കൊറിയ ഓപ്പണ്‍ ബാഡ്മിന്റണ്‍: പിവി സിന്ധു ഫൈനലില്‍, എതിരാളി ഒക്കുഹാര

സോള്‍: കൊറിയ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ ഫൈനലില്‍ ഇന്ത്യയുടെ പിവി സിന്ധുവും ജപ്പാന്റെ നൊസോമി ഒക്കുഹാരയും ഏറ്റമുട്ടും. കഴിഞ്ഞ മാസം അവസാനിച്ച ലോകബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ് ഫൈനലിന്റെ തനിയാവര്‍ത്തനത്തിനാണ് കൊറിയന്‍ ഓപ്പണ്‍ ഫൈനലിലും കളം ഒരുങ്ങിയിരിക്കുന്നത്. ഫൈനല്‍ നാളെ നടക്കും. ലോകചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ മൂന്ന് ഗെയിം നീണ്ട പോരാട്ടത്തില്‍ സിന്ധുവിനെ തോല്‍പ്പിച്ച് ഒക്കുഹാര കിരീടം സ്വന്തമാക്കുകയായിരുന്നു.

സെമിയില്‍ ചൈനയുടെ ഹി ബിങ് ജിയോയെ ഒന്നിനെതിരെ മൂന്ന് ഗെയിമുകള്‍ക്ക് തകര്‍ത്താണ് സിന്ധു കലാശപ്പോരിന് അര്‍ഹത നേടിയത്. സ്‌കോര്‍ 21-10, 17-21, 21-16. മത്സരം ഒരു മണിക്കൂര്‍ നീണ്ടുനിന്നു. കഴിഞ്ഞ ദിവസം നടന്ന ക്വാര്‍ട്ടര്‍ മത്സരത്തിലും മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു സിന്ധു വിജയിച്ചത്. സിന്ധുവിന്റെ ഈവര്‍ഷത്തെ രണ്ടാം സൂപ്പര്‍ സീരീസ് ഫൈനലാണിത്. നേരത്തെ ഏപ്രിലില്‍ ഇന്ത്യ ഓപ്പണ്‍ സൂപ്പര്‍ സീരീസ് കിരീടം സിന്ധു സ്വന്തമാക്കിയിരുന്നു.

സ്വന്തം നാട്ടുകാരിയായ അകാനെ യാമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തകര്‍ത്താണ് ഒക്കുഹാര ഫൈനലിലേക്ക് മുന്നേറിയിരിക്കുന്നത്. സ്‌കോര്‍ 21-17, 21-18.

ലോകചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ നൊസാമി ഒക്കുഹാരയില്‍ നിന്നേറ്റ തോല്‍വിക്ക് മധുരപ്രതികാരം നല്‍കാനുള്ള സുവര്‍ണാവസരമാണ് സിന്ധുവിന് ഇപ്പോള്‍ കൈവന്നിരിക്കുന്നത്.

DONT MISS
Top