കൈക്കൂലി ആവശ്യപ്പെട്ടു: എംഎല്‍എ ഓഫീസിനു മുന്നില്‍ യുവാക്കളുടെ ആത്മഹത്യാശ്രമം

സംഭവത്തെതുടര്‍ന്ന് എംഎല്‍എ ഓഫീസിനു മുന്നില്‍ തടിച്ചുകൂടിയ നാട്ടുകാര്‍

കരീംനഗര്‍: പരാതി പറയാന്‍ ചെന്നപ്പോള്‍ കൈക്കൂലി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് യുവാക്കളുടെ ആത്മഹത്യശ്രമം. തെലങ്കാനയില്‍ എംഎല്‍എ ഓഫീസിനു മുന്നിലാണ് നാടകീയ സംഭവങ്ങള്‍.പരാതി കേള്‍ക്കാന്‍ ഉദ്യോഗസ്ഥര്‍ 20000 രൂപ കൈക്കൂലി ആവശ്യപ്പെട്ടപ്പോഴായിരുന്നു യുവാക്കള്‍ സ്വയം തീകൊളുത്തിയത്.

കര്‍ഷകത്തൊഴിലാളികളായ എം.ശ്രീനിവാസ്(25), വൈ.പരശുരുമാലു(23) എന്നിവരെയാണ് ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൈദരാബാദിലെ കരീംനഗര്‍ സ്വദേശികളാണ് ഇവര്‍. സ്വന്തമായി ഭൂമിയില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ പദ്ധതി പ്രകാരം ഭൂമി ലഭിക്കുന്നതിനായ് അപേക്ഷ നല്‍കാന്‍ റവന്യു ഓഫീസില്‍ എത്തിയതായിരുന്നു ഇരുവരും, എന്നാല്‍ പരാതി കേള്‍ക്കാന്‍ കൈക്കൂലി ആവശ്യപ്പെട്ടതായാണ് വിവരം.

സംഭവത്തെക്കുറിച്ച് പരാതി പറയാന്‍ എംഎല്‍എ ഓഫീസില്‍ എത്തിയ ഇരുവരും പുറത്ത് മണിക്കൂറുകളോളം കാത്തിരുന്നുവെങ്കിലും എംഎല്‍എയെ കാണാന്‍ പറ്റില്ലെന്നായിരുന്നു മറുപടി. തുടര്‍ന്ന് ക്ഷുഭിതരായ യുവാക്കള്‍ കൈയ്യില്‍ കരുതിയ മണ്ണെണ്ണ ദേഹത്തൊഴിച്ച് തീ കൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഇവരെ നാട്ടുകാരും പോലീസും ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്.

അതേസമയം കൈക്കൂലി ആവശ്യപ്പെട്ട റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നും, സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും സംസ്ഥാന ധനമന്ത്രി എട്ടേല രാജേന്ദ്രര്‍ പ്രതികരിച്ചു.

DONT MISS
Top