തമിഴ്നാട്ടിലെ രാഷ്ട്രീയ പ്രതിസന്ധി : നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പ് നടത്തുന്ന കാര്യത്തില്‍ ഇപ്പോള്‍ ഇടപെടാനാകില്ലെന്ന് ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു

ഗവര്‍ണര്‍ സി വിദ്യാസാഗര്‍ റാവു

ചെന്നൈ : തമിഴ്‌നാട് നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പ് നടത്തുന്ന കാര്യത്തില്‍ ഇപ്പോള്‍ ഇടപെടാനാകില്ലെന്ന് ഗവര്‍ണര്‍ സി വിദ്യാസാഗര്‍ റാവു. പ്രതിപക്ഷത്തെ നാലു പാര്‍ട്ടികള്‍ നല്‍കിയ നിവേദനത്തിന് മറുപടിയായാണ് ഗവര്‍ണര്‍ ഇക്കാര്യം വ്യക്തമാക്കിയത്. സിപിഐഎം, സിപിഐ, വിടുതലൈ ചിരുതൈ കച്ചി, ടിഎംഎംകെ എന്നീ കക്ഷികളുടെ നേതാക്കളാണ് ഗവര്‍ണര്‍ക്ക് സഭ വിളിച്ചു ചേര്‍ക്കണമെന്നും, മുഖ്യമന്ത്രി എടപ്പാടി പളനിസാമിയോട് വിശ്വാസ വോട്ട് തേടാന്‍ നിര്‍ദേശിക്കണമെന്നും ആവശ്യപ്പെട്ട് നിവേദനം നല്‍കിയത്.

സിപിഐഎം സംസ്ഥാന സെക്രട്ടറി ജി രാമകൃഷ്ണന്‍, സിപിഐ സംസ്ഥാന സെക്രട്ടറി മുത്തരസന്‍, വിടുതലൈ ചിരുതൈ കച്ചി നേതാവ് തിരുമാവളവന്‍, ടിഎംഎംകെ നേതാവ് എം എച്ച് ജവാഹിറുള്ള എന്നിവരാണ് നിവേദനത്തില്‍ ഒപ്പിട്ടിട്ടിരിക്കുന്നത്. നിവേദനം നല്‍കിയ പ്രതിപക്ഷ നേതാക്കള്‍, ഗവര്‍ണറുമായി സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു.

പ്രതിപക്ഷ നേതാക്കള്‍ നല്‍കിയ നിവേദനം

അതേസമയം എഐഎഡിഎംകെയിലെ 20 ഓളം എംഎല്‍എമാര്‍ വിമത സ്വരമുയര്‍ത്തുന്ന വിഷയത്തില്‍ ഇടപെടാനാകില്ലെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. എംഎല്‍എമാരെ എഐഎഡിഎംകെയില്‍ നിന്ന് പുറത്താക്കിയിട്ടില്ല. ഇവര്‍ മറ്റു പാര്‍ട്ടിയില്‍ ചേരുകയോ ചെയ്യാത്ത സാഹചര്യത്തില്‍ വിഷയത്തില്‍ ഇടപെടുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്ന് ഗവര്‍ണര്‍ അറിയിച്ചതായി കൂടിക്കാഴ്ചയ്ക്ക് ശേഷം വിടുതലൈ ചിരുതൈ കച്ചി നേതാവ് തിരുമാവളവന്‍ പറഞ്ഞു.

അതിനിടെ, തമിഴ്‌നാട്ടിലെ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായിരിക്കെ മുഖ്യമന്ത്രി എടപ്പാടി പളനിസാമിയോട് സഭയില്‍ വിശ്വാസവോട്ടെടുപ്പ് നടത്താന്‍ ഗവര്‍ണറോട് നിര്‍ദേശിക്കാന്‍ രാഷ്ട്രപതിയോട് അഭ്യര്‍ഥിക്കുമെന്ന് പ്രതിപക്ഷ നേതാവ് എം കെ സ്റ്റാലിന്‍ പറഞ്ഞു. വ്യാഴാഴ്ച രാഷ്ട്രപതി രാംനാഥ് കോവിന്ദുമായി കൂടിക്കാഴ്ച നടത്തുമെന്നും സ്റ്റാലിന്‍ അറിയിച്ചു.

ഓഗസ്റ്റ് 21 ന് ടി.ടി.വി. ദിനകരന്‍ പക്ഷത്തുള്ള 19 എംഎല്‍എമാര്‍ ഗവര്‍ണറെ കണ്ട് പളനിസാമി സര്‍ക്കാരില്‍ വിശ്വാസം നഷ്ടപ്പെട്ടെന്ന് അറിയിച്ചിരുന്നു. സഭ വിളിച്ചുചേര്‍ത്ത് മുഖ്യമന്ത്രി വിശ്വാസവോട്ട് തേടാന്‍ ആവശ്യപ്പെടണമെന്നും ദിനകരന്‍ പക്ഷം ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞദിവസം ചേര്‍ന്ന എഐഎഡിഎംകെ ഔദ്യോഗിക വിഭാഗം പാര്‍ട്ടി ജനറല്‍ സെക്രട്ടറി ശശികലയെയും ദിനകരനെയും പുറത്താക്കാന്‍ തീരുമാനമെടുക്കുകയും ചെയ്തിരുന്നു.

DONT MISS
Top