ജോലി ചെയ്യാതെ പ്രതിഫലമില്ലെന്ന തത്വം റിസോര്‍ട്ടില്‍ താമസിക്കുന്ന എംഎല്‍എമാര്‍ക്കും ബാധകമല്ലേ: കമല്‍ഹാസന്‍

കമല്‍ഹാസന്‍

ചെന്നൈ: നടന്‍ കമല്‍ഹാസന്‍ അണ്ണാഡിഎംകെയ്‌ക്കെതിരെ വീണ്ടും രംഗത്ത്. ജോലിയില്ലെങ്കില്‍ പ്രതിഫലമില്ലെന്ന തത്വം റിസോര്‍ട്ടില്‍ തങ്ങുന്ന എംഎല്‍എമാര്‍ക്കും ബാധകമല്ലെ എന്നാണ് താരം ചോദിക്കുന്നത്. ട്വിറ്ററിലൂടെയാണ് താരം പരോക്ഷമായ വിമര്‍ശനം നടത്തിയിരിക്കുന്നത്.  സ്വന്തമായി പാര്‍ട്ടി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കമല്‍ഹാസന്‍ രംഗത്തെത്തിയിരിക്കുന്നത്.

ജോലി ചെയ്യാതെ പ്രതിഫലമില്ലെന്ന തത്വം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മാത്രമാണോ ബാധകം, റിസോര്‍ട്ടില്‍ താമസിച്ച് കുതിരക്കച്ചവടം നടത്തുന്ന എംഎല്‍എമാര്‍ക്കും ബാധകമല്ലെ എന്നാണ് അദ്ദേഹം ചോദിക്കുന്നത്. സമരത്തില്‍ പങ്കെടുത്ത അധ്യാപകരെ കോടതി ശാസിച്ചിരുന്നു, വിവിധ ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജീവനക്കാര്‍ സമരം നടത്തുന്നത്, എന്നാല്‍ റിസോര്‍ട്ടില്‍ എംഎല്‍എമാര്‍ താമസിക്കുന്നത് യാതൊരു കാരണമില്ലാതെയാണെന്നാണ് കമല്‍ഹാസന്‍ ട്വീറ്റില്‍ കുറിച്ചത്.

നേരത്തെ ശശികല-പളനിസാമി-പനീര്‍ശെല്‍വം വിഭാഗങ്ങള്‍ തമ്മിലുള്ള എഐഎഡിഎംകെയിലെ അധികാര വടംവലിയെ നിശിതമായി വിമര്‍ശിച്ച് കമല്‍ഹാസന്‍ രംഗത്തെത്തിയിരുന്നു. പളനിസാമി-പനീര്‍ശെല്‍വം വിഭാഗങ്ങളുടെ ലയനത്തെയും താരം പരിഹസിച്ചിരുന്നു. തമിഴ്‌നാട്ടിലെ ജനങ്ങളുടെ തലയില്‍ വിഡ്ഢികളുടെ തൊപ്പികളാണ് ഇരിക്കുന്നതെന്നും ഇത് ഉപേക്ഷിക്കാന്‍ ജനങ്ങള്‍ തയ്യാറാകണമെന്നും കമല്‍ഹാസന്‍ ആവശ്യപ്പെട്ടിരുന്നു.

സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായും കമല്‍ഹാസന്‍ രംഗത്തെത്തിയിരുന്നു. സര്‍ക്കാര്‍ വകുപ്പുകളിലെല്ലാം അഴിമതിയാണെന്നും ഇതിനെതിരെ ജനങ്ങള്‍ രംഗത്തെത്തണമെന്നും കമല്‍ഹാസന്‍ വിമര്‍ശിച്ചിരുന്നു. തമിഴ്‌നാട് രാഷ്ട്രീയത്തിലെ നാടകീയ രംഗങ്ങളെ വിമര്‍ശിച്ച അദ്ദേഹം, തമിഴ്‌നാട്ടില്‍ കുതിരകച്ചവടം അനുവദിക്കാനാകില്ലെന്നും ഇതിനെതിരെ പ്രതികരിക്കുമെന്നും വ്യക്തമാക്കിയിരുന്നു.

ജയലളിതയുടെ മരണത്തോടെ കുഴഞ്ഞുമറിഞ്ഞ തമിഴ്‌നാട് രാഷ്ട്രീയത്തില്‍ കമല്‍ഹാസന്റെ രാഷ്ടീയ പാര്‍ട്ടി പ്രഖ്യാപനത്തിലൂടെ മറ്റൊരു വഴി തിരിവ് ഉണ്ടാകുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റു നോക്കുന്നത്.

DONT MISS
Top