പതഞ്ജലി സോപ്പുകള്‍ക്കുപിന്നാലെ ച്യവനപ്രാശത്തിനും വിലക്ക് : ഉല്‍പന്നത്തിന്റെ പരസ്യം പ്രദര്‍ശിപ്പിക്കുന്നത് കോടതി തടഞ്ഞു

മുംബൈ: ബാബാരാംദേവിന്റെ പതഞ്ജലി സോപ്പുകള്‍ക്കുപിന്നാലെ ച്യവനപ്രാശത്തിനും വിലക്കേര്‍പ്പെടുത്തി കോടതി. പതഞ്ജലി ച്യവനപ്രാശത്തിന്റെ പരസ്യം പ്രദര്‍ശിപ്പിക്കുന്നത് തടഞ്ഞുകൊണ്ട് ദില്ലി ഹൈക്കോടതിയാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

തങ്ങളുടെ ഉല്‍പന്നത്തെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്ന് കാട്ടി ഡാബര്‍ ഇന്ത്യയാണ് പതജ്ഞലിക്കെതിരെ കോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് പരസ്യം പരിശോധിച്ചശേഷം, ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. വിധി വരുന്നത് വരെ പരസ്യം തടഞ്ഞില്ലെങ്കില്‍ ഹര്‍ജിക്കാരന് ഗുരുതരമായ നഷ്ടമുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ഉത്തരവ്.

തങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള പരസ്യമാണ് പതജ്ഞലിയുടേതെന്നാണ് ഡാബര്‍ ഇന്ത്യ ആരോപിക്കുന്നത്. നേരത്തെ ഹിന്ദുസ്ഥാന്‍ യൂനിലിവര്‍ കമ്പനി നല്‍കിയ ഹര്‍ജി പ്രകാരം പതഞ്ജലി സോപ്പുകളുടെ പരസ്യവും കോടതി തടഞ്ഞിരുന്നു.

ഇതിന് മുന്‍പ് ഗുണനിലവാരമില്ലെന്ന് വ്യക്തമായതോടെ പതഞ്ജലിയുടെ ആറ് ഉത്പന്നങ്ങള്‍ ഉടന്‍ വിപണിയില്‍ നിന്നും പിന്‍വലിക്കണമെന്ന് നേപ്പാള്‍ ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു. പതഞ്ജലിയുടെ ആറ് മെഡിക്കല്‍ ഉത്പന്നങ്ങള്‍ പിന്‍വലിക്കണമെന്നാണ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം നോട്ടീസ് പുറപ്പെടുവിച്ചിരുന്നത്.

പതഞ്ജലിയുടെ വിവിധ ഉത്പന്നങ്ങളുടെ ഗുണമേന്മ സംബന്ധിച്ച് വിവിധയിടങ്ങളില്‍ നിന്നും ഇതിനോടകം പരാതി ഉയര്‍ന്നിട്ടുണ്ട്. പതഞ്ജലിയുടെ ഉത്പന്നങ്ങളില്‍ നാല്‍പത് ശതമാനവും ഗുണമേന്മ കുറഞ്ഞ ഉത്പന്നങ്ങളാണെന്ന് വിവരാവകാശ രേഖകള്‍ പ്രകാരം വിവരങ്ങള്‍ പുറത്തുവന്നിരുന്നു.

പതഞ്ജലിയുടെ വിവിധ ഉത്പന്നങ്ങളുടെ 82ഓളം സാമ്പിളുകള്‍ ശേഖരിച്ച് നടത്തിയ പരിശോധനയില്‍ 32 ഓളം ഉത്പന്നങ്ങള്‍ക്ക് ഗുണമേന്മ കുറവാണെന്ന് വ്യക്തമായിരുന്നു. പതഞ്ജലിയടെ പ്രധാന ഉത്പന്നങ്ങളായ ദിവ്യ അമ്‌ല ജൂസ്, ശിവ് ലിന്‍ഗി ബീജ് എന്നിവയ്ക്ക് ഗുണമേന്മ കുറവാണെന്ന് പരിശോധനയില്‍ വ്യക്തമായിരുന്നു.

DONT MISS
Top