“കുറ്റം ആരോപിക്കപ്പെട്ടയാളെ കൂവിത്തെറിവിളിക്കുന്ന, അയാളുടെ സിനിമകളെ ആക്രമിക്കുന്ന രീതി പരിഷ്‌കൃതമല്ല”: രാമലീലയെ പിന്തുണച്ച് ആഷിഖ് അബു

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായി റിമാന്റില്‍ കഴിയുന്ന ദിലീപിന്റെ പുതിയ ചിത്രം രാമലീലയെ പിന്തുണച്ച് സംവിധായകന്‍ ആഷിഖ് അബു രംഗത്ത്. കുറ്റം ആരോപിക്കപ്പെട്ടയാളെ കൂവിത്തെറിവിളിക്കുന്ന, അയാളുടെ സിനിമകളെ ആക്രമിക്കിന്ന രീതി ഒട്ടും പരിഷ്‌കൃതമല്ലെന്ന് ആഷിഖ് അബു അഭിപ്രായപ്പെട്ടു. ഈ മാസം 28 നാണ് രാമലീല തിയേറ്ററുകളില്‍ എത്തുന്നത്.

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ സോഷ്യല്‍ മീഡിയയിലൂടെ അതിശക്തമായി വിമര്‍ശിച്ചുകൊണ്ടിരിക്കുന്ന വ്യക്തിയാണ് ആഷിഖ് അബു. അടുത്തിടെ ദിലീപ് ഫാന്‍സും ആഷിഖ് അബുവും തമ്മില്‍ സോഷ്യല്‍ മീഡിയയിലൂടെ ഏറ്റുമുട്ടലും നടന്നിരുന്നു. ഇതിന് പിന്നാലെയാണ് ദിലീപ് ചിത്രത്തിന് പിന്തുണ പ്രഖ്യാപിച്ച് ആഷിഖ് അബു രംഗത്തെത്തിയിരിക്കുന്നത്.

“കുറ്റം ആരോപിക്കപ്പെട്ടയാളെ കൂവിത്തെറിവിളിക്കുന്ന, അയാളുടെ സിനിമകളെ ആക്രമിക്കുന്ന രീതി ഒട്ടും തന്നെ പരിഷ്‌കൃതമല്ല. ഈ അതിവൈകാരിക പ്രകടനങ്ങള്‍ വിപരീതഫലമുണ്ടാക്കും എന്നല്ലാതെ ഒരുതരത്തിലും സത്യം പുറത്തുവരുന്നതിന് ഹേതുവാകില്ല”. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ആഷിഖ് അബു അഭിപ്രായപ്പെട്ടു.

ദിലീപിന് തന്നോട് എന്തെങ്കിലും വിരോധം തോന്നിയിട്ടുണ്ടെങ്കില്‍ അത് റാണി പത്മിനി എന്ന തന്റെ ചിത്രത്തിന് ശേഷമാണെന്ന് കഴിഞ്ഞ ദിവസം ആഷിഖ് അബു പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്നാണ് ദിലീപ് ഫാന്‍സ് ആഷിഖ് അബുവുമായി ഏറ്റുമുട്ടിയത്. തുടര്‍ന്ന് അവള്‍ക്കൊപ്പം, അവള്‍ക്കൊപ്പം മാത്രം എന്ന ഹാഷ്ടാഗിലൂടെ നടിക്കുള്ള തന്റെ പിന്തുണ പ്രഖ്യാപിച്ച ആഷിഖ് ദിലീപിനെ അനുകൂലിച്ചവരെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. നടി ആക്രമിക്കപ്പെട്ട കേസ് നിര്‍ഭയ കേസിന് സമാനമാണെന്നും താരസംഘടനയായ അമ്മയില്‍ നിന്ന് നടിമാര്‍ക്ക് നീതി ലഭിക്കുന്നില്ലെന്നും നേരത്തെ ആഷിഖ് അബു വിമര്‍ശനം ഉന്നയിച്ചിരുന്നു.

DONT MISS
Top