നാടുകാണി വനത്തില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വനിതാ മാവോയിസ്റ്റ് നേതാവ് കൊല്ലപ്പെട്ടു

മലപ്പുറം: നാടുകാണി വനത്തില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വനിതാ മാവോയിസ്റ്റ് നേതാവ് കൊല്ലപ്പെട്ടു. സിപിഐ (മാവോയിസ്റ്റ്) പശ്ചിമഘട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഭവാനി ദളത്തിലെ അംഗം ലത (മീര)യാണ് കൊല്ലപ്പെട്ടത്. മാവോയിസ്റ്റുകള്‍ പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യമുള്ളത്.

പശ്ചിമഘട്ട പ്രത്യേക സോണല്‍ കമ്മിറ്റിക്ക് വേണ്ടി വക്താവ് ജോഗി പുറപ്പെടുവിച്ച പ്രസ്താവനയിലാണ് ലത മരിച്ച കാര്യമുള്ളത്. ഇക്കഴിഞ്ഞ ആഗസ്റ്റ് 6 ന് വൈകീട്ടാണ് ലത അപ്രതീക്ഷിതമായി ഒറ്റയാന്റെ ആക്രമണത്തില്‍ പെട്ടന്നതെന്നും വൈദ്യസഹായം നല്‍കാന്‍ കഴിയാത്ത വിധം തല്‍ക്ഷണം തന്നെ മരണപ്പെട്ടുവെന്നും പ്രസ്താവനയിലുണ്ട്.

കഴിഞ്ഞ 15 വര്‍ഷമായി ഒളിവില്‍ കഴിഞ്ഞിരുന്ന ലത പാര്‍ട്ടിയുടെ ജില്ലാ കമ്മിറ്റി അംഗത്വമുള്ള സഖാവായിരുന്നു. പാലക്കാട് മലമ്പുഴ കുനുപ്പുള്ളി സ്വദേശിനിയായ ഇവര്‍ മുന്‍പ് അംഗനവാടി ഹെല്‍പ്പര്‍ ആയി ജോലി നോക്കിയിരുന്നു. ദരിദ്ര കര്‍ഷക കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന സഖാവ് സിപിഐഎംഎല്‍. നക്‌സല്‍ബാരിയുടെ സംസ്ഥാന സമിതി അംഗമായിരുന്നു. സിപിഐഎം എല്‍ നക്‌സല്‍ബാരിയും സിപിഐ മാവോയിസ്റ്റും ലയിച്ചതിന് ശേഷമാണ് ജനകീയ സൈന്യത്തില്‍ എത്തിയത്. തുടര്‍ന്ന് നാല് വര്‍ഷത്തെ പ്രവര്‍ത്തനത്തിനിടയില്‍ ജനകീയ വിമോചന സേനയുടെ ഏരിയ കമ്മിറ്റി അംഗമായി.

കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും അറിയിക്കാതെ മൃതദേഹം സംസ്‌ക്കരിക്കേണ്ടി വന്നതില്‍ ക്ഷമാപണം നടത്തുന്നുവെന്നും പാര്‍ട്ടിയുടെ പത്രക്കുറിപ്പില്‍ പറയുന്നു.

DONT MISS
Top