വിവാഹം ബാലലൈംഗിക പീഡനത്തില്‍ നിന്ന് ഒഴിവാകാനുള്ള മാര്‍ഗമല്ലെന്ന് സുപ്രിംകോടതി

സുപ്രിംകോടതി (ഫയല്‍)

ദില്ലി: ബാലവിവാഹങ്ങള്‍ക്കും അത്തരം വിവാഹങ്ങളില്‍ നടക്കുന്ന ലൈംഗികബന്ധങ്ങള്‍ക്കുമെതിരെ സുപ്രിംകോടതിയുടെ ശക്തമായ താക്കീത്. ബാലലൈംഗിക പീഡന കുറ്റത്തിന് വിവാഹം ഒഴികഴിവല്ലെന്ന് കോടതി വ്യക്തമാക്കി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി വിവാഹം കഴിച്ചിട്ടുണ്ട് എന്ന കാരണത്താല്‍ ഭര്‍ത്താവ് ലൈംഗികബന്ധം പുലര്‍ത്തിയാല്‍ അത് ബാലപീഡന നിരോധന നിയമത്തിന്റെ പരിധിയില്‍ വരുന്ന കുറ്റകൃത്യമാണെന്ന് കോടതി വ്യക്തമാക്കി.

ഇന്ത്യന്‍ പീനല്‍ കോഡില്‍ ഉഭയസമ്മതപ്രകാരമുള്ള ലൈംഗിക ബന്ധത്തിന് നിശ്ചയിച്ചിട്ടുള്ള പ്രായപരിധിയും ഇന്ത്യയില്‍ നിയമപ്രകാരമുള്ള വിവാഹ പ്രായവും തമ്മിലുള്ള അന്തരം ചൂണ്ടിക്കാട്ടപ്പെട്ടപ്പോഴാണ് സുപ്രിംകോടതി നിലപാട് അറിയിച്ചത്. ഭാര്യയായ പെണ്‍കുട്ടിക്ക് 15 വയസ് ആയിട്ടുണ്ടെങ്കില്‍ നടക്കുന്ന ലൈംഗികബന്ധം ബലാത്സംഗത്തിന്റെ പരിധിയില്‍ വരില്ലെന്ന് ഇന്ത്യന്‍ പീനല്‍ കോഡിലെ സെക്ഷന്‍ 375 -ല്‍ വ്യക്തമാക്കിയിട്ടുള്ളത് ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. 18 വയസ് പൂര്‍ത്തിയാകാത്ത തന്റെ ഭാര്യയുമായുള്ള ലൈംഗികബന്ധത്തിന് നിയമപരമായി അനുമതി നല്‍കണമെന്നും ഭാര്യയുമായുള്ള ലൈംഗികബന്ധത്തിന്റെ പേരില്‍ ലൈംഗികപീഡനത്തിന് കേസ് എടുത്തത് ഒഴിവാക്കണമെന്നുമാവശ്യപ്പെട്ടുള്ളതായിരുന്നു ഹര്‍ജി.

ഇന്ത്യയില്‍ ശൈശവ വിവാഹം ഇപ്പോഴും നടക്കുന്നുണ്ടെന്നും ഇത്തരം വിവാഹങ്ങളില്‍ ഭര്‍ത്താവിന് പലപ്പോഴും തുണയാകുന്നത് ഐപിസിയിലെ ഈ വകുപ്പാണെന്നും ഹര്‍ജിയെ എതിര്‍ത്ത് ഇന്റിപ്പെന്‍ഡന്റ് തോട്ട് എന്ന എന്‍ജിഒയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. അപ്പോഴാണ് കോടതി നിലപാട് വ്യക്തമാക്കിയത്.

സിആര്‍പിസിയില്‍ 2013 ല്‍ വരുത്തിയ ഭേദഗതിപ്രകാരം ലൈംഗികബന്ധത്തിന് സമ്മതം കൊടുക്കാനുള്ള പ്രായം 16 ല്‍ നിന്ന് 18 ആയി ഉയര്‍ത്തിയിരിക്കുന്നതായി അഭിഭാഷകനായ ഗൗരവ് അഗര്‍വാള്‍ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിലും പീനല്‍കോഡില്‍ ഭാര്യയുമായി ലൈംഗികബന്ധം പുലര്‍ത്താനുള്ള പ്രായപരിധി പെണ്‍കുട്ടിക്ക് 15 ആയി തുടരുന്നതിലെ വിരോധാഭാസം ചൂണ്ടിക്കാട്ടിയപ്പോഴാണ് കോടതി, ബാലവിവാഹം ലൈംഗികകുറ്റകൃത്യങ്ങള്‍ക്കുള്ള നിയമപരിരക്ഷയല്ലെന്ന് വ്യക്തമാക്കിയത്. തര്‍ക്കവിഷയമായ ഐപിസി 375 ലെ രണ്ടാം ഉപവകുപ്പ് ഭരണഘടനാ ചട്ടങ്ങളുടെ ലംഘനമാണെന്നും ഗൗരവ് അഗര്‍വാള്‍ ചൂണ്ടിക്കാട്ടി.

പലമാതാപിതാക്കളും തങ്ങളുടെ പെണ്‍മക്കളെ ലൈംഗികപീഡനങ്ങളില്‍ നിന്ന് രക്ഷപെടുത്താനുള്ള മാര്‍ഗമായി കണ്ട് പ്രായപൂര്‍ത്തിയാകുന്നതിനു മുന്‍പ് വിവാഹം കഴിപ്പിച്ച് അയക്കുന്ന നിര്‍ഭാഗ്യകരമായ പ്രവണത ഇന്ത്യയില്‍ തുടരുകയാണന്ന് ജസ്റ്റീസുമാരായ എംബി ലോകൂറിന്റെയും ദീപക് ഗുപ്തയുടെയും ബെഞ്ച് ചൂണ്ടിക്കാട്ടി. ഇത്തരം വിവാഹബന്ധങ്ങളില്‍ ഉണ്ടാകുന്ന കുഞ്ഞുങ്ങളുടെ കാര്യം കൂടി കണക്കിലെടുത്തുമാത്രമേ കോടതിക്ക് വിഷയത്തില്‍ ഇടപെടാനാകൂവെന്നും ബെഞ്ച് വ്യക്തമാക്കി. ഇന്ത്യന്‍ പാര്‍ലമെന്റാണ് ഭരണഘടാവിഷയത്തിലെയും ഐപിസിയിലെയും ഈ വൈരുദ്ധ്യങ്ങള്‍ ഒഴിവാക്കുന്ന വിഷയത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

DONT MISS
Top