ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ പ്രതിയെ ഇറാനില്‍ പരസ്യമായി തൂക്കിലേറ്റി

ഫയല്‍ ചിത്രം

ടെഹ്‌റാന്‍ : ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ച് കൊന്ന കേസിലെ പ്രതിയെ ഇറാനില്‍ പരസ്യമായി തൂക്കിലേറ്റി. രാജ്യത്തെ പിടിച്ചുലച്ച ബലാത്സംഗകേസില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയ ഇസ്മയില്‍ ജാഫര്‍സദേഹ് എന്നയാളെയാണ് ജനമധ്യത്തില്‍ പരസ്യമായി തൂക്കിലേറ്റിയത്.

അര്‍ഡേബില്‍ പ്രവിശ്യയിലെ വടക്കു പടിഞ്ഞാറന്‍ നഗരമായ പര്‍സാബാദിലാണ് വധശിക്ഷ നടപ്പാക്കിയത്. നഗരത്തിലെ പൊതുമൈതാനത്തില്‍ നടപ്പാക്കിയ പരസ്യ വധശിക്ഷ കാണാന്‍ കുട്ടികളടക്കം ആയിരങ്ങളാണ് തടിച്ചുകീടിയത്. ഇയാളെ തൂക്കിലേറ്റുന്ന ദൃശ്യം ഇറാന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സംപ്രേക്ഷണം ചെയ്യുകയും ചെയ്തു.

ജൂണ്‍ 19 നാണ് കേസിനാസ്പദമായ സംഭവം. തെരുവുകച്ചവടക്കാരനായ പിതാവിന്റെ അടുത്തുനിന്നും പോയ അതേന അസ്‌ലാനി എന്ന ഏഴുവയസ്സുകാരിയെ കാണാതാകുകയായിരുന്നു. വിഷയം സോഷ്യല്‍ മീഡിയയിലടക്കം വന്‍ പ്രതിഷേധത്തിന് വഴിവെച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയുടെ മൃതദേഹം ജാഫേര്‍സദേഹിന്റെ വീട്ടിലെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലത്തുനിന്നും പൊലീസ് കണ്ടെത്തുകയായിരുന്നു.

പിന്നീട് പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊന്നതായി ഇയാള്‍ കുറ്റസമ്മതം നടത്തിയിരുന്നു. രണ്ടു വര്‍ഷം മുമ്പ് സമാനരീതിയില്‍ ഒരു സ്ത്രീയെ ഇയാള്‍ കൊലപ്പെടുത്തിയെന്നും പൊലീസ് കണ്ടെത്തി. ആഗസ്ത് അവസാനം ആരംഭിച്ച കുറ്റവിചാരണ ഒരാഴ്ചകൊണ്ട് പൂര്‍ത്തിയാക്കി. സെപ്തംബര്‍ 11നാണ് പരസ്യ വധശിക്ഷയ്ക്ക് ഇറാന്‍ സുപ്രീംകോടതി അംഗീകാരം നല്‍കിയത്.

ജനങ്ങളുടെ സുരക്ഷിതത്വബോധം തിരിച്ചുപിടിക്കാനാണ് പരസ്യമായി തൂക്കിലേറ്റല്‍ നടപ്പാക്കിയതെന്ന് അര്‍ഡേബില്‍ പ്രോസിക്യൂട്ടര്‍ നാസര്‍ അടാബാട്ടി പറഞ്ഞു. ഇത്തരം വൈകൃതങ്ങള്‍ക്ക്  എതിരെയുള്ള താക്കീത് കൂടിയാണ് പരസ്യമായ ശിക്ഷ നടപ്പാക്കലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

DONT MISS
Top