മമ്മൂട്ടി ഫാന്‍സിന്റെ ‘ആക്രമണ’ത്തിനൊടുവില്‍ ഫെയ്‌സ്ബുക്ക് ലൈവില്‍ പൊട്ടികരഞ്ഞ് മാപ്പ് പറഞ്ഞ് നടി ലിച്ചി: എന്തിന് മാപ്പ് പറഞ്ഞെന്ന് റീമ

ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസിലൂടെ പ്രേക്ഷക പ്രശംസ നേടിയ നടി ലിച്ചിയെന്ന അന്ന രാജന്‍  അഭിമുഖത്തില്‍ നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ പുലിവാല് പിടിച്ച സംഭവമാണ്  സമൂഹമാധ്യമങ്ങളിലെ പ്രധാന ചര്‍ച്ച വിഷയം. സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അന്ന മമ്മുട്ടിയെ കുറിച്ച് നടത്തിയ പരാമര്‍ശം ആരാധകരെ ചൊടിപ്പിക്കുകയും അന്നയ്ക്ക് നേരെ സമൂഹമാധ്യമങ്ങളില്‍ കടുത്ത ആക്രമണവുമായിരുന്നു. ആരാധകര്‍ ലിച്ചിയുടെ ഫെയ്‌സ്ബുക്ക് പേജില്‍ അസഭ്യം പറയുകയും ഇതിനെ തുടര്‍ന്ന് പേജിലൂടെ ലൈവിലെത്തി അന്ന മാപ്പ് പറയുകയും ചെയ്തിരുന്നു.

സ്വകാര്യ ചാനലിന്റെ അഭിമുഖത്തിനിടയ്ക്ക് മമ്മുട്ടിയും, ദുല്‍ക്കറും ഒരുമിച്ച് അഭിനയിച്ചാല്‍ ആര് നായകനാകണമെന്ന കുസൃതി ചോദ്യമാണ് അവതാരിക ലിച്ചിയോട് ചോദിച്ചത്. ദുല്‍ഖര്‍ നായകനും, മമ്മുട്ടി അച്ഛനുമാകട്ടെയെന്നും, ഇനി മമ്മുട്ടി നായകനാവുകയാണെങ്കില്‍ ദുല്‍ഖര്‍ അച്ഛനാകട്ടെയെന്നുമാണ് ലിച്ചി ചോദ്യത്തിന് മറുപടി നല്‍കിയത്.

അത് തമാശയായിരുന്നുവെന്നും മമ്മുട്ടിയെ അപമാനിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല എന്നും, ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചതാണെന്നും അന്ന ഫെയ്‌സ്ബുക്ക് ലൈവിലെത്തി പറഞ്ഞിരുന്നു. പൊട്ടികരഞ്ഞും മാപ്പപേക്ഷിച്ചുമാണ് അന്ന ലൈവിലെത്തിയത്.

സംഭവം വിവാദമായതിനെ തുടര്‍ന്ന് നടി റീമ കല്ലിങ്കല്‍ ലിച്ചിയ്ക്ക് പിന്തുണയുമായി രംഗത്തെത്തി. 65 വയസ്സ് കഴിഞ്ഞ ഒരു നടന്‍ തന്റെ അച്ഛനായി അഭിനയിക്കട്ടെ എന്ന് പറഞ്ഞതിനാണ് ലിച്ചിയെ എല്ലാവരും ചേര്‍ന്ന് ട്രോള്‍ ചെയ്യുന്നത്. അദ്ദേഹത്തിന് ഇങ്ങെയൊരു വേഷം കൈകാര്യം ചെയ്യാന്‍ സാധിക്കില്ലെന്നാണോ ഇക്കൂട്ടര്‍ കരുതുന്നത്.  എന്നാല്‍ അദ്ദേഹം അത് മികച്ചതാക്കുമെന്നാണ് എനിക്ക് തോന്നുന്നതെന്നും, കൗരവര്‍ പോലെയുള്ള സിനിമകള്‍ കണ്ടാല്‍ അത് മനസ്സിലാകുമെന്നും റീമ പറയുന്നു.

മലയാള സിനിമയിലെ സൂപ്പര്‍ ബ്രില്ല്യന്റ് ആക്ടര്‍ ആയ അദ്ദേഹത്തിന് എഴുപതുകാരനായോ, മുപ്പത്കാരനായോ അഭിനയിക്കാം. ശോഭന, രേവതി, ഉര്‍വശി എന്നിവരെല്ലാം ഇതുപോലെ അഭിനയിച്ചവരാണ്. ലിച്ചിയെ ഇത്തരത്തില്‍ ട്രോള്‍ ചെയ്യുന്നത് മൂലം ആരാണ് നമ്മുടെ പേര് കളയുന്നതെന്നും, എന്തുകൊണ്ടാണ് എന്തിന് വേണ്ടിയാണ് ലിച്ചി മാപ്പു പറഞ്ഞതെന്നും റീമ ചോദിക്കുന്നു.

ലാല്‍ജോസ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം വെളിപാടിന്റെ പുസ്തകമാണ് അന്നയുടെ ഏറ്റവും പുതിയ മലയാള ചിത്രം.

DONT MISS
Top