യുഎസ് ഓപ്പണ്‍: പ്രമുഖ താരങ്ങള്‍ മുന്നേറുന്നു, അട്ടിമറി കടന്ന് ഫെഡറര്‍ രണ്ടാം റൗണ്ടില്‍

ന്യുയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസിന്റെ ആദ്യ റൗണ്ടില്‍ പ്രമുഖ താരങ്ങള്‍ക്ക് മുന്നേറ്റം. 15 മാസത്തെ ഇടവേളയ്ക്ക് ശേഷം കളത്തിലിറങ്ങിയ മരിയ ഷറപ്പോവ ലോക രണ്ടാം നമ്പര്‍ സിമോണ ഹാലപ്പിനെ അട്ടിമറിച്ചു. പുരുഷ വിഭാഗത്തില്‍ അഞ്ച് വട്ടം ചാമ്പ്യനായ ഫെഡറര്‍ ആദ്യ റൗണ്ടില്‍ തോല്‍വിയില്‍ നിന്ന് കഷ്ടിച്ച് രക്ഷപെട്ട് രണ്ടാം റൗണ്ടില്‍ കടന്നു. വനിതാ വിഭാഗത്തില്‍ ഗര്‍ബിന്‍ മുഗുരസെ, വീനസ് വില്യംസ്, പെട്രാ ക്വിറ്റോവ, കരോളിന്‍ വോസ്‌നിയാക്കി, ഡൊമനിക്ക സിബുല്‍ക്കോവ എന്നിവരും ആദ്യ റൗണ്ടില്‍ വിജയം കരസ്ഥമാക്കി.

ഉത്തേജകമരുന്ന് ഉപയോഗത്തെ തുടര്‍ന്നുള്ള വിലക്കിന് ശേഷം കളത്തിലിറങ്ങിയ റഷ്യയുടെ മരിയ ഷറപ്പോവ തന്റെ ദിനം അവിസ്മരണീയമാക്കി. രണ്ടാം സീഡ് റൊമേനിയയുടെ സിമോണ ഹാലപിനെ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് റഷ്യന്‍ സുന്ദരി തുരത്തിയത്. സ്‌കോര്‍ 6-4, 4-6, 6-4. മത്സരം രണ്ട് മണിക്കൂറും 44 മിനിട്ടും നീണ്ടുനിന്നു. ഇരുവരും തമ്മിലുള്ള ഏഴാമത്തെ പോരാട്ടമായിരുന്നു ഇത്. തന്റെ വിജയ റെക്കോര്‍ഡ് 7-0 ആയി ഉയര്‍ത്താനും കഴിഞ്ഞ ദിവസത്തെ വിജയത്തോടെ ഷറപ്പോവയ്ക്ക് കഴിഞ്ഞു. അമേരിക്കയുടെ വെറ്ററന്‍ താരം വീനസ് വില്യംസ് സ്ലൊവാക്യയുടെ വിക്ടോറിയ തുസ്‌മോവയെയും (6-3, 3-6, 6-2) കരോളിന്‍ വോസ്‌നിയാക്കി മിഹേല ബുസാര്‍നെസ്‌കുവിനെയും (6-1, 7-5) തോല്‍പ്പിച്ചു.

പുരുഷ വിഭാഗത്തില്‍ മൂന്നാം സീഡ് സ്വിസ് താരം റോജര്‍ ഫെഡറര്‍ ആദ്യ റൗണ്ടില്‍ അട്ടിമറിയുടെ വക്കില്‍ നിന്നാണ് വിജയം പിടിച്ചെടുത്തത്. അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു ഫെഡറര്‍ അമേരിക്കയുടെ ഫ്രാന്‍സ് ടിയാഫോയെ പരാജയപ്പെടുത്തിയത്. സ്‌കോര്‍ 4-6, 6-2, 6-1, 1-6, 6-4. 2000 ല്‍ യുഎസ് ഓപ്പണില്‍ തുടക്കം കുറിച്ച ശേഷം ഇതാദ്യമായാണ് ഫ്‌ലെഷിംഗ് മെഡോയിലെ ആദ്യ റൗണ്ടില്‍ സ്വിസ് താരത്തിന് അഞ്ച് സെറ്റ് മത്സരം കളിക്കേണ്ടി വന്നത്. അതേസമയം, ലോക ഒന്നാം നമ്പര്‍ സ്‌പെയിനിന്റെ റഫേല്‍ നദാല്‍ അനായാസ വിജയത്തോടെ രണ്ടാം റൗണ്ടില്‍ കടന്നു. സെര്‍ബിയയുടെ ഡുസാന്‍ ലജോവികിനെയാണ് നദാല്‍ എതിരില്ലാത്ത സെറ്റുകള്‍ക്ക് തോല്‍പ്പിച്ചത്. സ്‌കോര്‍ 7-6, 6-2, 6-2.

DONT MISS
Top