കേരളത്തിലെ അഗ്നിരക്ഷാ സേന ഇനി ഊടുവഴികളിലൂടെയും കുതിക്കും; 30 മിനി ഫയര്‍എഞ്ചിനുകള്‍ വാങ്ങി

പ്രതീകാത്മക ചിത്രം

കേരളത്തിലെ അഗ്നിരക്ഷാ സേനയ്ക്ക് ഇനി എത് ഊടുവഴികളിലൂടെയും സഞ്ചരിക്കാം. 30 പുതിയ ഫയര്‍ എഞ്ചിനുകള്‍ സേനയുടെ ഭാഗമായിക്കഴിഞ്ഞു. വലിപ്പത്തില്‍ ചെറുതായ ഈ ഫയര്‍ എഞ്ചിനുകള്‍ കൂടുതല്‍ പ്രയോജനപ്രദവും പ്രായോഗികവുമാണ്. തീപിടുത്തമുണ്ടായ കെട്ടിടങ്ങളുടെ തൊട്ടടുത്തേക്ക് എത്തുവാന്‍ സാധിക്കും എന്നതാണ് ഇവയുടെ പ്രത്യേകത.

കെട്ടിടങ്ങള്‍ തിങ്ങിനിറഞ്ഞ സ്ഥലങ്ങളില്‍ എത്തിച്ചേരാന്‍ ഫയര്‍ എഞ്ചിനുകള്‍ ബുദ്ധിമുട്ടുകള്‍ നേരിടുമ്പോള്‍ വളരെയകലെ നിര്‍ത്തിയതിനുശേഷം അവിടെ നിന്ന് ഹോസ്‌പൈപ്പുകളുപയോഗിച്ച് തീപിടുത്തമുണ്ടായ സ്ഥലത്തേക്ക് വെള്ളം എത്തിക്കുന്നതായിരുന്നു പതിവ് രീതി. എന്നാല്‍ പുതിയ ഫയര്‍ എഞ്ചിനുകള്‍ക്ക് ഏത് ഇടുങ്ങിയ വഴിയിലൂടെയും മുന്നോട്ട് കുതിക്കും. മാത്രമല്ല മോശം റോഡുകളും ഇവയ്ക്കുമുന്നില്‍ കീഴടങ്ങും.

500 ലിറ്റര്‍ വെള്ളമാണ് ഇവ വഹിക്കുക. താരതമ്യേന കുറഞ്ഞ അളവാണിതെങ്കിലും വെള്ളം ചീറ്റിക്കുന്നതിനുപകരം മികച്ച സാങ്കേതിക വിദ്യ ഉപയോഗിച്ച് മഞ്ഞുപെയ്യുന്നതുപോലെ വ്യാപ്തിയില്‍ വെള്ളമെത്തിക്കാന്‍ കഴിയുന്നതുമൂലം തീപിടുത്തം കാര്യക്ഷമമായി നിയന്ത്രിക്കാന്‍ സാധിക്കും.

തെരഞ്ഞെടുത്ത 30 അഗ്നിസുരക്ഷാ ഓഫീസുകളിലാണ് ആദ്യഘട്ടത്തില്‍ വാഹനമെത്തുക. ഇവയുടെ പ്രവര്‍ത്തനെ തൃപ്തികരമാണോ എന്ന് നിരീക്ഷിച്ചാകും പിന്നീട് ഇവ വാങ്ങണോ എന്ന് വിലയിരുത്തുക. ഡ്രൈവറുള്‍പ്പെടെ 5 പേര്‍ക്ക് ഈ ഫയര്‍ എഞ്ചിനില്‍ സഞ്ചരിക്കാം.

DONT MISS
Top