ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ സംഘപരിവാറുമായി ബന്ധിപ്പിച്ചു; രാമചന്ദ്ര ഗുഹയ്ക്ക് ബിജെപിയുടെ നോട്ടീസ്

രാമചന്ദ്ര ഗുഹ

ബംഗളുരു: ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിനു പിന്നില്‍ ആര്‍എസ്സ്എസ്സോ അല്ലെങ്കില്‍ സംഘപരിവാറോ ആയിരിക്കുമെന്ന് മാധ്യമങ്ങളിലൂടെ അഭിപ്രായ പ്രകടനം നടത്തിയതിന് ചരിത്രകാരനായ രാമചന്ദ്ര ഗുഹക്കെതിരെ ബിജെപി നോട്ടീസയച്ചു. മൂന്നുദിവസത്തിനകം പരാമര്‍ശം പിന്‍വലിച്ച് മാപ്പു പറഞ്ഞില്ലെങ്കില്‍ ക്രിമിനല്‍ നടപടി സ്വീകരിക്കുമെന്നാണ് നോട്ടീസില്‍ പറയുന്നത്.

ധബോല്‍ക്കറിനെയും പന്‍സാരെയേയും കല്‍ബുര്‍ഗിയെയും കൊന്നതു പോലെ സംഘ പരിവാര്‍തന്നെയാണ് ഇതിന്റെയും പിന്നില്‍ എന്നാണ് രാമചന്ദ്ര ഗുഹ പറഞ്ഞത്. ഇതിനെതിരെയാണ് ബിജെപി നോട്ടീസ് അയച്ചത്. ഈ കൊലപാതകങ്ങളൊന്നും ബിജെപിയുടെ സംഘടനകളാണ് നടത്തിയതെന്ന് നാളിതുവരെ തെളിഞ്ഞിട്ടില്ലെന്ന് ബിജെപി പറഞ്ഞു. രാജ്യത്തുടനീളം സാമൂഹ്യ സേവനങ്ങള്‍ നടത്തുന്ന ഒരു സംഘടനയാണ് ആര്‍എസ്സ്എസ്സ് എന്നും ബിജെപി ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയാണെന്നും കര്‍ണ്ണാടകയിലെ ബിജെപി നേതാവ് പറഞ്ഞു.

ഇന്ത്യയിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകയായ ഗൗരി ലങ്കേഷ് ബംഗളുരു രാജേശ്വരി നഗറിലെ വസതിയില്‍ വെച്ച്‌ കഴിഞ്ഞ വ്യാഴാഴ്ചയാണ് കൊല്ലപ്പെട്ടത്. ബൈക്കില്‍ എത്തിയ ആക്രമികള്‍ ഇവര്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. എഴുത്തുകാരനായ കല്‍ബുര്‍ഗി കൊല്ലപ്പെട്ട് രണ്ട് വര്‍ഷം തികയുമ്പോഴാണ് സമാനമായ കൊലപാതകം വീണ്ടും രാജ്യത്തുണ്ടായത്.

DONT MISS
Top