എന്റെ നിറം കാവിയാകില്ല: രാഷ്ട്രീയ നിലപാടുകള്‍ വ്യക്തമാക്കി ഉലകനായകന്‍ കമല്‍ഹാസന്‍

ക്ലിഫ് ഹൗസില്‍ കമല്‍ഹാസ്സനെത്തിയപ്പോള്‍

തിരുവനന്തപുരം: തന്റെ നിറം ഒരിക്കലും കാവിയാകില്ലെന്ന് ഉലകനായകന്‍ കമല്‍ഹാസന്‍. മുഖ്യമന്ത്രി പിണറായി വിജയനെ കാണാന്‍ തലസ്ഥാനത്തെത്തിയപ്പോഴാണ് കമല്‍ഹാസന്‍തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയത്. തമിഴ്‌നാട്ടിലെ രാഷ്ട്രീയ സാഹചര്യങ്ങളെ സംബന്ധിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയായാണ് തനിക്ക് കാവി നിറമുണ്ടാകില്ലെന്ന് കമല്‍ഹാസന്‍ വ്യക്തമാക്കിയത്.

തനിക്ക് ഒരുപാട് നിറങ്ങളുണ്ട്‌. എന്നാല്‍ അവയില്‍ കാവി നിറം ഉണ്ടാകില്ലെന്നാണ് കമല്‍ഹാസന്‍ വ്യക്തമാക്കിയത്. രാഷ്ട്രീയ പ്രവേശനത്തെ സംബന്ധിച്ച ചോദ്യങ്ങള്‍ക്കായിരുന്നു കാവിയാകില്ല തന്റെ നിറമെന്ന് ഉലകനായകന്‍ പറഞ്ഞത്. തമിഴ്‌നാട്ടിലെ നിലവിലെ രാഷ്ട്രീയ സാഹചര്യം തനിക്കിഷ്ടമല്ലെന്നും ഇക്കാര്യത്തില്‍ ഗവര്‍ണര്‍ ഇടപെട്ട് അനുയോജ്യമായ തീരുമാനം കൈകൊള്ളണമെന്നും കമല്‍ഹാസന്‍ കൂട്ടിചേര്‍ത്തു.

മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച സൗഹൃദപരമാണെന്നും അദ്ദേഹം പറഞ്ഞു. ഒരു വര്‍ഷത്തെ ഇടതുമുന്നണി ഭരണത്തെയും മുഖ്യമന്ത്രിയെയും പ്രശംസിച്ച കമല്‍ഹാസന്‍ പാശ്ചാത്യ നാടുകളിലേതുപോലെയുള്ള സമാനമായ ജീവിതനിലവാരമാണ് കേരളത്തിലേതെന്നും വ്യക്തമാക്കി.
പിണറായിയുമായുള്ള കൂടിക്കാഴ്ച്ച രാഷ്ട്രീയത്തിലേക്കുളള സ്റ്റഡി ടൂറായിരുന്നുവെന്നും കമല്‍ മാധ്യമങ്ങളോട് പറഞ്ഞു. ഗ്രേറ്റ് സര്‍ക്കാര്‍ എന്നാണ് കേരളത്തിലെ ഗവണ്‍മെന്റിനെ കമല്‍ഹാസ്സന്‍ വിശേഷിപ്പിച്ചത്.

തിരുവനന്തപുരത്ത് ക്ലിഫ് ഹൗസില്‍വച്ചാണ് ഇരുവരും തമ്മിലുള്ള  കൂടിക്കാഴ്ച്ച നടന്നത്. കമല്‍ഹാസന്റെ രാഷ്ട്രീയ പ്രവേശവുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ച സജീവമാകുന്ന ഈ സമയത്ത് ഏറെ പ്രാധാന്യത്തോടെയാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഈ കൂടിക്കാഴ്ച്ച നോക്കിക്കാണുന്നത്.

എന്നാല്‍ സൗഹൃദ കൂടിക്കാഴ്ച്ചയാണ് നടന്നതെന്ന് പിണറായി വിജയന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു. കമലുമായി സൗഹൃദമുണ്ട്, തിരുവന്തപുരത്ത് വരുമ്പോഴെല്ലാം കാണാറുണ്ട് എന്നാല്‍ മുഖ്യമന്ത്രി ആയതിനുശേഷം ആദ്യമായാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

DONT MISS
Top