‘ചുണ്ട് മുറിക്കണമെന്നായിരുന്നു അടുത്ത ചലഞ്ച്’; സോഷ്യല്‍ മീഡിയയുടെ ഇടപെടല്‍ മൂലം ‘ബ്ലൂ വെയിലി’ല്‍ നിന്നും രക്ഷപ്പെട്ട എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി പറയുന്നു

കൊല്‍ക്കത്ത: സോഷ്യല്‍ മീഡിയയുടെ അവസരോചിതമായ ഇടപെടല്‍ മൂലം കൊലയാളി ഗെയിം ‘ബ്ലൂ വെയിലി’ല്‍ നിന്നും രക്ഷപ്പെട്ടിരിക്കുകയാണ് ഒരു എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി. കൊല്‍ക്കത്തയിലാണ് സംഭവം. എട്ട് ഘട്ടങ്ങള്‍ വരെ വിദ്യാര്‍ത്ഥി പൂര്‍ത്തിയാക്കിയിരുന്നു. വാട്‌സ് ആപ്പിലും മറ്റും ബ്ലൂ വെയില്‍ സംബന്ധിച്ച മുന്നറിയിപ്പുകള്‍ വന്നതോടെ മരണക്കളിയില്‍ നിന്നും വിദ്യാര്‍ത്ഥി പിന്മാറുകയായിരുന്നു.

മൂന്നാം വര്‍ഷ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയാണ് ബ്ലൂ വെയിലില്‍ നിന്നും രക്ഷപ്പെട്ടത്. എട്ടാം ഘട്ടം വരെ വിദ്യാര്‍ത്ഥി വിജകരമായി പൂര്‍ത്തിയാക്കിയിരുന്നു. കൈയില്‍ ബ്ലെയിഡ് ഉപയോഗിച്ച് തിമിംഗലത്തിന്റെ ചിത്രം വരയ്ക്കാനായിരുന്നു അഡ്മിന്‍ ആവശ്യപ്പെട്ടത്. ഇതനുസരിച്ച് വിദ്യാര്‍ത്ഥി കൈയില്‍ തിമിംഗലത്തെ വരയ്ക്കുകയും ചെയ്തു. പൊലീസ് ഇത് സ്ഥിരീകരിച്ചിട്ടുണ്ട്. ഒന്‍പതാമത്തെ ചലഞ്ചായി അഡ്മിന്‍ ആവശ്യപ്പെട്ടത് ചുണ്ട് ബ്ലെയ്ഡ് ഉപയോഗിച്ച് കീറാനായിരുന്നു. ഇതിനിടെ വാട്‌സ് ആപ്പ്, ഫെയ്‌സ്ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനുകളില്‍ ബ്ലൂ വെയില്‍ കളിക്കുന്നത് സംബന്ധിച്ച് മുന്നറിയിപ്പുകള്‍ വന്നു തുടങ്ങി. ഇത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് വിദ്യാര്‍ത്ഥി കളിയില്‍ നിന്നും പിന്മാറുകയായിരുന്നു.

വിദ്യാര്‍ത്ഥിയുടെ കൈയിലെ ചിത്രം ശ്രദ്ധയില്‍പ്പെട്ട സുഹൃത്തുക്കള്‍ അധ്യാപകരെ വിവരമറിയിച്ചു. അധ്യാപകര്‍ രജിസ്റ്റര്‍ തപസ് സതപതിയെ കാര്യം ബോധിപ്പിച്ചു. പശ്ചിമ ബംഗാള്‍ പൊലീസ് വിഭാഗത്തിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം ഇടപെട്ട് സോഷ്യല്‍ മീഡിയയില്‍ ക്യാമ്പെയ്ന്‍ ആരംഭിച്ചു. ഇത് തന്റെ ശ്രദ്ധയില്‍പ്പെട്ടതോടെ കാര്യത്തിന്റെ ഗൗരവം ബോധ്യമായി. പൊലീസിനെ താന്‍ ഫോണ്‍ വിളിക്കുകയും മാതാപിതാക്കളെ വിവരമറിയിക്കുകയായിരുന്നുവെന്നും വിദ്യാര്‍ത്ഥി പറഞ്ഞു.

