ദിലീപിന് ജാമ്യം ലഭിക്കാത്തതിന് കാരണം കേരളത്തില്‍ നട്ടെല്ലുള്ള ജഡ്ജിമാരില്ലാത്തത്, തന്നെ ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കിയാല്‍ പൊലീസിന് മറുപടി നല്‍കും: പിസി ജോര്‍ജ്

പിസി ജോര്‍ജ്ജ്

കൊച്ചി: കേരളത്തില്‍ നട്ടെല്ലുള്ള ജഡ്ജിമാരില്ലാത്തതാണ് ദിലീപിന് ജാമ്യം ലഭിക്കാത്തതിന്റെ കാരണമെന്ന് പിസി ജോര്‍ജ് എംഎല്‍എ. നട്ടെല്ലുള്ള ജഡ്ജിമാരുണ്ടെങ്കില്‍ ജാമ്യം ലഭിക്കുമെന്ന് തനിക്കുറപ്പുണ്ട്, തന്നെ ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കിയാല്‍ അപ്പോള്‍ പൊലീസിന് മറുപടി നല്‍കും, തന്നെ കക്ഷി ചേര്‍ക്കണമെന്നാണ് അഭ്യര്‍ത്ഥനയെന്നും പിസി ജോര്‍ജ് റിപ്പോര്‍ട്ടറോട് പ്രതികരിച്ചു.

എന്തുകൊണ്ട് ദിലീപിന് ജാമ്യം നിഷേധിക്കുന്നുവെന്ന ചോദ്യത്തിനാണ് പിസിയുടെ മറുപടി. കഴിഞ്ഞ ദിവസം പൊലീസിനെ അധിക്ഷേപിച്ചും പിസി ജോര്‍ജ് സംസാരിച്ചിരുന്നു.കേസുമായി ബന്ധപ്പെട്ട് തന്നെ ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കിയിട്ടില്ല എന്നും, തനിക്ക് നോട്ടീസ് നല്‍കിയാല്‍ അപ്പോള്‍ തന്നെ മറുപടി നല്‍കും, കേസില്‍ തന്നെ കക്ഷി ചേര്‍ക്കണമെന്നാണ് ആഗ്രഹമെന്നും, കക്ഷി ചേര്‍ത്താല്‍ സിബി ഐയെ സമീപിക്കുമെന്നും പിസി ജോര്‍ജ് പറയുന്നു.

കാവ്യയുടെ ശ്രമം അന്വേഷണത്തെ അട്ടിമറിക്കാനാണെന്ന കോടിയേരിയുടെ പ്രസ്താവനയ്ക്കും പിസി മറുപടി നല്‍കി. കോടിയേരിയുടെ വാക്കുകളില്‍ തന്നെ കേസിന് പുറകില്‍ ആരാണെന്നത് വ്യക്തമാണെന്നും, ദിലീപ് അകത്ത് കിടക്കട്ടെയെന്നാണ് കോടിയേരി ഉദ്ദേശിക്കുന്നതെന്നും പിസി പറയുന്നു.

സിപിഐഎം ഉന്നത നേതാവിന്റെ മകനാണ് ഇതിന് പിന്നില്ലെന്നും, മഞ്ജു വാര്യരുടെ പുതിയ ചിത്രത്തില്‍ നായകവേഷം നല്‍കാമെന്ന് വാഗ്ദാനം ചെയ്തതുകൊണ്ടാണ് ദിലീപിനെതിരെ  അയാള്‍ നില്‍ക്കുന്നതെന്നും പിസി പറയുന്നു. സംവിധായകന്‍ ബൈജു കൊട്ടാരക്കരയെയും പിസി ജോര്‍ജ് വിമര്‍ശിക്കുന്നുണ്ട്. സ്വന്തം ഭാര്യയുമായി വിവാഹമോചനം നടത്തിയ ബൈജു കൊട്ടാരക്കരയ്ക്ക് സ്ത്രീത്വത്തെ പറ്റി പറയാന്‍ എന്ത് അവകാശമാണുള്ളതെന്നും പിസി ചോദിക്കുന്നു. ചോദ്യം ചെയ്യലിന് മുന്‍പായി നാദിര്‍ഷ തന്നെ കാണാന്‍ വന്നിരുന്നുവെന്നും, സംസാരിച്ചിരുന്നുവെന്നും പിസി ജോര്‍ജ് റിപ്പോര്‍ട്ടറോട് പ്രതികരിച്ചു.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനെ കുടുക്കിയതിന് പിന്നില്‍ ഗൂഢോലോചനയുണ്ടെന്നും ആക്രമിക്കപ്പെട്ട നടിക്കെതിരായി താന്‍ നേരത്തെ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായും പിസി ജോര്‍ജ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എഡിജിപി ബി സന്ധ്യയും ദിലീപിന്റെ മുന്‍ ഭാര്യയും സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകനും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയാണ് കേസിന് പിന്നിലെന്നും പറഞ്ഞിരുന്നു. അതേ നിലപാട് ആവര്‍ത്തി്ച്ചിരിക്കുകയാണ് വീണ്ടും പിസി ജോര്‍ജ്.

നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം നടത്തുന്നത് വട്ടിളകിയ ഉദ്യോഗസ്ഥരാണ്. എഡിജിപി സന്ധ്യയുടെ സ്വാധീനത്തിലാണ് ഉദ്യോഗസ്ഥര്‍ കേസ് അന്വേഷിക്കുന്നത്. എഡിജിപി സന്ധ്യ, ദിലീപിനെ വിട്ടുപോയ മുന്‍ ഭാര്യ, സംസ്ഥാനത്തെ ഒരു പ്രമുഖരാഷ്ട്രീയ നേതാവിന്റെ മകന്‍, ഫിലിം എക്‌സിബിറ്റേഴ്‌സിന്റെ നേതാവ് തുടങ്ങിയവര്‍ ചേര്‍ന്നാണ് ദിലീപിനെ കുടുക്കിയതെന്ന വാദത്തില്‍ താന്‍ ഉറച്ചുനില്‍ക്കുകയാണെന്നും പിസി ജോര്‍ജ് പറഞ്ഞിരുന്നു.

DONT MISS
Top