കാത്തിരിപ്പിന് വിരാമമാകുന്നു; ജിയോഫോണ്‍ ഒക്ടോബര്‍ ഒന്നിനെത്തും

ജിയോ ഫോണ്‍

ജിയോ ഫോണിനായി ബുക്ക് ചെയ്ത് കാത്തിരിക്കുന്നവര്‍ക്ക് ഒടുവില്‍ ആശ്വാസവാര്‍ത്ത. ഒക്ടോബര്‍ ഒന്ന് മുതല്‍ ഫോണ്‍ നല്‍കിത്തുടങും. ആദ്യം ബുക്ക് ചെയ്തവര്‍ക്ക് ആദ്യമെന്ന രീതിയിലായിരിക്കും ഫോണിന്റെ വില്‍പ്പന. കേരളത്തില്‍ മുളന്തുരുത്തിയിലാണ് തുടക്കത്തില്‍ ജിയോഫോണിന്റെ വില്‍പ്പനയാരംഭിക്കുക. പിന്നീട് മറ്റു സ്ഥലങ്ങളിലും ഫോണ്‍ ലഭ്യമായിത്തുടങ്ങും.

ഓഗസ്റ്റ് 24 മുതല്‍ ജിയോ ഫോണ്‍ ബുക്കിംഗുകള്‍ ആരംഭിച്ചിരുന്നു. ജിയോയുടെ വെബ്‌സൈറ്റുവഴിയും മൈജിയോ ആപ്പ് വഴിയും ഫോണ്‍ ബുക്കിംഗുകള്‍ ചെയ്യാനുള്ള സൗകര്യം ഒരുക്കിയിരുന്നു. എന്നാല്‍ സെപ്റ്റംബര്‍ 25ന് ശേഷമേ വിതരണം ആരംഭിക്കൂ എന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. കനത്ത ഡിമാന്റ് അനുഭവപ്പെട്ടതിനേത്തുടര്‍ന്നാണ് വിതരണം വൈകുന്നതെന്ന് റിലയന്‍സിന്റെ പ്രതിനിധി വ്യക്തമാക്കിയിരുന്നു. ഫോണ്‍ ബുക്ക് ചെയ്ത് കാത്തിരിക്കുന്ന രക്ഷക്കണക്കിന് ആളുകളെ നിരാശപ്പെടുത്തുന്നതായിരുന്നു വാര്‍ത്ത.

ജിയോഫോണ്‍ വില്‍പ്പനയാരംഭിച്ചതോടെ ഫോണിനായി ബുക്ക് ചെയ്തവരുടെ കാത്തിരിപ്പിന് വിരമാമാകുകയാണ്. മൂന്ന് വര്‍ഷത്തേക്ക് 1500 രൂപയുടെ സെക്യൂരിറ്റി ഡെപ്പോസിറ്റ് മാത്രം വാങ്ങിയാണ് ജിയോ ഫോണിന്റെ വില്‍പ്പന. ഫോണ്‍ ബുക്ക് ചെയ്യുന്ന സമയത്ത് 500 രൂപയാണ് നല്‍കേണ്ടിയിരുന്നത്. ബാക്കി തുക ഫോണ്‍ ലഭിച്ച ശേഷം നല്‍കിയാല്‍ മതി. പ്രത്യേകം തയ്യാറാക്കിയ ജിയോ പോയിന്റുകള്‍ വഴിയാണ് ഫോണുകള്‍ ഉപഭോക്താക്കള്‍ക്കായി എത്തിക്കുക.

DONT MISS
Top