ഇന്ത്യയിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ നാവിക നിയമപോരാട്ടത്തില്‍; സ്വന്തം ജോലി നിലനിര്‍ത്താന്‍

സാബി

വിശാഖപട്ടണം: ഇന്ത്യയിലെ ആദ്യ ട്രാന്‍സ്ജന്‍ഡര്‍ നാവിക സാബി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയതിനെ തുടര്‍ന്ന് ജോലി നിലനിര്‍ത്താനുള്ള നിയമ പോരാട്ടത്തിലാണ്. എംകെ ഗിരി എന്ന പേരില്‍ നാവികസേനയിലെ മറൈന്‍ എന്‍ജിനിയറിംഗ് വിഭാഗത്തില്‍ ഏഴ് വര്‍ഷം മുമ്പാണ് സാബി ജോലിയില്‍ പ്രവേശിച്ചത്. തന്നില്‍ സ്ത്രിത്വം വളരുന്നുണ്ടെന്ന് മനസിലാക്കിയ സാബി നാവികസേനയിലെ ഡോക്ടര്‍മാരോട് സഹായം അഭ്യാര്‍ത്ഥിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് 22 ദിവസത്തെ അവധിയെടുത്ത് ദില്ലിയിലെ സ്വകാര്യ ആശുപത്രിയില്‍ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തുകയായിരുന്നു.

ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സാബി തന്റെ ജീവിതം വിവരിക്കുന്നുണ്ട്. ലിംഗമാറ്റ ശസ്ത്രക്രിയയെ തുടര്‍ന്ന് വിശാഖപട്ടണം നാവികസേന താവളത്തിലെത്തിയ സാബിക്ക് മൂത്രനാളിയില്‍ അണുബാധ ബാധിച്ചതിനെ തുടര്‍ന്ന് ലിംഗം വെളിപ്പെടുത്താന്‍ നിര്‍ബന്ധിതയായി. തിരികയെത്തിയ സാബിയയെ എല്ലാവരും സ്ത്രീയായി പരിഗണിച്ച് തുടങ്ങിയെങ്കിലും സാബിയയെ പ്രവേശിപ്പിച്ചത് ഇരുപത്തിനാല് മണിക്കൂറും സൈനിക പുരുഷന്മാരുടെ കാവലുള്ള പുരുഷ വാര്‍ഡിലായിരുന്നു.

പിന്നീട് സാബിയെ ആറ് മാസക്കാലം മാനോരോഗ വാര്‍ഡില്‍ പ്രവേശിപ്പിക്കുകയും, മാനസികമായ പീഡിപ്പിക്കുകയും ചെയ്യുകയായിരുന്നു. കൂടാതെ ഡോക്ടര്‍മാര്‍ താന്‍ സൈനിക ജോലിക്ക് മാനസികമായി യോഗ്യയല്ലെന്നും വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു എന്നാണ് സാബി പറയുന്നത്. തുടര്‍ന്ന് തന്റെ നിലപാടില്‍ പതറാതെ നിന്ന സാബിയയെ ആഗസ്റ്റ് 12ന് ഡിസ്ചാര്‍ജ് ചെയ്യുകയായിരുന്നു.

അവസാനം നാവികസേന താവളത്തില്‍ തിരിച്ചെത്തിയ സാബിയുടെ കേസ് ഭാവി തീരുമാനങ്ങള്‍ക്കായി സേന പ്രതിരോധ മന്ത്രാലയത്തില്‍ അറിയിക്കുകയായിരുന്നു. തനിക്ക് കമാന്‍ഡിങ് ഓഫീസറോട് സംസാരിക്കണമെന്ന് അപേക്ഷിച്ചപ്പോള്‍ ഉദ്യോഗസ്ഥര്‍ നിരസിക്കുകയാണ് ചെയ്തത്. ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി സ്ത്രീയായ ഒരാള്‍ എങ്ങനെ ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമല്ലാതാവും എന്നാണ് സാബി ചോദിക്കുന്നത്. ഇന്ത്യന്‍ നാവികസേനയുടെ നിലവിലെ നയം അനുസരിച്ച് ട്രാന്‍സ്‌ജെന്‍ഡറുകളെ സേനയില്‍ എടുക്കില്ലെന്നാണ് സാബിയക്ക് ലഭിക്കുന്ന വിശദീകരണം.

എനിക്ക് സേനയില്‍ ജോലി ചെയ്യാനുള്ള സാമര്‍ഥ്യം നഷ്ടപ്പെട്ടിട്ടില്ലെന്നും, തന്റെ നിലപാടി ഉറച്ചു നില്‍ക്കുന്നു എന്നും, നീതി ലഭിക്കുന്നതിനായി താന്‍ സുപ്രിം കോടതിയില്‍ പോകുമെന്നുമാണ് സാബി പ്രതികരിക്കുന്നത്.

DONT MISS
Top