പി വി സിന്ധുവിനെ പത്മഭൂഷണ്‍ പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്തു

ഫയല്‍ ചിത്രം

ദില്ലി : ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പി വി സിന്ധുവിനെ പത്മഭൂഷണ്‍ പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്തു. കേന്ദ്ര കായിക മന്ത്രാലയമാണ് പുരസ്‌കാരത്തിന് സിന്ധുവിന്റെ പേര് നിര്‍ദേശിച്ചത്. ഒളിംപിക്‌സില്‍ അടക്കം ഇന്ത്യയ്ക്കു വേണ്ടി നടത്തിയ മികച്ച പ്രകടനം കണക്കിലെടുത്താണ് പുരസ്‌കാര ശുപാര്‍ശ.

കൊറിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് കിരീടം കഴിഞ്ഞദിവസം പി വി സിന്ധു കരസ്ഥമാക്കിയിരുന്നു. ലോക ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ പരാജയപ്പെടുത്തിയ ജപ്പാന്‍ താരം നൊസോമി ഒക്കുഹാരയെ കീഴടക്കിയായിരുന്നു സിന്ധുവിന്റെ കിരീടനേട്ടം. ഗ്ലാസ്ഗോയില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാമതെത്തിയ സിന്ധു, റിയോ ഒളിംപിക്‌സിലും വെള്ളിമെഡല്‍ കരസ്ഥമാക്കിയിരുന്നു.

ഈ സീസണില്‍ മികച്ച ഫോം തുടരുന്ന സിന്ധു, ഇന്ത്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ്, സയിദ് മോഡി ഇന്റര്‍നാഷണല്‍ കിരീടങ്ങളും കരസ്ഥമാക്കിയിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ എം എസ് ധോണിയെ കഴിഞ്ഞദിവസം ബിസിസിഐ പത്മഭൂഷന്‍ പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്തിരുന്നു.

2015 ല്‍ സൈന നേഹ് വാളിനും, പുല്ലേല ഗോപിചന്ദിനും രാജ്യത്തെ മൂന്നാമത്തെ പരമോന്നത ബഹുമതിയായ പത്മഭൂഷണ്‍ സമ്മാനിച്ചിരുന്നു. പത്മശ്രീ പുരസ്‌കാരം നല്‍കി സിന്ധുവിനെ രാജ്യം നേരത്തെ ആദരിച്ചിട്ടുണ്ട്.

DONT MISS
Top