മഹാരാഷ്ട്രയില്‍ ട്രെയിനപകടം: തുരന്തോ എക്‌സ്പ്രസ് പാളം തെറ്റി

മുംബൈ : നാഗ്പൂര്‍-മുംബൈ തുരന്തോ എക്‌സ്പ്രസ് ട്രെയിന്‍ പാളം തെറ്റി. മഹാരാഷ്ട്രയിലെ കല്യാണിന് സമീപം അസാന്‍ഗോണിലാണ് അപകടം. ആളപായമില്ലെന്ന് റെയില്‍വേ അറിയിച്ചു.

വാസിന്‍ഡിനും അസാന്‍ഗാവിനും മധ്യേ തിത്വാല സ്റ്റേഷന് സമീപമാണ് അപകടമുണ്ടായത്. എഞ്ചിനും ഒമ്പത് ബോഗികളുമാണ് പാളം തെറ്റിയത്.


രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് സെന്‍ട്രല്‍ റെയില്‍വേ പിആര്‍ഒ അറിയിച്ചു. പെട്ടെന്നുണ്ടായ മണ്ണിടിച്ചിലാണ് അപകട കാരണമെന്നും, ഡ്രൈവര്‍ എമര്‍ജന്‍സി ബ്രേക്കിട്ടതുകൊണ്ടാണ് വന്‍ അപകടം ഒഴിവായതെന്നും അദ്ദേഹം അറിയിച്ചു.


യുപിയിലെ ഔറിയ ജില്ലയില്‍ കഫിയത്ത് ട്രെയിന്‍ പാളം തെറ്റിയതിന് ഏതാനും ദിവസങ്ങള്‍ക്കകമാണ് പുതിയ അപകടമുണ്ടാകുന്നത്. അപകടത്തില്‍ 23 പേര്‍ക്ക് പരുക്കേറ്റിരുന്നു. ഈ മാസം 19 ന് മുസഫര്‍നഗറില്‍ കലിംഗ-ഉത്കല്‍ ട്രെയിന്‍ പാളം തെറ്റി 22 പേര്‍ മരിച്ചിരുന്നു.

DONT MISS
Top