പ്രതിമാസം ശരാശരി 5,000 തൊഴില്‍ നിയമ ലംഘനങ്ങള്‍ നടക്കുന്നു; ഫോണിലൂടെയോ മൊബൈല്‍ ആപ്ലിക്കേഷനിലൂടെയോ അറിയിക്കണമെന്ന് സൗദി

പ്രതീകാത്മക ചിത്രം

സൗദി അറേബ്യയിലെ ഒന്നര ലക്ഷം സ്വകാര്യ സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയതായി തൊഴില്‍ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ 13 പ്രവിശ്യകളിലുമുളള തൊഴില്‍ മന്ത്രാലയം ശാഖകളിലെ ഉദ്യോഗസ്ഥര്‍ 10 മാസത്തിനിടെയാണ് ഇത്രയും പരിശോധന പൂര്‍ത്തിയാക്കിയതെന്നും മന്ത്രാലയം വ്യക്തമാക്കി.

സ്വകാര്യ സ്ഥാപനങ്ങളില്‍ മാസം ശരാശരി 5,000 തൊഴില്‍ നിയമ ലംഘനങ്ങളാണ് തൊഴില്‍ മന്ത്രാലയം കണ്ടെത്തുന്നത്. ഗുരുതരമായ ക്രമക്കേടുകള്‍ തൊഴില്‍ മന്ത്രാലയത്തിന്റെ പ്രത്യേക സമിതിക്ക് കൈമാറും. മറ്റുളള നിയമ ലംഘനങ്ങള്‍ക്ക് അന്വേഷണ സംഘം പിഴ ചുമത്തുകയും മുന്നറിയിപ്പ് നോട്ടീസ് നല്‍കുകയും ചെയ്യും.

1.41 ലക്ഷം സ്വകാര്യ സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനകളില്‍ 52,898 തൊഴില്‍ നിയമ ലംഘനങ്ങള്‍ കണ്ടെത്തി. നിയമ ലംഘനങ്ങള്‍ 19911 നമ്പറില്‍ കോള്‍ സെന്ററില്‍ അറിയിക്കണമെന്ന് തൊഴില്‍, സാമൂഹിക വികസനകാര്യ മന്ത്രാലയം അറിയിച്ചു.

മന്ത്രാലയം പുറത്തിറക്കിയ ആപ്ലിക്കേഷന്‍ വഴിയും തൊഴില്‍ നിയമ ലംഘനങ്ങള്‍ അറിയിക്കാന്‍ അവസരം ഉണ്ട്. നിയമ ലംഘനം സംബന്ധിച്ച് വിവരം നല്‍കുന്നവര്‍ക്ക് തൊഴില്‍ മന്ത്രാലയം പാരിതോഷികം നല്‍കുമെന്ന് തൊഴില്‍ മന്ത്രാലയം വക്താവ് ഖാലിദ് അബല്‍ഖൈല്‍ പറഞ്ഞു. നിയമ ലംഘകരില്‍ നിന്ന് ഈടാക്കുന്ന പിഴ സംഖ്യയുടെ പത്ത് ശതമാനമാണ് പാരിതോഷികമായി സമ്മാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

DONT MISS
Top