പള്‍സര്‍ സുനിയെ അറിയില്ലെന്ന് നാദിര്‍ഷ: ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി

നാദിര്‍ഷ ( ഫയല്‍ ചിത്രം )

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ നാദിര്‍ഷയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. ആലുവ പൊലീസ് ക്ലബില്‍ രാവിലെ പത്തരയ്ക്കാരംഭിച്ച ചോദ്യം ചെയ്യലാണ് പൂര്‍ത്തിയായിരിക്കുന്നത്. നീണ്ട ആറ് മണിക്കൂറോളമാണ് അന്വേഷണ സംഘം നാദിര്‍ഷയെ ചോദ്യം ചെയ്തത്.

തനിക്ക് പള്‍സര്‍ സുനിയെ അറിയില്ലെന്നും അത് താന്‍ അന്വേഷണ സംഘത്തോട് വ്യക്തമാക്കിയതായും ചോദ്യം ചെയ്യലിന് ശേഷം പുറത്തുവന്ന നാദിര്‍ഷ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. താനും ദിലീപും നിരപരാധികളാണെന്നും, കോടതിയില്‍ ഇക്കാര്യം ബോധ്യപ്പെടുത്തുമെന്നും നാദിര്‍ഷ പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം തന്നെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും നാദിര്‍ഷ പറഞ്ഞു.  അന്വേഷണത്തിന്റെ ഈ ഘട്ടത്തില്‍ നാദിര്‍ഷ പ്രതിയായേക്കില്ലെന്ന് ആലുവ റൂറല്‍ എസ്പി എവി ജോര്‍ജ് ചോദ്യം ചെയ്യലിന് ശേഷം പ്രതികരിച്ചു.

കേസില്‍ ചോദ്യം ചെയ്യലിന് കഴിഞ്ഞദിവസം നാദിര്‍ഷ ഹാജരായിരുന്നെങ്കിലും, രക്തസമ്മര്‍ദ്ദം കൂടുകയും ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ചെയ്തതിനെ തുടര്‍ന്ന് ചോദ്യം ചെയ്യല്‍ ഉപേക്ഷിക്കുകയുമായിരുന്നു. തുടര്‍ന്ന് നാദിര്‍ഷ ആശുപത്രിയില്‍ ചികില്‍സ തേടുകയും ചെയ്തിരുന്നു. ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു നാദിര്‍ഷ ചോദ്യം ചെയ്യലിന് ഹാജരായത്.

നാദിര്‍ഷയുടെ ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള മെഡിക്കല്‍ റിപ്പോര്‍ട്ട് ലഭിച്ചശേഷം ചോദ്യം ചെയ്യലിനുള്ള പുതിയ തീയതി നിശ്ചയിക്കാമെന്നായിരുന്നു പൊലീസ് അറിയിച്ചിരുന്നത്. നേരത്തെ ജൂണ്‍ മാസം ദിലീപിനെയും നാദിര്‍ഷയേയും അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു ദിലീപിനെ കേസില്‍ അറസ്റ്റ് ചെയ്തത്.

ആദ്യ തവണ നടത്തിയ ചോദ്യം ചെയ്യലില്‍ നാദിര്‍ഷ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറഞ്ഞിരിക്കുന്നതെന്നാണ് പെലീസ് വെളിപ്പെടുത്തിയത്. മൊഴികളില്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്നും അന്വേഷണസംഘം അന്നുതന്നെ വ്യക്തമാക്കിയിരുന്നു.

കൂടാതെ കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി അടുത്തിടെ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം തീരുമാനിച്ചത്. ക്വട്ടേഷന്‍ തുകയുടെ അഡ്വാന്‍സായി 25,000 രൂപ നാദിര്‍ഷയാണ് തനിക്ക് കൈമാറിയതെന്നായിരുന്നു കഴിഞ്ഞയാഴ്ച പള്‍സര്‍ സുനി വെളിപ്പെടുത്തിയത്. എന്നാല്‍ ഈ മൊഴി പൊലീസ് സമ്മര്‍ദ്ദം ചെലുത്തി പറയിച്ചതാണെന്ന് നാദിര്‍ഷ പ്രതികരിച്ചിരുന്നു.

അതിനിടെ കേസില്‍ നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയും, ദിലീപിന്റെ ജാമ്യാപേക്ഷയില്‍ അങ്കമാലി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌റ്റ്രേറ്റ് കോടതിയും നാളെ വിധി പറയും. കൂടാതെ കാവ്യമാധവന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയും ഹൈക്കോടതി നാളെ പരിഗണിക്കുന്നുണ്ട്.

DONT MISS
Top