അര്‍ബുദ ചികിത്സയ്ക്കിടെ പെണ്‍കുട്ടിക്ക് എച്ച്‌ഐവി ബാധിച്ച സംഭവം; സമഗ്ര അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല

രമേശ് ചെന്നിത്തല

തിരുവനന്തപുരം: റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സയില്‍ കഴിയവേ പെണ്‍കുട്ടിക്ക് എച്ച്‌ഐവി ബാധിച്ച സംഭവത്തില്‍ പഴുതടച്ച സമഗ്ര അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കുറ്റവാളികളെ സ്ഥാപനത്തില്‍ നിന്നും പുറത്താക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ആര്‍സിസിയില്‍ പെണ്‍കുട്ടിയെ സന്ദര്‍ശിച്ച ശേഷം മുഖ്യമന്ത്രിയോട് ഫോണില്‍ സംസാരിച്ചപ്പോഴാണ് ഇക്കാര്യം പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടത്.

രക്തബാര്‍ബുദവുമായി എത്തി എച്ച്‌ഐവിയുമായി മടങ്ങേണ്ട അവസ്ഥയില്‍ കുടുംബം ആകെ തകര്‍ന്നിരിക്കുകയാണ്. ചികിത്സാ ചെലവുകള്‍ വഹിക്കുന്നത് കൂടാതെ കുടുംബത്തിന് സാമ്പത്തിക സഹായവും നല്‍കണമെന്ന് മുഖ്യമന്ത്രിയോട് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

അതേസമയം, രക്തം സ്വീകരിച്ച കുട്ടിക്ക് എച്ച്‌ഐവി ബാധിച്ച സംഭവം വിദഗ്ധസംഘം അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു.കുട്ടിയുടെ രക്ഷിതാവിന്റെ പരാതി കിട്ടിയ ഉടനെതന്നെ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആര്‍സിസി ഡയറക്ടറോട് ആവശ്യപ്പെട്ടിരുന്നു. നരത്തെ നടത്തിയ ടെസ്റ്റുകളില്‍ വ്യത്യസ്തമായ റിസല്‍ട്ട് കണ്ടതിനെ തുടര്‍ന്നാണ് കൂടുതല്‍ വിദഗ്ധപരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടതെന്നും മന്ത്രി പറഞ്ഞു.

DONT MISS
Top