കാവിലെ പാട്ടുമത്സരം വീണ്ടും; വൈറലായി ഓര്‍ഫിയോയുടെ ‘പടകാളി’ വേര്‍ഷന്‍

ഓര്‍ഫിയോ ബാന്‍ഡ്‌

യോദ്ധ എന്ന ചിത്രവും അതിലെ പാട്ടുകളും മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ടതാണ്. എന്നാല്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് ഓര്‍ഫിയോ എന്ന ബാന്‍ഡിന്റെ പടകാളി വേര്‍ഷനാണ്. യോദ്ധയില്‍ കാവിലെ പാട്ടുമത്സരത്തിന് സൂപ്പര്‍ താരങ്ങളായ മോഹന്‍ലാലും ജഗതി ശ്രീകുമാറും തകര്‍ത്തഭിനയിച്ച പാട്ടിന് വയലിനില്‍ സംഗീത വിരുന്ന് ഒരുക്കുകയാണ് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓര്‍ഫിയോ ബാന്‍ഡ്.

പ്രശസ്ത സംഗീതഞ്ജന്‍ എആര്‍ റഹ്മാനെ ആദരിക്കാന്‍ ഓര്‍ഫിയോ തെരഞ്ഞെടുത്തത് യോദ്ധയിലെ മലയാളികളുടെ പ്രിയപ്പെട്ട പടകാളി എന്ന് തുടങ്ങുന്ന ഗാനമാണ്. യൂട്യൂബില്‍ മികച്ച അഭിപ്രായം നേടി മുന്നേറുന്ന വീഡിയോ പാട്ടിന്റെ തനിമ ഒട്ടും ചോരാതെ കാക്കുന്നു.

റഷ്യന്‍ വയലിനിസ്റ്റായ മരിയ ഗ്രിഗോറവയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഈ കലാസൃഷ്ടിക്ക് പിന്നില്‍. റോബിന്‍ തോമസ്, ഫ്രാന്‍സിസ് സേവ്യര്‍, കാരള്‍ ജോര്‍ജ്, ഹെറാള്‍ഡ് ആന്റണി, ബെന്‍ഹര്‍ തോമസ്, ബിനോയ് ജോസഫ്, റെക്‌സ് ഇസാക്ക്, എന്നിവരാണ് സംഗീത ലോകത്തെ ഇളക്കി മറിച്ച ഈ സംഗീത ആല്‍ബത്തിലെ കലാകാരന്‍മാര്‍.

ചുരുങ്ങിയ സമയത്തിനുള്ളില്‍ മികച്ച പ്രതികരണമാണ് ആല്‍ബത്തിന് ലഭിച്ചിരിക്കുന്നത്. പടകാളിയുടെ പുതിയ വേര്‍ഷന് അഭിനന്ദനമര്‍പ്പിച്ച് രംഗത്തെത്തിയവരില്‍ ചിത്രത്തിന്റെ സംവിധായകന്‍ സംഗീത് ശിവനും ഉള്‍പ്പെടുന്നു.

DONT MISS
Top