“റോക്കറ്റുകള്‍ രാമന്റെ അമ്പുപോലെ; മലകള്‍ ഉയര്‍ത്തിക്കൊണ്ട് പോകാവുന്ന സാങ്കേതിക വിദ്യയും അക്കാലത്തുണ്ടായിരുന്നു”, ഐഎസ്ആര്‍ഒ ഉദ്യോഗസ്ഥനെ സാക്ഷിയാക്കി ‘ആര്‍ഷഭാരത’ എഞ്ചിനീയറിംഗിനെ പ്രകീര്‍ത്തിച്ച് ഗുജറാത്ത് മുഖ്യമന്ത്രി

വിജയ് രൂപാണി

ഇന്ത്യയുടെ അഭിമാനമായ ബഹിരാകാശ ഏജന്‍സി ഐഎസ്ആര്‍ഒയുടെ റോക്കറ്റുകളെ രാമന്റെ അമ്പുകളേപ്പോലെ എന്ന് വിശേഷിപ്പിച്ച് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി. ഐഎസ്ആര്‍ഒ സ്‌പേസ് ആപ്ലിക്കേഷന്‍ ഡയറക്ടര്‍ തമന്‍ മിശ്രയെ സാക്ഷിയാക്കിയായിരുന്നു ഗുജറാത്ത് മുഖ്യമന്ത്രിയുട ഈ വിചിത്ര താരതമ്യം. ഐഐടിആര്‍എം വിദ്യാര്‍ത്ഥികളോടാണ് മന്ത്രി യാതൊരു മടിയുമില്ലാതെ ഇത്തരത്തിലുള്ള മണ്ടത്തരങ്ങള്‍ വിളിച്ചുപറഞ്ഞതെന്നതും ശ്രദ്ധേയമായി.

ആര്‍ഷ ഭാരത എഞ്ചിനീയറിംഗ് മികവിനെ രാമായണ കഥയുമായി ബന്ധിപ്പിച്ച് കത്തിക്കയറിയ രൂപാണി വിദ്യാര്‍ത്ഥികള്‍ കൈയ്യടിച്ചതിനനുസരിച്ച് ആവേശം കൊണ്ട് കൂടുതല്‍ കാര്യങ്ങള്‍ പറഞ്ഞു. രാമന്‍ അന്ന് ചെയ്തതാണ് ഐഎസ്ആര്‍ഒ ഇന്ന് ചെയ്യുന്നത്. ഇന്ത്യയേയും ശ്രീലങ്കയേയും ബന്ധിപ്പിച്ച് രാമസേതു ഉണ്ടാക്കാന്‍ സാധിച്ചുവെങ്കില്‍ എത്ര മഹത്തരമായിരിക്കും അന്നത്തെ എഞ്ചിനീയറിംഗ് എന്നും അദ്ദേഹം ചോദിച്ചു.

“അണ്ണാറക്കണ്ണന്മാര്‍ പോലും രാസേതു നിര്‍മാണത്തിന് സഹകരിച്ചു. രാമസേതുവിന്റെ അവശിഷ്ടങ്ങള്‍ ഇപ്പോഴും കടലില്‍ കണ്ടേക്കും”, രൂപാണി പറഞ്ഞു.

ലക്ഷ്മണന്‍ ബോധരഹിതനായപ്പോള്‍ വടക്കുനിന്നുള്ള ഒരു ഔഷധത്തിന് അദ്ദേഹത്തെ രക്ഷിക്കാന്‍ കഴിയുമെന്ന് രാമന് മനസിലായി. അത് അക്കാലത്തെ ഗവേഷണത്തിന്റെ ഫലമായി ഉണ്ടായതാണ്. ഹനുമാന്‍ ഒരു മല മുഴുവനായിട്ടാണ് കൊണ്ടുവന്നത്. ഒരു മല മുഴുവനായി ഉയര്‍ത്താന്‍ സാധിക്കുന്ന അക്കാലത്തെ സാങ്കേതിക വിദ്യയെയാണ് ഇത് സൂചിപ്പിക്കുന്നത്. വിജയ് രൂപാണി വിശദീകരിച്ചു.

ഗുജറാത്ത് മുഖ്യമന്ത്രിയുടെ ഈ പ്രസ്താവനകളെത്തുടര്‍ന്ന് വലിയ കളിയാക്കലുകളാണ് അദ്ദേഹത്തിനെതിരായി ഉയരുന്നത്. സോഷ്യല്‍ മീഡിയയില്‍ നിരവധി ട്രോളുകളും ഈ വിഷയത്തിലുണ്ടായി.

DONT MISS
Top