സുവര്‍ണ നേട്ടത്തിനരികെ; പി വി സിന്ധു ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍

പി വി സിന്ധു

ഗ്ലാസ്‌ഗോ : ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് നിറമേകി പി വി സിന്ധു ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ കടന്നു. ചൈനയുടെ ചെന്‍ യൂഫെയിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പ്പിച്ചാണ് സിന്ധു ഫൈനലില്‍ കടന്നത്. ലോക ചാമ്പ്യന്‍ഷിപ്പില്‍ രണ്ട് തവണ സെമി കളിച്ചിട്ടുള്ള സിന്ധുവിന്റെ ആദ്യ ഫൈനല്‍ പ്രവേശമാണിത്. സ്‌കോര്‍ 21-13, 21-10

കേവലം രണ്ടു സെറ്റുകള്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒളിമ്പിക്‌സ് വെള്ളിമെഡല്‍ ജേതാവായ സിന്ധുവിന്റെ വിജയം. മല്‍സരത്തിന്റെ ഒരുഘട്ടത്തിലും യൂഫെയി സിന്ധുവിന് വെല്ലുവിളിയായിരുന്നില്ല. 48 മിനുട്ടിനകം ലോക ജൂനിയര്‍ ചാമ്പ്യനായ യൂഫെയി സിന്ധുവിനോട് അടിയറവ് സമ്മതിച്ചു.

ജപ്പാന്റെ നൊസോമി ഒകുഹരയാണ് ഫൈനലില്‍ സിന്ധുവിന്റെ എതിരാളി. സെമിയില്‍ ഇന്ത്യയുടെ സൈന നേഹ്‌വാളിനെ പരാജയപ്പെടുത്തിയാണ് ഒകുഹര കലാശപ്പോരാട്ടത്തിന് അര്‍ഹത നേടിയത്. സെമിയില്‍ പുറത്തായെങ്കിലും സൈനയ്ക്ക് വെങ്കല മെഡല്‍ ലഭിക്കും.

DONT MISS
Top