ബൊഫോഴ്‌സ് ഭീതിയില്‍ വീണ്ടും കോണ്‍ഗ്രസ്: കേസില്‍ അന്തിമവാദം ഒക്ടോബര്‍ 30 ന്

ബോഫോഴ്‌സ് പീരങ്കി, ഇന്ത്യന്‍ സുപ്രിംകോടതി

ദില്ലി: കോണ്‍ഗ്രസിനെയും മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെയും ആരോപണത്തിന്റെ മുള്‍മുനയിലാക്കിയ ബൊഫോഴ്‌സ് കേസില്‍ നിര്‍ണ്ണായക നടപടികളുമായി സുംപ്രിംകോടതി. ബൊഫോഴ്‌സ് കേസില്‍ അന്തിമ വാദം ഒക്ടോബര്‍ 30 ന് തുടങ്ങുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. കേസ് ഇന്ന് കോടതിയുടെ പരിഗണനയ്ക്ക് വന്നിരുന്നു. കേസ് പരിഗണിച്ചാണ് കോടതി വാദം അടുത്തമാസം 30 ന് തുടങ്ങുമെന്ന് അറിയിച്ചത്.

കേസില്‍ പ്രതികളായിരുന്ന ഹിന്ദുജ സഹോദരന്മാരെ കുറ്റവിമുക്തരാക്കിയ ദില്ലി ഹൈകോടതിയുടെ വിധിയെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജിയാണ് സുപ്രിംകോടതി പരിഗണിക്കുന്നത്. 2005 മേയ് 31 നായിരുന്നു ഹിന്ദുജമാരെ കുറ്റവിമുക്തരാക്കിക്കൊണ്ട് ദില്ലി ഹൈക്കോടതി വിധി വന്നത്. ഇതിനെ ചോദ്യം ചെയ്തുകൊണ്ട് ബിജെപിയിലെ അജയ് അഗര്‍വാളാണ് സുപ്രിംകോടതിയെ സമീപിച്ചത്. ജസ്റ്റീസുമാരായ ദീപക് മിശ്ര, എഎം ഖാന്‍വില്‍ക്കര്‍, ഡിവൈ ചന്ദ്രചൂഢ് എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

ഇന്ത്യന്‍ സേനയ്ക്കായി പീരങ്കികള്‍ വാങ്ങുന്നതിന് സ്വിറ്റ്‌സര്‍ലന്‍ഡിലെ എബി ബൊഫോഴ്‌സുമായുണ്ടാക്കിയ കരാറില്‍ കോഴ ഇടപാട് നടന്നുവെന്നതാണ് കേസിന്റെ അടിസ്ഥാനം. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്ന 1986 ലാണ് ബൊഫോഴ്‌സുമായി ഇന്ത്യ കരാര്‍ ഒപ്പുവച്ചത്. 1437 കോടി രൂപയ്ക്കായിരുന്നു കരാര്‍. കരാര്‍ നേടുന്നതിന് ഇന്ത്യയിലെ ഉന്നത രാഷ്ട്രീയക്കാര്‍ക്കും പ്രതിരോധ ഉദ്യോഗസ്ഥര്‍ക്കും കൈക്കൂലി നല്‍കേണ്ടി വന്നു എന്ന് കമ്പനി പിന്നീട് വെളിപ്പെടുത്തി. സ്വിസ് റേഡിയോ സ്‌റ്റേഷനായിരുന്നു വിവരം പുറത്തുകൊണ്ടുവന്നത്. ഇതേതുടര്‍ന്നാണ് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ തന്നെ എക്കാലത്തെയും വലിയ കോഴ ആരോപണം ചൂടുപിടിച്ചതും കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടതും. തുടര്‍ന്ന് 1989 ലെ പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അധികാരം നഷ്ടപ്പെട്ടതിന് പ്രധാനകാരണമായത് ബൊഫോഴ്‌സ് വിവാദമായിരുന്നു.

രാജീവ് ഗാന്ധിയെ കൂടാതെ ഭാര്യ സോണിയയുടെ ബന്ധുക്കളുടെ പേരുകളും കേസില്‍ ഉയര്‍ന്നുവന്നു. കോണ്‍ഗ്രസ് നേതാക്കളെ കൂടാതെ ഗാന്ധി കുടുംബവുമായി അടുപ്പം പുലര്‍ത്തിയിരുന്ന വ്യവസായികളും ആരോപണത്തില്‍ കുടുങ്ങി. തുടര്‍ന്ന് 1990 ജനുവരി 22 ന് കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഇടപാടില്‍ 64 കോടി രൂപ കോഴയായി നല്‍കപ്പെട്ടുവെന്നായിരുന്നു കണ്ടെത്തല്‍.

2015 ഹിന്ദുജ സഹോദരന്‍മാരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിയോടെ ബൊഫോഴ്‌സ് കേസ് വിസ്മൃതിയിലായിരുന്നു. ഒരു പതിറ്റാണ്ടിനുശേഷം കേസ് വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത് കോണ്‍ഗ്രസിനെയും ഗാന്ധി കുടുംബത്തെയും വീണ്ടും പ്രതിരോധത്തിലാക്കുമെന്ന് നീരീക്ഷിക്കപ്പെടുന്നു.

DONT MISS
Top