ട്രംപ് തങ്ങള്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്ന് ഉത്തരകൊറിയ: ആരോപണം തള്ളി വൈറ്റ്ഹൗസ്

കിങ് ജോങ് ഉന്‍, ഡൊണാള്‍ഡ് ട്രംപ്‌

പ്യോങ്യ്‌യാങ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തങ്ങള്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്ന് ആരോപണവുമായി ഉത്തരകൊറിയന്‍ വിദേശ കാര്യമന്ത്രി റി യോങ് ഹോ രംഗത്ത്. ഉത്തരകൊറിയന്‍ നേതൃത്വം അധികകാലം ഉണ്ടാകില്ലെന്ന ട്രംപിന്റെ ട്വീറ്റിനെത്തുടര്‍ന്നാണ് ഉത്തരകൊറിയ വിദേശകാര്യ മന്ത്രിയുടെ ആരോപണം. അതേ സമയം കൊറിയയുടെ വാദം തള്ളി അമേരിക്കയും രംഗത്തെത്തി.

യുദ്ധ വിമാനങ്ങള്‍ ഉത്തരകൊറിയന്‍ വ്യോമാതിര്‍ത്തിക്ക് പുറത്താണെങ്കിലും പ്യോങ്‌യാങിന് അമേരിക്കയുടെ ബോംബര്‍ വിമാനങ്ങളെ വെടിവെച്ചിടാനുള്ള അവകാശമുണ്ടെന്നായിരുന്നു റി യോങ് ഹോയുടെ വാദം. അതേ സമയം വൈറ്റ് ഹൗസ് വക്താവ് സാറ -അമേരിക്ക യുദ്ധം പ്രഖ്യാപിച്ചുവെന്ന ഉത്തരകൊറിയയുടെ വാദത്തെ തീര്‍ത്തും അസംബന്ധമെന്ന് ആരോപിച്ച് തളളിക്കളയുകയാണ് ചെയ്തത്.

ഉത്തരകൊറിയന്‍ നേതൃത്വവും ഭരണാധികാരി കിം ജോങ് ഉന്നും അധികകാലം തുടരില്ലെന്ന ട്രംപിന്റെ ട്വീറ്റിനെത്തുടര്‍ന്നാണ് അമേരിക്ക ഉത്തരകൊറിയക്കെതിരെ ഉയര്‍ത്തുന്ന യുദ്ധ ഭീഷണിയാണിതെന്ന തരത്തിലുള്ള ഉത്തരകൊറിയന്‍ വിദേശകാര്യ മന്ത്രിയുടെ ആരോപണം പുറത്തു വന്നത്.

അമേരിക്കയാണ് ആദ്യം യുദ്ധ പ്രഖ്യാപനം നടത്തിയതെന്ന വസ്തുത ലോകമൊട്ടാകെ അറിയണമെന്നായിരുന്നു ഉത്തരകൊറിയന്‍ വിദേശകാര്യമന്ത്രി റിയോങ് ഹോങ് ആവശ്യപ്പെട്ടത്. ന്യൂയോര്‍ക്കില്‍ നിന്ന് യുഎന്‍ വാര്‍ഷിക പൊതുയോഗത്തില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയായിരുന്നു അമേരിക്കക്കെതിരായ റിയോങ് ഹോയുടെ ആരോപണം.

ഉത്തരകൊറിയ പ്രകോപനപരമായ പ്രവൃത്തികള്‍ നിര്‍ത്തിയില്ലെങ്കില്‍ അവരെ നേരിടാനാവശ്യമായ നൈിക നടപടികളുമായി മുന്നോട്ടു പോകുമെന്നായിരുന്നു പെന്റഗണ്‍ വക്താവിന്റെ പ്രതികരണം.  അതേസമയം അമേരിക്കയും ഉത്തരകൊറിയയും തമ്മിലുള്ള പൊളളുന്ന വാക്കേറ്റം കൂടുതല്‍ തെറ്റിദ്ധാരണകളിലേക്ക് വഴി വെക്കുമെന്നായിരുന്നു യുഎന്‍ സെക്രട്ടറി ജനറല്‍ വക്താവിന്റെ അഭിപ്രായം.

DONT MISS
Top