പ്രണയബന്ധം തുടരാന്‍ പെണ്‍കുട്ടി വിസമ്മതിച്ചു; പെണ്‍കുട്ടിയെ പീഡിപ്പിക്കുന്ന വീഡിയോ സമൂഹ മാധ്യമത്തില്‍ പ്രചരിപ്പിച്ച യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു

പൊലീസ് അറസ്റ്റ് ചെയ്ത യുവാക്കള്‍

ഹൈദരാബാദ് : പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് അതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമത്തിലൂടെ പ്രചരിപ്പിച്ച മൂന്ന് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ആന്ധ്രാപ്രദേശിലെ പ്രകാശം സ്വദേശികളായ സായി, കാര്‍ത്തിക്, പവന്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞമാസം ആഗസ്റ്റിലായിരുന്നു സംഭവം നടന്നത്. എന്നാല്‍ പീഡന വിവരങ്ങള്‍ പെണ്‍കുട്ടി പൊലീസിനെ അറിയിച്ചില്ല. സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്താണ് പൊലീസ് യുവാക്കളെ അറസ്റ്റ് ചെയ്തത്.

പെണ്‍കുട്ടി സായിയുമായി പ്രണയത്തിലായിരുന്നു. എന്നാല്‍ കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ സായിയുമായുള്ള ബന്ധം തുടരാന്‍ താല്‍പ്പര്യമില്ലെന്ന് പെണ്‍കുട്ടി അറിയിച്ചു. ഇതിലുള്ള ദേഷ്യത്തിലാണ് സായിയും രണ്ട് കൂട്ടുകാരും ചേര്‍ന്ന് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.

ക്ഷേത്രത്തില്‍ പോവുകയായിരുന്ന പെണ്‍കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയാണ് പീഡിപ്പിച്ചത്.  പെണ്‍കുട്ടിക്കൊപ്പം സുഹൃത്തായ മറ്റൊരുപെണ്‍കുട്ടിയുമുണ്ടായിരുന്നു.  യുവാക്കള്‍ പീഡിപ്പിക്കുന്ന സമയത്ത് പെണ്‍കുട്ടിയെ സുഹൃത്ത് രക്ഷിക്കാന്‍ ശ്രമിക്കുന്നതായും എന്നാല്‍ പരാജയപ്പെടുന്നതായും വീഡിയോയിലുണ്ട്.

യുവാക്കളോട് ഉപദ്രവിക്കരുതെന്ന് പറഞ്ഞ് പെണ്‍കുട്ടി കരഞ്ഞ് കാലുപിടിക്കുന്ന ദൃശ്യങ്ങള്‍ വീഡിയോയിലുണ്ടെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയെ ഉപദ്രവിക്കുന്ന യുവാക്കളുടെ മുഖവും ഇതില്‍ ഉണ്ടെന്നും പറഞ്ഞു. പെണ്‍കുട്ടിയെയാണ് പൊലീസ് ആദ്യം കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിയ പൊലീസ് ഇവരോട് യുവാക്കള്‍ക്കെതിരെ പരാതി നല്‍കാന്‍ ആവശ്യപ്പെട്ടു.

പെണ്‍കുട്ടി നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് യുവാക്കളെ അറസ്റ്റ് ചെയ്തത്. മുഖ്യ പ്രതിയും പെണ്‍കുട്ടിയുടെ കാമുകനുമായ സായി ബിഎസ്‌സി അഗ്രിക്കള്‍ച്ചര്‍ വിദ്യാര്‍ത്ഥിയാണ്. ബിടെക് വിദ്യാര്‍ത്ഥിയാണ് കാര്‍ത്തിക്. കേസിലെ മൂന്നാം പ്രതിയ പവാന്‍ പൊലീസ് കോണ്‍സ്റ്റബിളിന്റെ മകനാണ്. നിര്‍ഭയ ആക്റ്റ് പ്രകാരമാണ് പൊലീസ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

DONT MISS
Top