ക്യാന്‍സര്‍ വന്നത് പുക വലിച്ചതു കൊണ്ടാണെന്ന് ഡോക്ടര്‍മാര്‍; കലി കയറിയ യുവാവ് വലിക്കാന്‍ പഠിപ്പിച്ച സുഹൃത്തിനെ വെടി വെച്ചു കൊന്നു

ദില്ലി: പുകവലി ശീലമാക്കിയതിനെത്തുടര്‍ന്ന് ക്യാന്‍സര്‍ ബാധിച്ച ഇരുപത്തഞ്ച്കാരന്‍ പുകവലിക്കാന്‍ പഠിപ്പിച്ച സുഹൃത്തിനെ വെടിവെച്ചു കൊന്നു. പടിഞ്ഞാറന്‍ ദില്ലിയിലാണ് സംഭവം. മുസ്തകീം അഹമ്മദെന്ന യുവാവാണ് സുഹൃത്തിനെ വെടിവെച്ചു കൊന്നത്. സുഹൃത്തിനെ കൊല്ലാന്‍ വേണ്ടി തോക്ക് വാങ്ങിയ അഹമ്മദ് കൊലപാതകത്തിന് മുന്‍പ് നിരവധി തവണ നിറയൊഴിച്ച് പരിശീലിച്ചിരുന്നതായി പൊലീസിനോട് വെളിപ്പെടുത്തി.

അഹമ്മദിന്റെ ഭാര്യാ സഹോദരന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലിലാണ് അഹമ്മദും കൊല്ലപ്പെട്ട സുഹൃത്ത് ഇനായത്തും ജോലി ചെയ്തിരുന്നത്. അഹമ്മദ് തന്നെയാണ് സുഹൃത്തിന് ജോലി വാങ്ങി നല്‍കിയത്. ജോലിയില്‍ മിടുക്കനായിരുന്നതിനാല്‍ ഇനായത്തിനോട് ഹോട്ടല്‍ ഉടമസ്ഥന് പ്രത്യേക താല്‍പര്യമുണ്ടായിരുന്നു. ഇത് അഹമ്മദിനെ അസ്വസ്ഥനാക്കിയിരുന്നുവെന്ന് ഡിസിപി ശിബേഷ് സിംഗ് പറഞ്ഞു.

ഇതിനിടെ ഇനായത്തിനെ അനുകരിച്ച് അഹമ്മദ് പുകവലിയും കഞ്ചാവ് ഉപയോഗവും ശീലമാക്കിയിരുന്നു. പിന്നീട് തൊണ്ടയില്‍ ഇന്‍ഫെക്ഷന്‍ അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയ അഹമ്മദിന് തൊണ്ടില്‍ ക്യാന്‍സര്‍ ആണെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. പുകവലിയാണ് ക്യാന്‍സറിന് കാരണമെന്ന് അറിഞ്ഞതോടെ അഹമ്മദിന് പുകവലിക്കാന്‍ പഠിപ്പിച്ച ഇനായത്തിനോടുള്ള പക വര്‍ദ്ധിച്ചെന്നും ഡിസിപി വ്യക്തമാക്കി.

പിന്നീട് മോശം പ്രകടനത്തെത്തുടര്‍ന്ന് അഹമ്മദിനെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടിരുന്നു. ഇതും ഇനായത്തിനോടുള്ള പക വര്‍ദ്ധിപ്പിക്കാന്‍ ഇടയാക്കി. ഇനായത്തിനെയും പിരിച്ചു വിടണമെന്ന് ഹോട്ടല്‍ ഉടമയോട് ആവശ്യപ്പെട്ടെങ്കിലും അയാള്‍ അത് അംഗീകരിച്ചില്ല. ഇതേത്തുടര്‍ന്നാണ് അഹമ്മദ് ഇനായത്തിനെ വെടിവെച്ചു കൊല്ലാന്‍ തീരുമാനിച്ചത്.

വാക്കുതര്‍ക്കത്തിനൊടുവില്‍ ഇനായത്തിന് നേരെ നിറയൊഴിച്ച അഹമ്മദ് സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇനായത്തിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒളിവില്‍ പോയ ശേഷം പിന്നീട് ഉത്തംനഗറിലെ ബന്ധുവിന്റെ വീട്ടില്‍ പണം വാങ്ങാന്‍ എത്തിയ അദമ്മദിനെക്കുറിച്ച് രഹസ്യ വിവരം കിട്ടിയ പൊലീസ് സ്ഥലത്തെത്തി അഹമ്മദിനെ കീഴ്‌പ്പെടുത്തുകയായിരുന്നു.

DONT MISS
Top