അഹിന്ദുക്കളുടെ ക്ഷേത്രപ്രവേശനം : ഹിന്ദു സംഘടനകള്‍ അഭിപ്രായം പറയട്ടെയെന്ന് കുമ്മനം രാജശേഖരന്‍

കുമ്മനം രാജശേഖരന്‍ ( ഫയല്‍ ചിത്രം )

തിരുവനന്തപുരം : അഹിന്ദുക്കളുടെ ക്ഷേത്രപ്രവേശനവുമായി ബന്ധപ്പെട്ട് ഹിന്ദു സംഘടനകളാണ് അഭിപ്രായം പറയേണ്ടതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ക്ഷേത്ര സംരക്ഷണ സമിതി, വിശ്വഹിന്ദു പരിഷത്ത് തുടങ്ങി നിരവധി സംഘടകളുണ്ട്. ദേവസ്വം ബോര്‍ഡ് അംഗം അജയ് തറയില്‍ നടത്തിയ പ്രസ്താവനയെക്കുറിച്ച് ബന്ധപ്പെട്ട സംഘടനകള്‍ ചര്‍ച്ച ചെയ്യണം. രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ ആചാരാനുഷ്ഠാനങ്ങളുടെ കാര്യത്തില്‍ ബിജെപി അഭിപ്രായം പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ദേവസ്വം ഭരണം സംബന്ധിച്ച് സര്‍ക്കാര്‍ അടുത്തിടെ സ്വീകരിച്ച നടപടികള്‍ പ്രതിഷേധാര്‍ഹമാണ്. മലബാര്‍ മേഖലയിലെ ക്ഷേത്രങ്ങളെല്ലാം ഉള്‍പ്പെടുത്തിക്കൊണ്ട് ബോര്‍ഡ് രൂപീകരിക്കുന്നതിനുള്ള നടപടികളിലാണ് സര്‍ക്കാര്‍. അവിടത്തെ ഭക്തജനങ്ങള്‍ കഷ്ടപ്പെട്ട് ബുദ്ധിമുട്ടി പടുത്തുയര്‍ത്തിയതാണ് മിക്ക ക്ഷേത്രങ്ങളും. അത് ബോര്‍ഡിന് കീഴിലാക്കാന്‍ ദേവസ്വം ബോര്‍ഡ് ശ്രമിക്കുന്നത് ശരിയല്ല. പല ട്രസ്റ്റുകളും പ്രാദേശിക കമ്മിറ്റികളും ഭരിക്കുന്ന 1329 ഓളം ക്ഷേത്രങ്ങള്‍ ഒരു ബോര്‍ഡിന് കീഴിലേക്ക് കൊണ്ടുവരാനാണ് ശ്രമം.

ഇതു സംബന്ധിച്ച് ഗോപാലകൃഷ്ണന്‍ കമ്മിറ്റി റിപ്പോര്‍ട്ട് ദേവസ്വം മന്ത്രിയ്ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. ഇത് സര്‍ക്കാരിന്റെ പരിഗണനയിലാണ്. ഈ റിപ്പോര്‍ട്ടില്‍ എന്തെങ്കിലും നടപടി എടുക്കും മുമ്പ് ഹിന്ദു സംഘടനകളുമായി കൂടിയാലോചന നടത്തണമെന്ന് കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു.

ഒരു മതേതര സര്‍ക്കാര്‍ ക്ഷേത്രങ്ങള്‍ ഏറ്റെടുക്കുന്ന നടപടി ആശ്വാസ്യമല്ല. ആരാധനാ സ്വാതന്ത്ര്യത്തിലും മത സ്വാതന്ത്ര്യത്തിലും മതേതര സര്‍ക്കാര്‍ ഇടപെടുന്നത് ശരിയല്ല. മലബാര്‍ പ്രദേശത്തെ ക്ഷേത്രങ്ങള്‍ ഏറ്റെടുക്കുന്നത് സംബന്ധിച്ച റിപ്പോര്‍ട്ട് സമവായത്തിലൂടെ മാത്രമേ നടപ്പാക്കാന്‍ പാടുള്ളൂവെന്നും കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു.

അജയ് തറയിലിന്റെ ആവശ്യത്തില്‍ പുതുമയില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഗുരുവായൂര്‍ ഒഴികെ മറ്റെല്ലാ ക്ഷേത്രങ്ങളിലും അഹിന്ദുക്കള്‍ക്ക് പ്രവേശന സ്വാതന്ത്ര്യമുണ്ട്. ക്ഷേത്രാചാരങ്ങള്‍ അനുസരിച്ചാല്‍ മാത്രം മതി. ഇല്ലാത്ത പ്രശ്‌നം കുത്തിപ്പൊക്കുന്നത് എന്തിനെന്നും മന്ത്രി ചോദിച്ചു. ദേവസ്വം ബോര്‍ഡ് യോഗത്തില്‍ വിഷയം ഉന്നയിച്ചാല്‍ ചര്‍ച്ചയാകാമെന്ന് ചെയര്‍മാന്‍ പ്രയാര്‍ ഗോപാലകൃഷ്ണനും പ്രതികരിച്ചു.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ അഹിന്ദുക്കള്‍ക്കും പ്രവേശനം അനുവദിക്കണമെന്ന് അജയ് തറയില്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ആവശ്യപ്പെട്ടത്.

നിലവില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ പ്രവേശനം അനുവദിച്ചിട്ടുള്ളത് ഹിന്ദുക്കള്‍ക്കും ഹിന്ദുമത വിശ്വാസിയെന്ന് എഴുതി നല്‍കുന്നവര്‍ക്കും മാത്രമാണ്. എന്നാല്‍ ക്ഷേത്ര ആരാധനയിലും, വിഗ്രഹ ആരാധനയിലും വിശ്വസിക്കുന്ന അഹിന്ദുക്കള്‍ അറിഞ്ഞും അറിയാതെയും ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് പതിവാണ്.

അതിനാല്‍ തന്നെ 1952ലെ ഹിന്ദുക്കള്‍ക്കും, ഹിന്ദുമതത്തില്‍ വിശ്വസിക്കുന്നുവെന്ന് സാക്ഷ്യപത്രം നല്‍കുന്നവര്‍ക്കും മാത്രമെ ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങളില്‍ പ്രവേശിക്കാന്‍ പാടുള്ളുവെന്ന ബോര്‍ഡ് ഉത്തരവ് പരിഷ്‌കരിച്ച് ഉത്തരവിറക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അജയ് തറയില്‍ പറഞ്ഞു. ഹിന്ദുമതത്തില്‍ വിശ്വസിക്കുന്നു എന്ന പ്രതിജ്ഞാപത്രം വ്യക്തികള്‍ നല്‍കുന്നത് പരോക്ഷമായ മതപരിവര്‍ത്തനമാണ്. മതപരിവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുന്നത് ദേവസ്വം ബോര്‍ഡിന്റെ ചുമതല അല്ലെന്നും അജയ് തറയില്‍ പറഞ്ഞു

DONT MISS
Top