‘അവള്‍ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ’; പാകിസ്താനി ബാലികയ്ക്ക് മെഡിക്കല്‍ വിസ അനുവദിച്ച് സുഷമ സ്വരാജ്

ദില്ലി: വ്യത്യസ്ത മായ നടപടികളിലൂടെ രാജ്യമൊന്നടങ്കം സ്വീകരിച്ച നേതാവാണ് കേന്ദ്ര വിദേശ കാര്യമന്ത്രി സുഷമ സ്വരാജ്. സുഷമ സ്വരാജിന്റെ മനുഷ്യത്വപരമായ പ്രവര്‍ത്തനങ്ങള്‍ ഏവര്‍ക്കും സുപരിചിതമാണ്. തന്നോട് സഹായം അഭ്യര്‍ത്ഥിക്കുന്ന ഏതൊരാള്‍ക്കും എത്രയും വേഗം അത് ലഭ്യമാക്കാന്‍ ശ്രമിക്കുന്ന നേതാവാണ് അവര്‍.

ഏറ്റവും ഒടുവിലായി ഏഴ് വയസ്സുകാരി പാകിസ്താനി ബാലികയ്ക്ക് മെഡിക്കല്‍ വിസ അനുവദിച്ച് തന്റെ നിലപാടുകള്‍ ആവര്‍ത്തിച്ചിരിക്കുകയാണ് സുഷമ സ്വരാജ്. കറാച്ചി സ്വദേശിയായ ഏഴ് വയസ്സുകാരിയ്ക്കാണ് സുഷമ സ്വരാജ് വിസ അനുവദിച്ചത്.

പെണ്‍കുട്ടിയുടെ അമ്മ നിദ ഷൊഹൈബാണ് സഹായമഭ്യര്‍ത്ഥിച്ച് സുഷമ സ്വരാജിന് ട്വീറ്റ് ചെയ്തത്. തന്റെ മകള്‍ക്ക് ഹൃദയ ശസ്ത്രക്രിയയ്ക്കായി ഇന്ത്യയില്‍ വരുന്നതിന് വേണ്ടി ഓഗസ്റ്റില്‍ അപേക്ഷിച്ചതാണെന്നും എന്നാല്‍ അതിനുളള തുടര്‍ നടപടികള്‍ ഒന്നും ആയിട്ടില്ലെന്നും തങ്ങളെ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടുമാണ്  നിദ ഷൊഹൈബ് സുഷമ സ്വരാജിന് ട്വീറ്റ് ചെയ്തത്.

ഇതിനെ തുടര്‍ന്ന് വിസ നടപടികള്‍ വേഗത്തിലാക്കാനുള്ള നടപടികള്‍ക്ക് സുഷമ സ്വരാജ് നിര്‍ദേശം നല്‍കുകയായിരുന്നു. ഇന്ത്യയില്‍ തുടര്‍ ചികിത്സയ്ക്കായുള്ള മെഡിക്കല്‍ വിസ അനുവദിച്ചതായും, എത്രയും പെട്ടെന്ന് അവള്‍ ആരോഗ്യം വീണ്ടെടുത്ത് സുഖം പ്രാപിക്കട്ടെയെന്നും സുഷമ സ്വരാജ് ട്വീറ്റിന് മറുപടി  നല്‍കി.

നേരത്തെ കാന്‍സര്‍ രോഗിയായ പാകിസ്താനി യുവതിയുടെ ചികിത്സയ്ക്കും, പിഞ്ചുബാലന്റെ ഹൃദയ ശസ്ത്രക്രിയക്കും മന്ത്രി മെഡിക്കല്‍ വിസ അനുവദിച്ചിരുന്നു. കാന്‍സര്‍ രോഗിയായ ഫൈസ തന്‍വീര്‍ എന്ന യുവതിയാണ് മന്ത്രിയോട് മെഡിക്കല്‍ വിസ നല്‍കി സഹായിക്കണമെന്ന് ആവശ്യപ്പെട്ടത്. ഉടന്‍ തന്നെ മന്ത്രി അതിന് മറുപടിയും നല്‍കി. ഇന്ത്യയുടെ എഴുപതാമത് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ വേളയില്‍ എനിക്ക് ദയവായി മെഡിക്കല്‍ വിസ അനുവദിച്ച് എന്നെ സഹായിക്കൂ എന്നായിരുന്നു ഫൈസയുടെ ട്വീറ്റ്.

അതോടൊപ്പം പാകിസ്താന്‍ സ്വദേശിയായ പിഞ്ചുബാലന്റെ ഹൃദയ ശസ്ത്രക്രിയയ്ക്കായും മന്ത്രി മെഡിക്കല്‍ വിസ അനുവദിച്ചിരുന്നു. കുട്ടിയുടെ അച്ഛനാണ് മെഡിക്കല്‍ വിസ തന്ന് സഹായിക്കണമെന്ന് മന്ത്രിയോട് ആവശ്യപ്പെട്ടത്. ഇരുരാജ്യങ്ങള്‍ക്കും ഇടയില്‍ എന്താണ് നടക്കുന്നതെന്ന് തന്റെ കുട്ടിക്ക് അറിയില്ലെന്നും അവനെ രക്ഷിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടാണ്   പിതാവ് ട്വീറ്റ് ചെയ്തത്. ഉടന്‍ തന്നെ വിസ അനുവദിച്ചാണ് മന്ത്രി പ്രതികരിച്ചത്. എന്നാല്‍ വിജയകരമായി ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയ കുഞ്ഞ് നിര്‍ജ്ജലീകരണത്തെ തുടര്‍ന്ന് കഴിഞ്ഞ മാസം മരിച്ചിരുന്നു.

DONT MISS
Top