ദിലീപിനെ കുടുക്കിയത് ഗൂഢാലോചന; അന്വേഷണം നടത്തുന്നത് വട്ടിളകിയ ഉദ്യോഗസ്ഥര്‍: പിസി ജോര്‍ജ്

പിസി ജോര്‍ജ്

കോട്ടയം: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപിനെ കുടുക്കിയതിന് പിന്നില്‍ ഗൂഢോലോചനയുണ്ടെന്നും ആക്രമിക്കപ്പെട്ട നടിക്കെതിരായി താന്‍ നേരത്തെ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായും പിസി ജോര്‍ജ് എംഎല്‍എ. എഡിജിപി ബി സന്ധ്യയും ദിലീപിന്റെ മുന്‍ ഭാര്യയും സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകനും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയാണ് കേസിന് പിന്നിലെന്നും പിസി ജോര്‍ജ് പറഞ്ഞു.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടിക്കെതിരേ പരാമര്‍ശം നടത്തിയതിന്റെ പേരില്‍ കേസെടുക്കുമെന്ന് പറഞ്ഞ് തന്നെ ഭീഷണിപ്പെടുത്തുന്ന സംസ്ഥാന വനിതാ കമ്മീഷനെതിരേയും ആഞ്ഞടിച്ചായിരുന്നു പിസി ജോര്‍ജ് മാധ്യമങ്ങളോട് സംസാരിച്ചത്. അറസ്റ്റിലായി ഇത്രനാള്‍ കഴിഞ്ഞിട്ടും ദിലീപിന് ജാമ്യം നല്‍കാന്‍ തയാറാകാത്തതെന്തുകൊണ്ടെന്ന് കോടതി വ്യക്തമാക്കണമെന്ന് ജോര്‍ജ് ആവശ്യപ്പെട്ടു. ദിലീപിനെതിരേ മൊഴി നല്‍കാന്‍ അന്വേഷണസംഘം ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷായെ ഭീഷണപ്പെടുത്തുകയാണെന്നും ജോര്‍ജ് ആരോപിച്ചു.

നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം നടത്തുന്നത് വട്ടിളകിയ ഉദ്യോഗസ്ഥരാണ്. എഡിജിപി സന്ധ്യയുടെ സ്വാധീനത്തിലാണ് ഉദ്യോഗസ്ഥര്‍ കേസ് അന്വേഷിക്കുന്നത്. എഡിജിപി സന്ധ്യ, ദിലീപിനെ വിട്ടുപോയ മുന്‍ ഭാര്യ, സംസ്ഥാനത്തെ ഒരു പ്രമുഖരാഷ്ട്രീയ നേതാവിന്റെ മകന്‍, ഫിലിം എക്‌സിബിറ്റേഴ്‌സിന്റെ നേതാവ് തുടങ്ങിയവര്‍ ചേര്‍ന്നാണ് ദിലീപിനെ കുടുക്കിയതെന്ന വാദത്തില്‍ താന്‍ ഉറച്ചുനില്‍ക്കുകയാണെന്നും പിസി ജോര്‍ജ് പറഞ്ഞു.

നടിയെ ആക്രമിച്ചകേസില്‍ ഇരയായ നടിക്കെതിരേ താന്‍ നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ കേസ് എടുക്കുമെന്ന് വനിതാ കമ്മീഷന്‍ ഭീഷണിപ്പെടുത്തുകയാണ്. എന്നാല്‍ എന്തുകൊണ്ടാണ് കേസ് എടുക്കാത്തതെന്ന് അദ്ദേഹം ചോദിച്ചു. തനിക്കെതിരേ കേസ് എടുക്കാന്‍ അവര്‍ക്ക് കഴിയില്ല. പിസി ജോര്‍ജിനെതിരേ കേസ് എടുക്കാന്‍ തീരുമാനിച്ചശേഷം വനിതാകമ്മീഷന്‍ അധ്യക്ഷയായ തന്നെ മനുഷ്യവിസര്‍ജ്യമടക്കം പോസ്റ്റലായി അയച്ച് ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്യുന്നതായി എംസി ജോസഫൈന്‍ ഇന്നലെ പറഞ്ഞിരുന്നു. ഇതെക്കുറിച്ച് ചോദിച്ചപ്പോള്‍ ചീമുട്ടയ്‌ക്കെതിരേ ആരെങ്കിലും ചീമുട്ടയെറിയുമോ എന്നായിരുന്നു അദ്ദേഹം ‘ റിപ്പോര്‍ട്ടര്‍’ ചാനലിനോട് പ്രതികരിച്ചത്.

DONT MISS
Top