സിപിഐഎമ്മിനെ നിയന്ത്രിക്കുന്നത് കണ്ണൂര്‍ ലോബി; പാര്‍ട്ടിക്കുള്ളില്‍ കാരാട്ട്- യെച്ചൂരി അധികാര വടംവലി, പിണറായിക്കും കേരള ഘടകത്തിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി ഋതബ്രത ബാനര്‍ജി

ഋതബ്രത ബാനര്‍ജി

ദില്ലി : സിപിഐഎമ്മിനെ നിയന്ത്രിക്കുന്നത് കേരള ഘടകമെന്ന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ രാജ്യസഭാംഗം ഋതബ്രത ബാനര്‍ജി. കണ്ണൂര്‍ ലോബിയാണ് പാര്‍ട്ടിയെ നിയന്ത്രിക്കുന്നത്. ജനറല്‍ സെക്രട്ടറിയ്ക്ക് പാര്‍ട്ടിയ്ക്കകത്ത്  ന്യൂനപക്ഷത്തിന്റെ പിന്തുണ മാത്രമേ ഉള്ളൂവെന്നും ഋതബ്രത പറഞ്ഞു. റിപ്പബ്ലിക് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കേരള ഘടകത്തെയും പിണറായി വിജയന്‍, പ്രകാശ് കാരാട്ട് തുടങ്ങിയവരെയും രൂക്ഷമായി വിമര്‍ശിച്ച് ഋതബ്രത ബാനര്‍ജി രംഗത്തെത്തിയത്.

കേരളത്തില്‍ മുഖ്യമന്ത്രി, പാര്‍ട്ടി സെക്രട്ടറി, മന്ത്രിമാര്‍, പാര്‍ട്ടിയുടെ പ്രധാന നേതാക്കള്‍ എന്നിവരെല്ലാം കണ്ണൂര്‍ ലോബിയില്‍പ്പെട്ടവരാണ്. കേരളത്തിലെ ജനകീയ നേതാവായ വിഎസ് അച്യുതാനന്ദനെപ്പോലും ഇവര്‍ ഒതുക്കിയിരിക്കുകയാണ്. കേരളഘടകത്തിന്റെ ഇഷ്ടത്തിനനുസരിച്ചാണ് സിപിഐഎമ്മിന്റെ പ്രവര്‍ത്തനം. അല്ലെങ്കില്‍ യെച്ചൂരിയുടെ രാജ്യസഭാംഗത്വ വിഷയത്തില്‍, കേന്ദ്രക്കമ്മിറ്റി അവസാനിക്കും മുമ്പ് പിണറായി വിജയന്‍ എങ്ങനെ പരസ്യമായി അഭിമുഖം നല്‍കുമെന്നും ഋതബ്രത ബാനര്‍ജി ചോദിച്ചു.


സിപിഐഎമ്മിനകത്ത് പ്രകാശ് കാരാട്ടും സീതാറാം ചെയ്യൂരിയും തമ്മില്‍ അധികാര വടംവലിയുണ്ടെന്നുള്ളത് പരസ്യമായ രഹസ്യമാണ്. യെച്ചൂരിയ്ക്ക് പിബിയിലും കേന്ദ്രക്കമ്മിറ്റിയിലും ഭൂരിപക്ഷമില്ല. കേരളത്തില്‍ പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍ എന്നിവരും, ബംഗാളില്‍ മുഹമ്മദ് സലിമും വഴിയാണ് കാരാട്ട് പ്രവര്‍ത്തിക്കുന്നത്. ബംഗാള്‍ ഘടകത്തിന് പാര്‍ട്ടിയ്ക്കകത്ത് പ്രാധാന്യമൊന്നുമില്ല. നിലവിലെ സാഹചര്യത്തില്‍ ബംഗാളില്‍ സിപിഐഎമ്മില്‍ പിളര്‍പ്പ് ഉണ്ടാകുമെന്നും ഋതബ്രത പറഞ്ഞു.

കേരളത്തിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ നിന്ന് സര്‍ക്കാരിന് കൈകഴുകാനാകില്ല. രാഷ്ട്രീയ കൊലപാതകങ്ങള്‍ ഉണ്ടാകുമ്പോള്‍, ജനങ്ങളോട് സമാധാനം പറയാനുള്ള ബാധ്യത സര്‍ക്കാരിനുണ്ടെന്നും ഋതബ്രത പറഞ്ഞു.


ഓരോ എംപിയ്ക്കും അഞ്ചുകോടി രൂപ പൊതുജനങ്ങള്‍ക്കായി ചെലവഴിക്കാം. ഈ പണം പൊതുഖജനാവിലെ പണമാണ്. എന്നാല്‍ സിപിഐഎമ്മിലെ രാജ്യസഭാംഗങ്ങള്‍ക്ക് പണം ചെലവഴിക്കുന്നതിന് യാതൊരു അധികാരവുമില്ലെന്ന് ഋതബ്രത ആരോപിച്ചു. എംപി ഫണ്ട് ചെലവഴിക്കുന്നതില്‍ അഴിമതിയുണ്ടെന്നും, ഇക്കാര്യം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭ ഉപാധ്യക്ഷന് കത്തെഴുതുമെന്നും ഋതബ്രത ബാനര്‍ജി പറഞ്ഞു.


തന്നെ പുറത്താക്കിയ കാര്യം ഇതുവരെ പാര്‍ട്ടി അറിയിച്ചിട്ടില്ല. തനിക്കെതിരെ പാര്‍ട്ടിയ്ക്കകത്ത് ഗൂഢാലോചന നടക്കുന്നുണ്ട്. ഈ ഗൂഢാലോചനയിലെ പങ്കാളികളിലൊരാളായ മുഹമ്മദ് സലിമാണ്, തനിക്കെതിരായ ആപേക്ഷങ്ങള്‍ അന്വേഷിക്കുന്നത്. വ്യക്തിപരമായ ആക്ഷേപങ്ങള്‍ വരെ അന്വേഷണത്തിലുണ്ട്. ഈ അഭിമുഖത്തിന് ശേഷം ജിവന് ഭയമുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി, സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് കത്തെഴുതുമെന്നും ഋതബ്രത ബാനര്‍ജി പറഞ്ഞു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ കഴിഞ്ഞദിവസമാണ് ഋതബ്രത ബാനര്‍ജിയെ പുറത്താക്കിയത്.

DONT MISS
Top