നിങ്ങളുടെ ചാനലില്‍ ജോലി ചെയ്തതില്‍ ലജ്ജിക്കുന്നു: ഗൗരി ലങ്കേഷ് വധത്തില്‍ റിപ്പബ്ലിക്ക് ചാനലിന്റെ വാദങ്ങളെ തള്ളി മാധ്യമ പ്രവര്‍ത്തകയുടെ രാജി

കഴിഞ്ഞ ദിവസം ബംഗ്ലൂരുവിലെ വസതിയില്‍ അജ്ഞാതന്റെ വെടിയേറ്റ് കൊല്ലപ്പെട്ട മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് റിപ്പബ്ലിക്ക് ടീവിയുടെ നിലപാടില്‍ പ്രതിഷേധം രേഖപ്പെടുത്തി മാധ്യമ പ്രവര്‍ത്തകയുടെ രാജി. സുമാന നന്ദി എന്ന മാധ്യമപ്രവര്‍ത്തകയാണ് തന്റെ പ്രതിഷേധം രേഖപ്പെടുത്തി രാജിവെച്ചിരിക്കുന്നത്.

റിപ്പബ്ലിക്ക് ടീവിയുടൈ ന്യൂസ് കോര്‍ഡിനേറ്ററായിരുന്നു സുമാന. റിപ്പബ്ലിക്ക് ടീവിയുടെ നിലപാടുകള്‍ അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയ സുമാന തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് പ്രതിഷേധം രേഖപ്പെടുത്തി രാജിവെച്ചത്.

മാധ്യമപ്രവര്‍ത്തനത്തിന്റെ തുടക്കകാലത്ത് തനിക്ക് ഈ സ്ഥാപനത്തില്‍ പ്രവര്‍ത്തിക്കാന്‍ സാധിച്ചുവെന്നതില്‍ അഭിമാനിച്ചിരുന്നുവെന്നും, എന്നാല്‍ ഇന്ന് അതില്‍ ലജ്ജിക്കുന്നുവെന്നും സുമാന ഫെയ്‌സ്ബുക്കിലെ കുറിപ്പില്‍ പറയുന്നു. ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകരെ വിമര്‍ശിച്ച് ദിവസങ്ങള്‍ക്കകം ഒരു മാധ്യമപ്രവര്‍ത്തക കൊല്ലപ്പെടുന്നു,

ഇതിനെ ചോദ്യം ചെയ്യുന്നതിന് പകരം പ്രതിപക്ഷത്തെ ആക്ഷേപിക്കുന്നതില്‍ എന്ത് സത്യസന്ധതയാണ് ഉള്ളതെന്നും സുമാന ചോദിക്കുന്നു. ഞങ്ങള്‍ നിങ്ങളെ പരാജയപ്പെടുത്തിയെന്നും, നിങ്ങള്‍ ഇതിലും വലിയ സ്ഥാനങ്ങളില്‍ എത്തേണ്ടവരായിരുന്നുവെന്നും സുമാന പറയുന്നു. റിപ്പബ്ലിക് ചാനലില്‍ പ്രവര്‍ത്തിച്ചിരുന്നുവെന്ന് തന്റെ ബയോഡാറ്റയില്‍ പോലും ഉള്‍പ്പെടുത്താന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും സുമാന പറയുന്നു.

ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന്റെ കാരണം സ്വത്ത് തര്‍ക്കമാണെന്നായിരുന്നു അര്‍ണാബിന്റെ റിപ്പബ്ലിക്ക് ടിവിയുടെ വാദങ്ങള്‍. ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന് പിന്നില്‍ സംഘപരിവാര്‍ ശക്തികളാണെന്ന് പറയുന്നതിന് മുന്‍പെ മാവോയിസ്റ്റുകളാണോ, അതോ സ്വത്ത് തര്‍ക്കമാണോയെന്നത് കണ്ടെത്തണമെന്നതായിരുന്നു വിഷയത്തെ സംബന്ധിച്ച് റിപ്പബ്ലിക്ക് ടീവി ട്വീറ്റ് ചെയ്തത്.

ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന് പിന്നില്‍ സംഘപരിവാര്‍ ശക്തികളാന്ന വാര്‍ത്തകള്‍ പരസ്യമായും രഹസ്യമായും പ്രചരിക്കുമ്പോഴാണ് കൊലയ്ക്ക് പിന്നില്‍ മാവോയിസ്റ്റ് ബന്ധവും, സ്വത്ത് തര്‍ക്കവും ആരോപിച്ചുള്ള റിപ്പബ്ലിക്ക് ടീവിയുടെ വാദങ്ങള്‍.

ഗൗരി ലങ്കേഷ് എന്നും സംഘപരിവാര്‍ അജണ്ടയുടെ കടുത്ത വിമര്‍ശകയായിരുന്നു. കൊലപാതകത്തില്‍ രാജ്യമെങ്ങും കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. കഴിഞ്ഞ ദിവസമാണ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയുമായ ഗൗരി ലങ്കേഷ് അജ്ഞാതരുടെ വെടിയേറ്റ് മരിക്കുന്നത്. ബംഗളുരു രാജേശ്വരിനഗറിലെ വീട്ടില്‍ വെച്ചാണ് വെടിയേറ്റത്. കഴുത്തിലും നെഞ്ചിലുമായി അക്രമികള്‍ മൂന്ന് തവണ വെടിവെച്ചതായാണ് വിവരം. അക്രമികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

DONT MISS
Top