വൈകുന്നതിന് മുന്‍പ് കളിയില്‍ നിന്നും പിന്മാറുകയാണ് വേണ്ടതെന്ന സന്ദേശമാണ് സുഹൃത്തുക്കള്‍ക്ക് തനിക്ക് നല്‍കാനുള്ളതെന്ന് വിദ്യാര്‍ത്ഥി പറയുന്നു. ബ്ലൂ വെയില്‍ ഒരു ഗെയിമല്ല. വെല്ലുവിളികള്‍ നല്‍കി ഒരിക്കലും കരകയറാന്‍ സാധിക്കാത്ത സ്ഥലത്ത് എത്തിക്കുകയാണ് അഡ്മിന്‍ ചെയ്യുന്നത്. ആത്മഹത്യക്ക് പ്രേരിപ്പിക്കുന്നു. അവരുടെ പ്രേരണക്ക് മുന്നില്‍ നാം വഴങ്ങിപ്പോകുമെന്നും വിദ്യാര്‍ത്ഥി പറയുന്നു. തന്റെ ജീവന്‍ തിരിച്ചു നല്‍കിയ സുഹൃത്തുക്കള്‍ക്കും അധ്യാപകര്‍ക്കും സിഐഡി വിഭാഗത്തിനും വിദ്യാര്‍ത്ഥി നന്ദി പറഞ്ഞു.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച മാതാപിക്കള്‍ക്കൊപ്പം വിദ്യാര്‍ത്ഥിക്ക് പ്രേത്യേക കൗണ്‍സലിങ് നല്‍കിയിരുന്നു. പൊലീസിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു ഇത്. ശനിയാഴ്ച മുന്നറിയിപ്പ് നല്‍കിക്കൊണ്ടുള്ള ഒരു വീഡിയോ സിഐഡി വിഭാഗം ഫെയ്‌സ്ബുക്കില്‍ പോസ്റ്റു ചെയ്യുകയും ചെയ്തു.

അതിനിടെ ഉത്തര്‍പ്രദേശില്‍ ബ്ലൂവെയില്‍ ഗെയിമിന് അടിമയായ വിദ്യാര്‍ത്ഥികൂടി ജീവനൊടുക്കി. 13 വയസുകാരനായ പാര്‍ത്ഥ് സിംഗ് എന്ന ആറാം ക്ലാസുകാരനാണ് ജീവനൊടുക്കിയത്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് കുട്ടി ബ്ലൂവെയില്‍ കളിക്കുന്നത് മാതാപിതാക്കളുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു ഇതേത്തുടര്‍ന്ന് മാതാപിതാക്കള്‍ കുട്ടിയേ ശാസിക്കുകയും ഗെയിം കളിക്കരുതെന്ന് പറയുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് പിതാവ് സ്ഥലത്തില്ലാത്തപ്പോള്‍ അദ്ദേഹത്തിന്റെ മൊബൈലില്‍ നിന്ന് കുട്ടി ഗെയിം കളിക്കുന്നത് തുടര്‍ന്നു.

ഞായറാഴ്ച രാത്രി കുട്ടി മുറിയില്‍ കയറി വാതിലടച്ചു. ഏറെ നേരമായിട്ടും മകനെ പുറത്തേക്ക് കാണാഞ്ഞതിനേത്തുടര്‍ന്ന് പിതാവ് വാതില്‍ തള്ളിത്തുറന്ന് അകത്ത് കടന്നപ്പോഴാണ് കുട്ടു മരിച്ചു കിടക്കുന്നത് കണ്ട്ത്. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സൈബര്‍ വിഭാഗം പ്രത്യേകമായി കേസ് അന്വേഷിക്കുന്നുണ്ട്.

DONT MISS
Top