“ഗ്രേറ്റ് സര്‍ക്കാര്‍”, രാഷ്ട്രീയത്തിലേക്കുള്ള സ്റ്റഡി ടൂറായിരുന്നു കൂടിക്കാഴ്ച്ചയെന്ന് കമല്‍ഹാസ്സന്‍; സൗഹൃദ കൂടിക്കാഴ്ച്ചയെന്ന് പിണറായി വിജയന്‍

ക്ലിഫ് ഹൗസില്‍ കമല്‍ഹാസ്സനെത്തിയപ്പോള്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ സൂപ്പര്‍ താരം കമല്‍ഹാസ്സനുമായി കൂടിക്കാഴ്ച്ച നടത്തി. തിരുവനന്തപുരത്ത് ക്ലിഫ് ഹൗസില്‍വച്ചാണ് കൂടിക്കാഴ്ച്ച നടന്നത്. കമല്‍ഹാസന്റെ രാഷ്ട്രീയ പ്രവേശവുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ച സജീവമാകുന്ന ഈ സമയത്ത് ഏറെ പ്രാധാന്യത്തോടെയാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഈ കൂടിക്കാഴ്ച്ച നോക്കിക്കാണുന്നത്.

എന്നാല്‍ സൗഹൃദ കൂടിക്കാഴ്ച്ചയാണ് നടന്നതെന്ന് പിണറായി വിജയന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. കമലുമായി സൗഹൃദമുണ്ട്, തിരുവന്തപുരത്ത് വരുമ്പോഴെല്ലാം കാണാറുണ്ട് എന്നാല്‍ മുഖ്യമന്ത്രി ആയതിനുശേഷം ആദ്യമായാണ് കാണുന്നതെന്നും അദ്ദേഹം കുറിച്ചു.

എന്നാല്‍ പിണറായിയുമായുള്ള കൂടിക്കാഴ്ച്ച രാഷ്ട്രീയത്തിലേക്കുളള സ്റ്റഡി ടൂറായിരുന്നു ഇന്നത്തേതെന്ന് കമലും മാധ്യമങ്ങളോട് പറഞ്ഞു. ഗ്രേറ്റ് സര്‍ക്കാര്‍ എന്നാണ് കേരളത്തിലെ ഗവണ്‍മെന്റിനെ കമല്‍ഹാസ്സന്‍ വിശേഷിപ്പിച്ചത്.

കമലുമായുള്ള കൂടിക്കാഴ്ച്ചയ്ക്കുശേഷമുളള മുഖ്യമന്ത്രിയുടെ കുറിപ്പ് താഴെ വായിക്കാം

വിഖ്യാത നടനും സംവിധായകനുമായ കമൽഹാസനുമായി കൂടിക്കാഴ്ച നടത്തി. അദ്ദേഹവുമായി നല്ല സൗഹൃദമുണ്ട്. തിരുവനന്തപുരത്ത് വരുമ്പോഴൊക്കെ കാണാറുണ്ട്. മുഖ്യമന്ത്രിയായ ശേഷം ആദ്യമായിട്ടാണ് ഞങ്ങൾ കാണുന്നത്. തികച്ചും സൗഹൃദ സന്ദർശനമായിരുന്നുവെങ്കിലും സംഭാഷണത്തിൽ രാഷ്ട്രീയവും കടന്നുവന്നു. പൊതുവിൽ ദക്ഷിണേന്ത്യയിലെയും പ്രത്യേകിച്ച് തമിഴ്നാട്ടിലെയും രാഷ്ട്രീയ കാര്യങ്ങളാണ് സംസാരിച്ചത്. ക്ലിഫ് ഹൗസിലായിരുന്നു കൂടിക്കാഴ്ച.

DONT MISS
Top