മാറുന്ന നയങ്ങളും വെട്ടലുകളും ടീമിനു നല്ലതല്ല; മുന്‍ ഹോക്കി പരിശീലകന്‍ ജോസ് ബ്രാസ

ജോസ് ബ്രാസ

ന്യൂഡെല്‍ഹി: ഇന്ത്യന്‍ ഹോക്കി പരിശീലകന്‍ റോളന്റ് ഓള്‍ട്ട്മാന്‍സിനെ പുറത്താക്കിയതിനെതിരെ മുന്‍ പരിശീലകന്‍ ജോസ് ബ്രാസ രംഗത്തെത്തി. ഇതുപോലുള്ള വെട്ടലുകളും മാറികൊണ്ടിരിക്കുന്ന നയങ്ങളും ഇന്ത്യന്‍ ഹോക്കി ടീമിനു നല്ലതല്ലെന്ന് ബ്രാസ പറഞ്ഞു.

2010 വരെ ഇന്ത്യന്‍ ഹോക്കി ടീം പരിശീലകനായിരുന്ന ബ്രാസ ഇപ്പോള്‍ ഉക്രൈന്‍ വനിത ടീം പരിശീലകനാണ്. ഇന്ത്യന്‍ ടീമിന്റെ മോശം പ്രകടത്തിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ഓള്‍ട്ട്മാന്‍സിനെ പുറത്താക്കിയത്. മൈക്കല്‍ നോബ്‌സ്, ടെറി വാള്‍സ്, പോള്‍ വാന്‍ ആസ് എന്നിവരുള്‍പ്പെടെ ഏഴു വര്‍ഷത്തിനിടയില്‍ അഞ്ച് വിദേശ പരിശീലകരാണ് ടീമില്‍ വന്നു പോയത്.

‘എനിക്കിത് വിശ്വസിക്കാന്‍ പറ്റുന്നില്ല. അവര്‍ക്കെങ്ങനെയാണ് അദ്ദേഹത്തെ മാറ്റാനാകുക? റോളെന്റ് നന്നായി പ്രവര്‍ത്തിക്കുന്നു, അദ്ദേഹം പ്രമുഖനായ കോച്ചാണ്. അദ്ദേഹത്തിനു പകരമൊരാളെ കണ്ടെത്തല്‍ പ്രയാസമാണ്’, ബ്രാസ പറഞ്ഞു. എഴുവര്‍ഷത്തിനിടയില്‍ അഞ്ചു കോച്ചുമാര്‍, ഇത്തരം നടപടികള്‍ ടീമിന്റെ സ്ഥിരതയെ ബാധിക്കും. ഏതൊരു കോച്ചിനും സമയവും, ദീര്‍ഘ-കാല പരിധിയും വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ബ്രാസയ്ക്കു കീഴില്‍ 2010 ഡെല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യന്‍ ടീം സില്‍വര്‍ മെഡല്‍ കരസ്ഥമാക്കിയിട്ടുണ്ട്. 2009 മെയിലാണ് ബ്രാസ ചുമതലയേല്‍ക്കുന്നത്. 2010 ഏഷ്യന്‍ ഗെയിംസ് വരെയായിരുന്നു കരാര്‍. ഹോക്കി ഇന്ത്യ പിന്നീട് കരാര്‍ നീട്ടി നല്‍കിയില്ല.

‘ഇന്ത്യയില്‍ ഉദ്യോഗസ്ഥര്‍ തയ്യാറല്ല. ബിസിനസ്സ്-രാഷ്ട്രീയ പിന്നാമ്പുറങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് ഹോക്കിയെക്കുറിച്ച് ധാരണയില്ല. അവര്‍ക്ക് കളി രീതികളെക്കുറിച്ചോ,ആധുനിക ഹോക്കിയുടെ അഭിരുചിയെക്കുറിച്ചോ അറിയില്ല’,അദ്ദേഹം പറയുന്നു. വിദേശ കോച്ചുമാര്‍ക്ക് മാത്രമേ ഇന്ത്യന്‍ ടീമിനെ ലോകജേതാക്കളാക്കാന്‍ സാധിക്കുള്ളൂ, കാരണം ഇന്ത്യയില്‍ ഹോക്കി യൂണിവേഴ്‌സിറ്റികളില്ല. വിദേശ കോച്ചുമാര്‍ക്ക് അത്തരം പ്രവര്‍ത്തനാനുഭവങ്ങള്‍ ഉണ്ട്. ഇന്ത്യന്‍ കളിക്കാര്‍ക്ക് സ്വതസിദ്ധമായ കഴിവുണ്ട്, പക്ഷെ അവര്‍ക്ക് ആധുനിക പരിശീലനം ആവശ്യമാണ്. ലോകകപ്പിലും ഏഷ്യന്‍ ഗെയിംസിലും ടീമിനു സാധ്യത ഏറെയാണ്, എന്നാല്‍ പരിശീലകര്‍ക്ക് മതിയായ സമയവും സ്വാതന്ത്ര്യവും നിങ്ങള്‍ അനുവദിക്കണമെന്നും ബ്രാസ തുറന്നടിച്ചു.

DONT MISS
Top