നീറ്റ് പരീക്ഷയ്‌ക്കെതിരെയുള്ള സമരങ്ങള്‍ക്ക് തമിഴ്‌നാട്ടില്‍ നിരോധനം; നിയമം കൈയിലെടുക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിക്ക് സുപ്രീംകോടതി ഉത്തരവ്

സുപ്രീംകോടതി

ദില്ലി: നീറ്റ് പരീക്ഷയ്‌ക്കെതരെ തമിഴ്‌നാട്ടില്‍ നടക്കുന്ന സമരങ്ങള്‍ സുപ്രീംകോടതി നിരോധിച്ചു. സമരങ്ങളില്‍ നിയമം കൈയില്‍ എടുക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. നിയമം കൈയിലെടുക്കുന്നവര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ തമിഴ്‌നാട് ചീഫ് സെക്രട്ടറിയോടും, ഡിജിപിയോടും സുപ്രീംകോടതി നിര്‍ദേശിച്ചു.

ക്രമസമാധാനം ഉറപ്പാക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു. നീറ്റ് പരീക്ഷ സുപ്രീംകോടതി അംഗീകരിച്ചതാണ് എന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അധ്യക്ഷതയില്‍ ഉള്ള ബെഞ്ച് വ്യക്തമാക്കി. ദളിത് വിദ്യാര്‍ത്ഥി അനിതയുടെ ആത്മഹത്യയെ തുടര്‍ന്ന് നീറ്റ് പരീക്ഷയ്ക്ക് എതിരെ നടക്കുന്ന അക്രമ സംഭവങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ പരാചയപെട്ടു എന്ന് ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജിയില്‍ തമിഴ്‌നാട് സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചു. 15 ന് ഉള്ളില്‍ സര്‍ക്കാര്‍ മറുപടി നല്‍കണം. 18 ന് ഹര്‍ജികള്‍ സുപ്രീംകോാടതി പരിഗണിക്കും.

ആത്മഹത്യ ചെയ്ത അനിത

നീറ്റ് പരീക്ഷയ്‌ക്കെതിരെ നിയമ പോരാട്ടം നടത്തിയ അനിത ഈ മാസം ആദ്യമാണ് ആത്മഹത്യ ചെയ്തത്. തമിഴ്‌നാട് അരിയല്ലൂര്‍ സ്വദേശിയായ അനിത പ്ലസ്ടുവിന് 1200 ല്‍ 1176 മാര്‍ക്ക് വാങ്ങിയിരുന്നു. എന്നാല്‍ നീറ്റ് പരീക്ഷയില്‍ മികച്ച സ്‌കോര്‍ നേടാന്‍ അനിതയ്ക്ക് കഴിഞ്ഞിരുന്നില്ല.

പ്ലസ് ടു മാര്‍ക്കിന്റെ അടിസ്ഥാനത്തിലായിരുന്നു തമിഴ്‌നാട്ടിലെ മെഡിക്കല്‍ പ്രവേശനം. എന്നാല്‍ ദേശീയ പൊതുപ്രവേശന പരീക്ഷ വന്നതോടെ ഇതിനെതിരേ അനിത നിയമപോരാട്ടം തുടങ്ങുകയായിരുന്നു. തമിഴ്‌നാടിനെ നീറ്റില്‍ നിന്ന് ഒഴിവാക്കണമെന്നായിരുന്നു അനിതയുടെ ആവശ്യം. അനിത ഉള്‍പ്പെടെയുള്ള ഏതാനും വിദ്യാര്‍ത്ഥിനികള്‍ നല്‍കിയ ഹര്‍ജിയില്‍ മദ്രാസ് ഹൈക്കോടതി ഇവര്‍ക്ക് അനുകൂലമായി ഇടക്കാല വിധി പുറപ്പെടുവിച്ചെങ്കിലും സുപ്രീംകോടതി ഇത് റദ്ദ് ചെയ്യുകയും തമിഴ്‌നാടിനെ പൊതുപ്രവേശന പരീക്ഷയില്‍ നിന്ന് ഒഴിവാക്കാന്‍ ആകില്ലെന്ന് ഉത്തരവിടുകയുമായിരുന്നു. നീറ്റ് സ്‌കോര്‍ പരിഗണിച്ചു മാത്രമേ മെഡിക്കല്‍ പ്രവേശനം നടത്താവൂ എന്നും തമിഴ്‌നാടിന് മാത്രമായി ഇളവ് അനുവദിക്കാനാകില്ലെന്നുമായിരുന്നു സുപ്രീംകോടതിയുടെ വിധി. ഇതേത്തുടര്‍ന്ന് അനിത നീറ്റ് പരീക്ഷ എഴുതിയെങ്കിലും റാങ്ക് പട്ടികയില്‍ മുന്നിലെത്താന്‍ കഴിഞ്ഞില്ല. 720 ല്‍ 86 ആയിരുന്നു അനിതയ്ക്ക് ലഭിച്ച സ്‌കോര്‍.

DONT MISS
Top