ സഹ പൈലറ്റും ധനമന്ത്രിയുമാണ് സംസാരിക്കുന്നത്. നിങ്ങള്‍ സീറ്റ് ബെല്‍റ്റ് മുറുക്കി സ്ഥാനം ഉറപ്പിക്കുക. നമ്മുടെ വിമാനത്തിന്റെ ചിറകുകള്‍ വീണുപോയിരിക്കുകയാണ്’ എന്നായിരുന്നു രാജ്യത്തെ സാമ്പത്തികസ്ഥിതിയെക്കുറിച്ച് വിമര്‍ശിച്ച് രാഹുല്‍ ട്വീറ്റ് ചെയ്തത്. രാഹുലിന്റെ പരിഹാസം ട്വിറ്ററില്‍ ഉടന്‍തന്നെ തരംഗമായി. ട്വീറ്റ് ചെയ്ത് ഒരു മണിക്കൂറിനുള്ളില്‍ ആയിരത്തോളം റീട്വീറ്റുകളാണ് ഇതിന് ലഭിച്ചത്.

രാജ്യം സാമ്പത്തികമാന്ദ്യത്തിലേക്ക് നീങ്ങിയതില്‍ ബിജെപിയിലെ പലര്‍ക്കും കടുത്ത അതൃപ്തിയുണ്ട്. എന്നാല്‍ ഭയം നിമിത്തം ആരും ഒന്നും തുറന്നുപറയുന്നില്ലെന്നായിരുന്നു മുന്‍ ധനമന്ത്രി യശ്വന്ത് സിന്‍ഹയുടെ പ്രസ്താവന. ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തിലെഴുതിയ ലേഖനത്തിലായിരുന്നു രാജ്യത്തെ സാമ്പത്തികാവസ്ഥയുടെ അവസ്ഥ തുറന്നുകാട്ടിയും നരേന്ദ്രമോദിയെയും ധനമന്ത്രി അരുണ്‍ ജെയ്റ്റിലിയേയും യശ്വന്ത് സിന്‍ഹ വിമര്‍ശിച്ചത്.

നോട്ട് നിരോധനം ലഘൂകരിക്കാനാവാത്ത സാമ്പത്തിക ദുരന്തമായിരുന്നുവെന്നാണ് ലേഖനത്തില്‍ സിന്‍ഹി പറയുന്നത്. തെറ്റായി വിഭാവനം ചെയ്ത്, മോശമായി നടപ്പാക്കിയതാണ് ജിഎസ്ടിയെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. ജിഎസ്ടി ഈ രീതിയില്‍ നടപ്പാക്കിയതിലൂടെ അനേകം ചെറുകിട സംരംഭങ്ങള്‍ തകര്‍ന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. സാങ്കേതിക കാരണങ്ങള്‍ കൊണ്ടാണ് ജിഡിപി താഴ്ന്നതെന്ന ബിജെപി അധ്യക്ഷന്‍ അമിത്ഷായുടെ പ്രസ്താവനയേയും സിന്‍ഹ വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെ രാജ്യത്തിന്റെ സാമ്പത്തിക രംഗം തകരുകയാണെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ പി ചിദംബരവും വിമര്‍ശിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് രാഹുലിന്റെ ‘ചിറകുകള്‍ തകര്‍ന്ന വിമാനം’ എന്ന ട്വീറ്റ് എത്തിയത്.

DONT MISS
Top