രാജധാനി എക്‌സ്പ്രസ് പാളം തെറ്റുന്നതിന് മുന്നോടിയായി ട്രാക്കിലെ വിള്ളല്‍ റെയില്‍വേയുടെ ശ്രദ്ധയില്‍പ്പെടുത്തിയെന്ന വാദവുമായി യുവാവ് രംഗത്ത്

മുംബൈ: വ്യാഴാഴ്ച ഉച്ചയോടെ റാഞ്ചി-ദില്ലി രാജധാനി എക്‌സ്പ്രസ് ശിവാജി ബ്രിഡ്ജിന് സമീപം പാളം തെറ്റുന്നതിന് മുന്നോടിയായി ട്രാക്കിലെ വിള്ളല്‍ റെയില്‍വേയുടെ ശ്രദ്ധയില്‍പ്പെടുത്തിയെന്ന വാദവുമായി യുവാവ് രംഗത്ത്. രാകേഷ് കുമാര്‍ കൗശിക് എന്ന യുവാവാണ് ട്രാക്കിലെ വിള്ളല്‍ ചൂണ്ടിക്കാട്ടി ട്വീറ്റ് ചെയ്തത്. വിശ്വാസതയ്ക്കായി വിള്ളല്‍ ഉള്ള ഭാഗത്തിന്റെ ചിത്രവും ട്വീറ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു.

രാവിലെ 10.47ന് ചെയ്ത ട്വീറ്റിന് ഇരുപത് മിനിട്ട് കഴിഞ്ഞപ്പോള്‍ റെയില്‍വേ മന്ത്രാലയം മറുപടി നല്‍കിയിരുന്നു. സംഭവം അന്വേഷിക്കാന്‍ ഉത്തര റെയില്‍വേയ്ക്ക് നിര്‍ദ്ദേശം നല്‍കിയാണ് മറുപടി. തുടര്‍ന്ന് മന്ത്രാലയം ഈ വിഷയം സ്റ്റേഷന്‍ റീ ഡെവലപ്പ്‌മെന്റ് ഡിവിഷന് കൈമാറിയെങ്കിലും പിന്നീട് മറുപടി ഉണ്ടായില്ലെന്ന് രാകേഷ് കുമാര്‍ ആരോപിക്കുന്നു.

വ്യാഴാഴ്ച രാജധാനി ഉള്‍പ്പടെ മൂന്ന് ട്രെയിനുകളാണ് പാളം തെറ്റിയത്. വ്യാഴാഴ്ച ഉച്ചയോടെ റാഞ്ചി-ദില്ലി രാജധാനി എക്‌സ്പ്രസ് ശിവാജി ബ്രിഡ്ജിന് സമീപം പാളം തെറ്റി. എന്‍ജിനും പവര്‍ കാറുമായിരുന്നു അപകത്തില്‍പ്പെട്ടത്. സംഭവത്തില്‍ ആളപായം ഇല്ലെന്ന് റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി. ട്രെയിന്‍ വളരെ സാവധാനത്തില്‍ വന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായതെന്ന് യാത്രക്കാര്‍ പ്രതികരിച്ചു.

മഹാരാഷ്ട്രയിലെ കണ്ഡാലയില്‍ ചരക്ക് ട്രെയിന്‍ പാളം തെറ്റി. ട്രെയിനിന്റെ രണ്ട് ബോഗികളാണ് പാളം തെറ്റിയത്. കൂടാതെ രാവിലെ ഉത്തര്‍പ്രദേശിലും ട്രെയിന്‍ പാളം തെറ്റിയിരുന്നു. ഹൗറയില്‍ നിന്നും ജബല്‍പൂരിലേക്ക് പോകുകയായിരുന്ന ശക്തിപൂഞ്ച് എക്‌സ്പ്രസിന്റെ ഏഴ് ബോളികളായിരുന്നു പാളം തെറ്റിയത്. എതാനും യാത്രക്കാര്‍ക്ക് പരിക്കേറ്റെങ്കിലും ആര്‍ക്കും അളപായമില്ല.

ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ ഒരു മാസത്തിനിടെ ഉണ്ടാകുന്ന ആറാമത്തെ ട്രെയിന്‍ അപകടമാണ്. യുപിയിലടക്കം രാജ്യത്തെ വിവിധ ഇടങ്ങളില്‍ ട്രെയിന്‍ അപകടങ്ങള്‍ തുടര്‍ക്കഥയായ സാഹചര്യത്തില്‍ റെയില്‍വേ മന്ത്രിയായിരുന്ന സുരേഷ് പ്രഭു പ്രധാനമന്ത്രിയെ രാജി സന്നദ്ധത അറിയിച്ചിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ഞായറാഴ്ച നടന്ന മന്ത്രിസഭാ പുനസംഘടനയില്‍ സുരേഷ് പ്രഭുവിനെ മാറ്റി പിയൂഷ് ഗോയലിനെ റെയില്‍വേ മന്ത്രിയാക്കിയിരുന്നു.

DONT MISS
Top