ആര്‍എസ്എസിനെതിരെ എഴുതിയതാണ് ഗൗരി ലങ്കേഷ് കൊല്ലപ്പെടാന്‍ കാരണം: വിവാദ പരാമര്‍ശവുമായി ബിജെപി എംഎല്‍എ

ഗൗരി ലങ്കേഷ്

മംഗ്ലൂരു; ആര്‍എസ്എസിനെതിരെ എഴുതിയില്ലായിരുന്നെങ്കില്‍ മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെടില്ലായിരുന്നുവെന്ന് മുന്‍ മന്ത്രിയും, ബിജെപി എംഎല്‍എയുമായ ജീവരാജ്. മംഗ്ലൂരുവില്‍ സംഘടിപ്പിച്ച പരിപാടിയ്ക്കിടെയായിരുന്നു എംഎല്‍എയുടെ വിവാദ പരാമര്‍ശം.

പരിപാടിയ്ക്കിടെ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ടുള്ള കൊലവിളി പ്രസംഗം ഇതിനോടകം സമൂഹമാധ്യമങ്ങളിലടക്കം പ്രചരിക്കുകയാണ്. കര്‍ണാടകയില്‍ ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപെടുമ്പോള്‍ ഈ ഗൗരി ലങ്കേഷ് എവിടെയായിരുന്നു, അന്ന് അതിനെതിരെ പ്രതികരിച്ചിരുന്നുവെങ്കില്‍ ഇന്ന് അവര്‍ ജീവിച്ചിരുന്നേനേയെന്നായിരുന്നു എംഎല്‍എയുടെ കൊലവിളി പ്രസംഗം.

അവരുടെ പത്രത്തില്‍ സംഘപരിവാറിനെതിരെ എഴുതിയില്ലായിരുന്നെങ്കില്‍ ഇന്നവര്‍ ജീവനോടെ ഉണ്ടാകമായിരുന്നുവെന്നും എംഎല്‍എ പ്രസംഗത്തില്‍ പറയുന്നു. ഗൗരി ലങ്കേഷ് എന്നും സംഘപരിവാര്‍ അജണ്ടയുടെ കടുത്ത വിമര്‍ശകയായിരുന്നു. കൊലപാതകത്തില്‍ രാജ്യമെങ്ങും കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.

കഴിഞ്ഞ ദിവസം ബംഗളുരു രാജേശ്വരിനഗറിലെ വീട്ടില്‍ വെച്ചാണ് ഗൗരി ലങ്കേഷിന് വെടിയേല്‍ക്കുന്നത്.കഴുത്തിലും നെഞ്ചിലുമായി അക്രമികള്‍ മൂന്ന് തവണ വെടിവെച്ചതായാണ് വിവരം. അക്രമികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

എന്നാല്‍ ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ പ്രതികളിലൊരാളുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. ഗൗരി ലങ്കേഷിനെ പിന്തുടരുന്ന ഒരാളുടെ ദൃശ്യങ്ങളാണ് ലഭിച്ചിരിക്കുന്നത്. ഹെല്‍മറ്റും ബാഗും ധരിച്ച യുവാവ് ബസവനഗുഡി മുതല്‍ ഗൗരി ലങ്കേഷിനെ പിന്തുടരുന്നതായാണ് ദൃശ്യങ്ങളിലുള്ളത്.

ഗൗരി ലങ്കേഷ് വധവുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി ഐജിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ചതായി കര്‍ണാടക മുഖ്യമന്ത്രി സിദ്ധാരാമയ്യ പറഞ്ഞു.

അന്വേഷണവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി അന്വേഷണ സംഘം ഉടന്‍ മംഗ്ലൂരുവിലേയ്ക്ക് പുറപ്പെടും. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണെന്നും അന്വേഷണം തൃപ്തികരമായ നിലയിലാണെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു.

മാധ്യമപ്രവര്‍ത്തകന്‍ പി ലങ്കേഷിന്റെ മകളാണ് ഗൗരി. ഹിന്ദുത്വ മതവാദത്തിന്റെ വിമര്‍ശകയാണ് ഗൗരി. 2008ല്‍ ലങ്കേഷ് പ്രസിദ്ധികരിച്ച വാര്‍ത്തയെ തുടര്‍ന്ന് അപകീര്‍ത്തി കേസില്‍ ശിക്ഷിക്കപ്പെട്ടിരുന്നു. കര്‍ണാടകയില്‍ നിന്നുള്ള ബിജെപി എംപി പ്രഹ്ലാദ് ജോഷിയും മറ്റൊരു ബിജെപി നേതാവും നല്‍കിയ പരാതിയിലായിരുന്നു ശിക്ഷ. നിലവില്‍ ലങ്കേഷ് പത്രിക മാഗസിന്‍ എഡിറ്ററാണ്.

കര്‍ണാടകയിലെ പ്രമുഖ എഴുത്തുകാരന്‍ എംഎം കല്‍ബുര്‍ഗി വെടിയേറ്റ് മരിച്ച് രണ്ട് വര്‍ഷം തികയുമ്പോഴാണ് സമാനമായ സംഭവം അരങ്ങേറിയിരിക്കുന്നത്.

DONT MISS
Top