“ഇത് വെറും പട്ടി കുരയ്ക്കുന്നതിന് തുല്യം”, ട്രംപിന്റെ ഭീഷണിയെ പുച്ഛിച്ച് ഉത്തരകൊറിയ

ന്യൂയോര്‍ക്ക്: അമേരിക്കയെ തൊട്ടാല്‍ ഉത്തരകൊറിയയെ തകര്‍ത്തു കളയുമെന്ന ട്രംപിന്റെ ഭീഷണിയെ പുച്ഛിച്ച് ഉത്തരകൊറിയന്‍ വിദേശകാര്യമന്ത്രി റിയോങ് ഹോ. ട്രംപിന്റെ ഭീഷണി പട്ടി കുരക്കുന്നതിന് തുല്യമാണെന്നും അത് കാര്യമാക്കുന്നില്ലെന്നുമായിരുന്നു റിയോങ് ഹോ യുടെ പ്രതികരണം. ഇങ്ങനെ ആരെങ്കിലും വാചകമടിക്കുന്നത് കേട്ടാലുടന്‍ ഭയപ്പെടുന്നവരല്ല ഉത്തര കൊറിയ എന്നും റിയോങ് ഹോ വ്യക്തമാക്കി.

ലോകരാജ്യങ്ങളുടെ മുന്നറിയിപ്പ് അവഗണിച്ച് ഉത്തരകൊറിയ മിസൈല്‍ പരീക്ഷണം തുടര്‍ന്ന സാഹചര്യത്തിലായിരുന്നു ട്രംപിന്റെ ഭീഷണി. അമേരിക്കയെ തൊട്ടു കളിച്ചാല്‍ ഉത്തരകൊറിയയെ തകര്‍ത്തു കളയുമെന്നായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്. അമേരിക്കയെ ആക്രമിക്കുക എന്നത് റോക്കറ്റ് മനുഷ്യന്റെ ആത്മഹത്യാപരമായ ദൗത്യമായി മാറുമെന്നും പ്രസിഡന്റ് കിങ് ജോങ് ഉന്നിനെ ഉദ്ദേശിച്ച് ട്രംപ് പറഞ്ഞു. യുഎന്‍ അസംബ്ലിയില്‍ നടന്ന പ്രസംഗത്തിനിടയായിരുന്നു ട്രംപിന്റെ വിവാദ പ്രസ്താവന.

ട്രംപിന്റെ പ്രസ്താവന വിവാദം നിറഞ്ഞതാണെന്ന വിമര്‍ശനവുമായി നിരവധി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ട്രംപ് പുതിയ ഹിറ്റ്‌ലറാണെന്നും ലോകത്തിന്റെ മുഴുവന്‍ ഉടമയാണെന്ന് ട്രംപ് കരുതുന്നുമെന്നുമുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

എന്നാല്‍ ട്രംപിന്റെ ഭീഷണിയെ പട്ടി കുരയ്ക്കുന്നതിന് തുല്യമെന്ന് ഉപമിച്ച് പുച്ഛിച്ചു തള്ളുകയായിരുന്നു ഉത്തരകൊറിയന്‍ വിദേശകാര്യമന്ത്രി. ട്രംപിന്റെ വിവാദ പ്രസ്താവനയ്ക്ക് ഉത്തരകൊറിയയുടെ ഭാഗത്തുനിന്ന് കിട്ടിയ ആദ്യ പ്രതികരണം കൂടിയായിരുന്നു ഇത്.

DONT MISS
Top