എഐഎഡിഎംകെയില്‍ നിന്നും ശശികലയെയും ദിനകരനെയും പുറത്താക്കാന്‍ തീരുമാനം; ജനറല്‍ കൗണ്‍സില്‍ ഉടന്‍ വിളിച്ചുചേര്‍ക്കാന്‍ എഐഎഡിഎംകെ നേതൃയോഗത്തില്‍ ധാരണ

ചെന്നൈ : തമിഴ് നാട്ടിലെ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുന്നു. അണ്ണാ ഡിഎംകെയില്‍ നിന്നും ജനറല്‍ സെക്രട്ടറി വി കെ ശശികലയെയും ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ടിടിവി ദിനകരനെയും പുറത്താക്കാന്‍ മുഖ്യമന്ത്രി എടപ്പാടി പളനിസാമിയും ഉപമുഖ്യമന്ത്രി ഒ പനീല്‍സെല്‍വവും വിളിച്ചുചേര്‍ത്ത എഐഎഡിഎംകെ നേതൃയോഗത്തില്‍ തീരുമാനിച്ചു. ഇതിനായി ഉടന്‍ തന്നെ പാര്‍ട്ടി ജനറല്‍ കൗണ്‍സില്‍ യോഗം വിളിച്ചുചേര്‍ക്കാനും യോഗത്തില്‍ ധാരണയായി.


ടിടിവി ദിനകരന്‍ അടുത്തിടെ നടത്തിയ നിയമനങ്ങളെല്ലാം നിയമവിരുദ്ധമാണെന്ന് യോഗത്തില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ പറയുന്നു. ഇതടക്കം നാലു പ്രമേയങ്ങളാണ് എഐഎഡിഎംകെ യോഗം അംഗീകരിച്ചത്. ദിനകരന്‍ പക്ഷത്തിന്റെ കൈവശമുള്ള പാര്‍ട്ടി പത്രം നമദു എംജിആര്‍, ജയ ടിവി എന്നിവ ഏറ്റെടുക്കാനാണ് എഐഎഡിഎംകെ നേതൃയോഗം തീരുമാനിച്ചത്.


അതേസമയം വിമതപക്ഷത്തിന് കരുത്തേകി മുഖ്യമന്ത്രി പളനിസാമി വിളിച്ച പാര്‍ട്ടി എംഎല്‍എമാരുടെ യോഗത്തില്‍ നിന്നും 40 എംഎല്‍എമാര്‍ വിട്ടു നിന്നു. ഇത് ഇപിഎസ്-ഒപിഎസ് പക്ഷത്തിന് കനത്ത തിരിച്ചടിയാണ്.

എടപ്പാടി പളനിസാമിയും പനീര്‍സെല്‍വവും ലയിച്ചശേഷം നടക്കുന്ന ആദ്യയോഗമാണ് ചെന്നൈ റോയപ്പേട്ടയില്‍ നടന്നത്. അപ്രതീക്ഷിതമായി 40 എംഎല്‍എമാര്‍ വിട്ടുനിന്നതോടെ മുഖ്യമന്ത്രി എടപ്പാടി പളനിസാമി സര്‍ക്കാര്‍ കടുത്ത ഭീഷണിയിലായി. ഇന്നത്തെ യോഗത്തോടെ സര്‍ക്കാരിനെ പിന്തുണയ്ക്കുന്നത് 90 എംഎല്‍എമാര്‍ മാത്രമാണെന്നാണ് വ്യക്തമാകുന്നത്. അതേസമയം 17 എംഎല്‍എമാര്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല.

വിമതരായ 21 എംഎല്‍എമാരെ ടിടിവി ദിനകരന്‍ പക്ഷം പുതുച്ചേരിയിലെ റിസോര്‍ട്ടിലേക്ക് മാറ്റിയിരുന്നു. ഇവരടക്കം 23 എംഎല്‍എമാര്‍ ദിനകരനൊപ്പമുണ്ടെന്നാണ് സൂചന. എന്നാല്‍ യോഗത്തിലേക്ക് തങ്ങളെ ക്ഷണിച്ചിട്ടില്ലെന്ന് പുതുച്ചേരിയില്‍ റിസോര്‍ട്ടിലുള്ള വിമത എംഎല്‍എ തങ്ക തമിഴ്‌സെല്‍വന്‍ പറഞ്ഞു. തങ്ങള്‍ ഡിഎംകെക്കാരാണോ എന്നും അദ്ദേഹം ചോദിച്ചു.

ഗവര്‍ണര്‍ ഉടന്‍ നിയമസഭ വിളിച്ചുചേര്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇല്ലെങ്കില്‍ പ്രശ്‌നത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിയെ സമീപിക്കുമെന്നും തങ്കതമിഴ് സെല്‍വന്‍ അറിയിച്ചു.

DONT MISS
Top