ഏഴുവയസുകാരന്‍ കൊല്ലപ്പെട്ട റയാന്‍ സ്‌കൂളിന്റെ സൈറ്റ് ഹാക്ക് ചെയ്ത് സൈബര്‍ വാരിയേഴ്‌സ്

കൊല്ലപ്പെട്ട പ്രത്യുമന്‍ താക്കുര്‍, കേരള സൈബര്‍ വാരിയേഴ്‌സിന്റെ എംബ്ലം

ദില്ലിക്ക് സമീപം ഗുഡ്ഗാവിലെ സ്‌കൂളില്‍ രണ്ടാം ക്ലാസുകാരനായ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ട സംഭവത്തില്‍ കേരള സൈബര്‍ വാരിയേഴ്‌സിന്റെ പ്രതിഷേധം. കൊല്ലപ്പെട്ട, ഏഴുവയസുകാരനായ  പ്രത്യുമന്‍ താക്കുര്‍ പഠിച്ചിരുന്ന റയാന്‍ സ്‌കൂളിന്റെ സൈറ്റ്  കേരള സൈബര്‍ വാരിയേഴ്‌സ്  ഹാക്ക് ചെയ്തു. കുട്ടിയോടുള്ള ആദരസൂചമാകമായും കുട്ടികള്‍ക്ക് സുരക്ഷയൊരുക്കാന്‍ സ്‌കൂള്‍ മാനേജ്‌മെന്റ് പരാജയപ്പെട്ടതില്‍ പ്രതിഷേധിച്ചുമാണ് സൈറ്റ് ഹാക്ക് ചെയ്തതെന്ന് ഹാക്കര്‍മാര്‍ വ്യക്തമാക്കി.

ഇന്ത്യന്‍ ജനത കുട്ടിയുടെ നീതിക്കായി കാത്തിരിക്കുന്നു. മതിയായ സുരക്ഷയൊരുക്കാന്‍ കഴിയാതിരുന്നതിനാലാണ് ഈ കുഞ്ഞിന് ഈ ദുര്‍ഗതി വന്നതെന്നും സൈറ്റ് ഹാക്ക് ചെയ്ത് ഇട്ട പോസ്റ്റില്‍ സൈബര്‍ വാരിയേഴ്‌സ് പറയുന്നു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഏഴു വയസുകാരനായ പ്രധ്യുമനെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ സ്‌കൂളിലെ ശുചിമുറിയ്ക്ക് സമീപം കണ്ടെത്തിയത്.  കുട്ടിയുടെ മൃതദേഹത്തിന് സമീപം ഒരു കത്തിയും കിടക്കുന്നുണ്ടായിരുന്നു. കുട്ടി ലൈംഗീക പീഡനത്തിനിരയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇന്നലെ പുറത്തുവന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ലൈംഗിക പീഡനം നടന്നായി സൂചനകളില്ലായിരുന്നു.

കുട്ടിയെ കൊലപ്പെടുത്തിയതിന് സ്‌കൂള്‍ ബസ് കണ്ടക്ടര്‍ അശോക് കുമാറിനെ പൊലീസ് അറസ്റ്റ്‌ചെയ്തിരുന്നു. ഇയാളാണ് കുട്ടിയെ കൊലപ്പെടുത്തിയത്. കൊലപാതകം ഇയാള്‍ സമ്മതിച്ചതായി പൊലീസ് പറഞ്ഞിരുന്നു. കുട്ടിയ്ക്ക് സുരക്ഷയേര്‍പ്പെടുത്തുന്നതില്‍ വീഴ്ച സംഭവിച്ചതിന്റെ പേരില്‍ സ്‌കൂള്‍ മാനേജ്‌മെന്റിന്റെ റീജിയണല്‍ ഹെഡ് ഫ്രാന്‍സിസ് തോമസ്, എച്ച് ആര്‍ വിഭാഗം തലവന്‍ ജയേഷ് തോമസ് എന്നിവരെ ഞായറാഴ്ച രാത്രി അറസ്റ്റു ചെയ്തിരുന്നു. ഇവര്‍ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തു.

രാജ്യമനസാക്ഷിയെ ഞെട്ടിച്ച രണ്ടാം ക്ലാസുകാരന്റെ കൊലപാതകത്തില്‍ രാജ്യമെമ്പാടും വന്‍പ്രതിഷേധമാണ് ഉയര്‍ന്നത്. ഇതിന് പിന്നാലെയാണ് റയാന്‍ സ്‌കൂളിന്റെ സൈറ്റ് കേരളാ സൈബര്‍ വാരിയേഴ്‌സിന്റെ ആക്രമണത്തിന് ഇരയായത്. ഉത്തരേന്ത്യയില്‍ നിരവധി സ്‌കൂളുകളാണ് റയാന്‍ മാനേജ്‌മെന്റിന് കീഴിലുള്ളത്.

മുന്‍പും വിവിധ വിഷയങ്ങളിലെ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്താന്‍ അതത് വിഷയങ്ങളുമായി ബന്ധപ്പെട്ട വകുപ്പുകളുടെയും സംഘടനകളുടെയും വ്യക്തികളുടെയും സൈറ്റുകള്‍ കേരള സൈബര്‍ വാരിയേഴ്‌സ് ഹാക്ക് ചെയ്തിട്ടുണ്ട്. നിരവധി പാകിസ്താന്‍ വെബ് സൈറ്റുകളും ഇവരുടെ ആക്രമണത്തിന് ഇരയായിട്ടുണ്ട്.

DONT MISS
Top