ഡിസ്‌കൗണ്ട് വില്‍പ്പനയുടെ സീസണ്‍ വരവായി; പൊരിഞ്ഞ പോരാട്ടം കാഴ്ച്ചവയ്ക്കാന്‍ അഞ്ചുദിവസത്തേക്ക് 80% വരെ ഡിസ്‌കൗണ്ടുമായി ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകള്‍

പ്രതീകാത്മക ചിത്രം

ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകളുടെ ഡിസ്‌കൗണ്ട് മേള ഉപയോഗപ്പെടുത്തുന്നവര്‍ ധാരാളമാണ്. ബ്രാന്റ് ഉത്പ്പന്നങ്ങളും അല്ലാത്തവയുമായി ധാരാളം സാധനങ്ങള്‍ വന്‍ വിലക്കിഴിവില്‍ ലഭിക്കുമ്പോള്‍ ആരാണ് വാങ്ങല്‍ പ്രലോഭനത്തില്‍ വീഴാത്തത്! എല്ലാ വര്‍ഷവും ഇത്തരം ഡിസ്‌കൗണ്ട് വില്‍പന വരാന്‍വേണ്ടി മാത്രം കാത്തിരിക്കുന്നവരുമുണ്ട്.

ഇത്തവണത്തെ ഡിസ്‌കൗണ്ട് വില്‍പനയുടെ സീസണ്‍ വീണ്ടും വന്നുകഴിഞ്ഞിരിക്കുന്നു. ഇത്തവണ ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ്‌സൈറ്റ് രാജാക്കന്മാരെല്ലാം ഡിസ്‌കൗണ്ട് വില്‍പ്പനയ്ക്കായി ഒരുക്കവും തുടങ്ങി. ഫ്‌ളിപ് കാര്‍ട്ടും ആമസോണും തമ്മിലാണ് തീപാറുന്ന മത്സരം. ഉത്പ്പന്നം വിറ്റഴിക്കാന്‍ ഏതറ്റം വരെയും പോകാന്‍ ഇവര്‍ തയാര്‍. ഒരുപക്ഷേ നഷ്ടം പോലും ഇവര്‍ സഹിക്കും. ലക്ഷ്യം ഒന്നുമാത്രം-ഉത്പ്പന്നം വിറ്റഴിക്കുക.

വിവിധ ഉത്പ്പന്നങ്ങള്‍ക്ക് 80% വരെയാണ് ഇരുകൂട്ടരും പ്രഖ്യാപിച്ചിരിക്കുന്ന ഡിസ്‌കൗണ്ട്. ‘ദി ബിഗ് ബില്യണ്‍ ഡെയ്‌സ്‌’ എന്നാണ് ഫ്‌ളിപ്കാര്‍ട്ട് ആദായ വില്‍പനയ്ക്ക് നല്‍കിയിരിക്കുന്ന പേര്. സെപ്റ്റംബര്‍ 20 മുതല്‍ 24 വരെയാണ്‌ ഫ്‌ളിപ്കാര്‍ട്ടും ഉപഭോക്താക്കളും ‘ദി ബിഗ് ബില്യണ്‍ ഡെയ്‌സ്‌’ ആഘോഷിക്കുക. എന്നാല്‍ ആമസോണ്‍ സെപ്റ്റംബര്‍ 21 മുതല്‍ 24 വരെയാണ്‌ ആദായ വില്‍പനയായ ‘ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍’ സെയില്‍ നടപ്പാക്കുക.

എന്നാല്‍ ഇത്തരം വന്‍ ഓഫറുകളില്‍ ഉപഭോക്താക്കള്‍ക്ക് പൂര്‍ണ വിശ്വാസമുണ്ടെന്ന് പറയാനാവില്ല. കാരണം 200 രൂപ മാത്രമുള്ള പെന്‍ഡ്രൈവിന് 2000 രൂപയിട്ടിട്ട് 90% ഡിസ്‌കൗണ്ട് നല്‍കുന്ന ഇടപാട് പലതവണ സൈബര്‍ ലോകം കയ്യോടെ പൊക്കിയതുമാണ്. ഇത്തവണ അത്തരം ദുരനുഭവങ്ങളൊന്നും ഉണ്ടാകാതെ നോക്കാന്‍ ഷോപ്പിംഗ് ഭീമന്മാര്‍ ശ്രദ്ധിക്കും.

മിക്ക ഉത്പ്പന്നങ്ങളും ആദായ വില്‍പനയില്‍ ഉണ്ടാകുമെങ്കിലും ചിലര്‍ കൂടുതല്‍ ‘ആദായം’ നേടാന്‍ സാധ്യതയുണ്ട്. ഇലക്ട്രോണിക് ഉത്പ്പന്നങ്ങള്‍ വാങ്ങാന്‍ കാത്തിരിക്കുന്നവരാണിക്കൂട്ടര്‍. ഇവര്‍ക്കാകും ഈ ആദായവില്‍പനക്കാലം ഏറ്റവും സന്തോഷം പകരുകയെന്നുറപ്പ്.

DONT MISS
Top